ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തിരഞ്ഞെടുപ്പ് ജയത്തിനു പിന്നിൽ സഖ്യകക്ഷിയെന്ന രീതിയിലുള്ള ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും വോട്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജമാഅത്തെ ഇസ്‌ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ് കോൺഗ്രസ്. ജമാഅത്തെ ഇസ്‌ലാമിയെ വിമർശിച്ചാൽ അത് മുസ്‍ലിം സമുദായത്തെ വിമർശിക്കലാകില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. മുസ്‌ലിം വർഗീയചേരിയുടെ പിന്തുണ നേടിയാണു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽനിന്നു പാർലമെന്റിലെത്തിയതെന്ന പി.ബി.അംഗം വിജയരാഘവന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി.

ജമാഅത്തെ ഇസ്‌ലാമിയെ സിപിഎം വിമർശിച്ചാൽ അത് മുസ്‌ലിംകൾക്കെതിരെയുള്ള വിമർശനമാണെന്നും ആർഎസ്എസിനെ വിമർശിച്ചാൽ ഹിന്ദുക്കൾക്കെതിരെ വിമർശനമാണെന്നും പ്രചരിപ്പിക്കുന്നുണ്ടെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും സിപിഎമ്മിനെതിരെ ശക്തമായി വരികയാണ്. രണ്ടു വിഭാഗങ്ങൾക്കുമെതിരെ വിട്ടുവീഴ്ച ചെയ്യാൻ സിപിഎം ഉദ്ദേശിക്കുന്നില്ല. മുസ്‍ലിം സമുദായത്തിലെ വളരെ ചെറിയ ന്യൂനപക്ഷമാണ് വർഗീയവാദികളായ ജമാഅത്തെ ഇസ്‍ലാമിയും എസ്ഡിപിഐയും. മഹാഭൂരിപക്ഷം മുസ്‌ലിംങ്ങളും മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്. ഈ സംഘടനകളുമായുള്ള യുഡിഎഫ് കൂട്ടുകെട്ട് ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കും. ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയ വാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

വർ‌ഗീയ ശക്തികളുമായുള്ള കോൺഗ്രസ് ബന്ധത്തെയാണ് വിജയരാഘവൻ വിമർശിച്ചതെന്ന് എൽഡിഎഫ് കൺവീനര്‍ ടി.പി.രാമകൃഷ്ണൻ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ വർഗീയ നിലപാടില്ല. വർഗീയ നിലപാടിൽനിന്ന് സമൂഹത്തെ രക്ഷിക്കുന്ന നിലപാടാണ് പ്രസംഗത്തിലുള്ളത്. വർഗീയതയെ കേരളം ഒറ്റക്കെട്ടായി ചെറുക്കുമെന്നും ടി.പി.രാമകൃഷ്ണൻ പറഞ്ഞു.

English Summary:

M.V.Govindan Slams Congress: CPM leader M.V. Govindan accuses Congress of aligning with Jamaat-e-Islami and SDPI after election victories. He emphasizes the party's strong stance against both majority and minority communalism in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com