ADVERTISEMENT

ന്യൂ‍ഡൽഹി∙ പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ഭാര്യ വിവാഹമോചനത്തിന് അപേക്ഷിച്ചുവെന്ന് റിപ്പോർട്ട്. സിറിയൻ മാതാപിതാക്കളുടെ മകളായി യുകെയിൽ ജനിച്ചുവളർന്ന അസ്മ അൽ അസദ് തിരിച്ച് യുകെയിലേക്കു തന്നെ മടങ്ങിപ്പോകണമെന്ന് ആഗ്രഹിക്കുന്നുവെന്നാണ് തുർക്കി, അറബ് മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമതർ എത്തുന്നതിനു മുൻപ് സിറിയയിൽനിന്നു രക്ഷപ്പെട്ട അസദ് കുടുംബം നിലവിൽ റഷ്യയിലാണ് ഉള്ളത്. 

രാജ്യം വിടുന്നതിന് റഷ്യൻ കോടതിയിൽനിന്നു പ്രത്യേക അനുമതി അവർ തേടിയിട്ടുണ്ടെന്നാണ് വിവരം. നിലവിൽ അവരുടെ അപേക്ഷ റഷ്യൻ അധികൃതർ പരിശോധിക്കുകയാണ്. ബ്രിട്ടിഷ് – സിറിയ ഇരട്ടപൗരത്വമുള്ളയാളാണ് അസ്മ. കംപ്യൂട്ടർ സയൻസിലും ഫ്രഞ്ച് സാഹിത്യത്തിലും ബിരുദമുള്ളയാളായ അസ്മ പിന്നീട് ഇൻവെസ്മെന്റ് ബാങ്കിങ് മേഖലയിലാണ് ജോലി നോക്കിയത്. 2000 ഡിസംബറിലാണ് ബഷാർ അൽ അസദിനെ വിവാഹം കഴിച്ചത്. 

ഹഫീസ്, സെയ്ൻ, കരീം എന്നിവരാണു മക്കൾ. സിറിയയിൽ ആഭ്യന്തര യുദ്ധം തുടങ്ങിയപ്പോൾത്തന്നെ മക്കൾക്കൊപ്പം ലണ്ടനിലേക്കു പോകാൻ അവർ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

മോസ്കോയിൽ അഭയം പ്രാപിച്ച അസദ് നിലവിൽ റഷ്യൻ സർക്കാരിന്റെ കടുത്ത നിയന്ത്രണങ്ങൾക്കു വിധേയനായാണു കഴിയുന്നത്. അഭയം തേടിയുള്ള അപേക്ഷ റഷ്യ അംഗീകരിച്ചെങ്കിലും രാജ്യം വിടാനോ രാഷ്ട്രീയ പ്രവർത്തനം നടത്താനോ അസദിന് അനുവാദമില്ല. 270 കിലോ സ്വർണം, കറൻസിയായുള്ള 2 ബില്യൻ യുഎസ് ഡോളർ, മോസ്കോയിലെ 18 വസ്തുവകകൾ തുടങ്ങിയ സ്വത്തുക്കളെല്ലാം മരവിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

English Summary:

Asma al-Assad's divorce: Asma al-Assad, wife of Bashar al-Assad, reportedly seeks divorce and aims to return to the UK.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com