ADVERTISEMENT

ഹൈദരാബാദ് ∙ നടൻ അല്ലു അർജുന്റെ ജൂബിലി ഹിൽസിലെ വീടിനുനേരെ ആക്രമണം. അതിക്രമിച്ചു കയറിയ ആളുകൾ വീടിനു കല്ലെറിഞ്ഞു, പൂച്ചെട്ടികൾ തകർത്തു. ഒസ്മാനിയ സർവകലാശാലയിലെ വിദ്യാർഥികൾ എന്ന് അവകാശപ്പെട്ടവരാണ് ആക്രമണം നടത്തിയത്. പുഷ്പ2 സിനിമാ പ്രദർശനത്തിനിടെ തിയറ്ററിലുണ്ടായ തിരക്കിൽ സ്ത്രീ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. 8 പേരെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവം നടക്കുമ്പോൾ അല്ലു വീട്ടിലുണ്ടായിരുന്നില്ല.

ഡിസംബർ നാലിന് നടന്ന പ്രിമിയർ ഷോയ്ക്കിടെ ആണ് ആന്ധ്ര സ്വദേശിയായ രേവതി (39) തിക്കിലും തിരക്കിലും മരിച്ചത്. ഇവരുടെ മകൻ ശ്രീ തേജ (9) അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മരിച്ച സ്ത്രീയുടെ കുടുംബത്തിന് ഒരു കോടിരൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സ്ത്രീയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയറ്റർ ഉടമകൾക്കുമെതിരെ പൊലീസ് കേസെടുത്തു. അല്ലുവിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്തു. തെലങ്കാന ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും രാത്രി ജയിലിൽ കഴിയേണ്ടിവന്നു.

അല്ലു അർജുന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ തിയറ്ററിൽ ജനങ്ങളെ കൈകാര്യം ചെയ്ത രീതിയാണ് അപകടത്തിനിടയാക്കിയതെന്നും, സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് ലാത്തിവീശേണ്ടി വന്നതെന്നും പൊലീസ് പറയുന്നു. സർക്കാരിന് അല്ലുവിന്റെ അറസ്റ്റിൽ ഒരു പങ്കുമില്ലെന്നും നിയമം അതിന്റെ വഴിക്കു പോകുമെന്നുമായിരുന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതികരിച്ചത്.

English Summary:

Pushpa 2 Stampede Death: Allu Arjun's Home Attacked by Osmania University Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com