അസമിൽ രണ്ട് രാത്രികളിലായി ശൈശവ വിവാഹത്തിനെതിരെ ഓപ്പറേഷൻ; 416 അറസ്റ്റ്, 335 കേസുകൾ
Mail This Article
ദിസ്പുർ∙ അസമിൽ ശൈശവ വിവാഹത്തിനെതിരായ ഓപ്പറേഷനിൽ 416 പേർ അറസ്റ്റിൽ. സംസ്ഥാന വ്യാപകമായി നടന്ന ദൗത്യത്തിലാണു ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. 335 കേസുകൾ പൊലീസ് റജിസറ്റർ ചെയ്തു. ‘‘ശൈശവ വിവാഹത്തിനെതിരായ പോരാട്ടം അസം തുടരുന്നു. ഡിസംബർ 21-22 രാത്രികളിൽ നടന്ന മൂന്നാം ഘട്ട ഓപ്പറേഷനുകളിൽ 416 അറസ്റ്റുകൾ രേഖപ്പെടുത്തുകയും 335 കേസുകൾ റജിസ്റ്റർ ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഞങ്ങൾ ധീരമായ നടപടികൾ തുടരും. ഈ സാമൂഹിക തിന്മ അവസാനിപ്പിക്കും’’ – മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസ് ശർമ എക്സിൽ കുറിച്ചു.
2023 ഫെബ്രുവരിയിലും ഒക്‌ടോബറിലുമായി രണ്ട് ഘട്ടങ്ങളിലായി ശൈശവ വിവാഹത്തിനെതിരെ അസം സർക്കാർ ഒരു നീക്കം ആരംഭിച്ചിരുന്നു. ഫെബ്രുവരിയിലെ ആദ്യഘട്ടത്തിൽ 3,483 പേരെ അറസ്റ്റ് ചെയ്യുകയും 4,515 കേസുകൾ റജിസ്റ്റർ ചെയ്യുകയും ചെയ്തു. ഒക്ടോബറിൽ രണ്ടാം ഘട്ടത്തിൽ 915 പേരെ അറസ്റ്റ് ചെയ്തു. അന്ന് 710 കേസുകളാണ് റജിസറ്റർ ചെയ്തത്.