മോദിക്കു കുവൈത്തിന്റെ ബഹുമതി; മേയർ ആര്യ പോരെന്നു വിമർശനം: അറിയാം പ്രധാനവാർത്തകൾ
Mail This Article
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതി, നാമനിർദേശ പത്രികയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങൾ മറച്ചുവച്ചു എന്നാരോപിച്ചു നവ്യ ഹരിദാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്, സിപിഎം ജില്ലാ സമ്മേളനത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം തുടങ്ങി ഒട്ടേറെ വാർത്തകളായിരുന്നു ഇന്ന്.
ബയാൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിലാണ് കുവൈത്ത് അമീർ ‘മുബാറക് അൽ കബീർ’ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിച്ചത്. സൗഹൃദത്തിന്റെ അടയാളമായി സമ്മാനിക്കുന്ന കുവൈത്തിലെ പരമോന്നത ബഹുമതിയാണിത്. രാജ്യത്തിനു കിട്ടിയ ബഹുമതിയാണിതെന്നു മോദി പറഞ്ഞു. യുഎസ് പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൻ, ജോർജ് ബുഷ്, ബ്രിട്ടനിലെ രാജാവായ ചാൾസ് എന്നിവർക്കു നേരത്തേ ‘മുബാറക് അൽ കബീർ’ ബഹുമതി ലഭിച്ചിട്ടുണ്ട്.
സിപിഎം ജില്ലാ സമ്മേളനത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനം ഉയർന്നു. മേയർക്കു ധിക്കാരവും ധാർഷ്ട്യവുമാണെന്ന് പ്രതിനിധികളിൽ ചിലർ വിമർശിച്ചു. ദേശീയ- രാജ്യാന്തര പുരസ്കാരങ്ങൾ വാങ്ങിയിട്ടു കാര്യമില്ല. ജനങ്ങളുടെ അവാർഡാണു വേണ്ടതെന്നായിരുന്നു അവർ ചൂണ്ടിക്കാട്ടിയത്. അതിൽ മേയർ തികഞ്ഞ പരാജയമെന്നും വിമർശനമുണ്ടായി. അതേസമയം ചിലർ മേയറെ അനുകൂലിച്ച് രംഗത്തെത്തി. രാഷ്ട്രീയ എതിരാളികൾ മേയറെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് അവർ അഭിപ്രായപ്പെട്ടത്.
വയനാട് ഉപതിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങൾ മറച്ചുവച്ചു എന്നാരോപിച്ചു ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസ് ഹൈക്കോടതിയിൽ ഹർജി നൽകിയതാണ് മറ്റൊരു പ്രധാനപ്പെട്ട വാർത്ത. നാമനിർദേശപത്രികയിൽ പ്രിയങ്കയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്നാണു ഹർജിയിലെ പ്രധാന ആരോപണം. ശനിയാഴ്ചയാണു നവ്യ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ക്രിസ്മസ് അവധിക്കു ശേഷം ഹൈക്കോടതി തീരുമാനമെടുക്കും.
സംഘടനാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 14 റവന്യു ജില്ലകളെ 30 സംഘടനാ ജില്ലകളായി ബിജെപി വിഭജിച്ചതാണ് മറ്റൊരു വാർത്ത. പത്തനംതിട്ട, വയനാട്, കാസർകോട് ജില്ലകൾ ഒഴിച്ചുള്ള ബാക്കി ജില്ലകളെയാണ് വിവിധ സംഘടനാ ജില്ലകളായി ബിജെപി സംസ്ഥാന നേതൃത്വം വിഭജിച്ചിരിക്കുന്നത്. ഇതിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളെ മൂന്ന് സംഘടനാ ജില്ലകളായും ബാക്കിയുള്ള ജില്ലകളെ രണ്ട് സംഘടനാ ജില്ലകളുമായാണ് വിഭജിച്ചത്.
വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്നു കുരുന്നുകളുടെ ശവകുടീരത്തിൽ അവർക്കായി മാതാപിതാക്കൾ പുൽക്കൂടൊരുക്കിയ വാർത്ത നൊമ്പരമായി. ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച സഹോദരങ്ങളായ നിവേദ്, ധ്യാൻ, ഇഷാൻ എന്നിവരെ സംസ്കരിച്ചതിനോട് ചേർന്ന് മാതാപിതാക്കളായ അനീഷും സയനയുമാണ് പൂൽക്കൂട് ഒരുക്കിയത്. രണ്ടാമത്തെ മകൻ ധ്യാനിന്റെ, പൂൽക്കൂട് ഒരുക്കണമെന്ന ആഗ്രഹം നിറവേറ്റുകയായിരുന്നു അനീഷും സയനയും. ഉരുൾ ദുരന്തം മൂന്ന് മക്കളെയും കവർന്നപ്പോൾ അവരുടെ ആഗ്രഹങ്ങളിലൂടെ സഞ്ചരിക്കുകയാണ് അനീഷും സയനയും.