വയനാട് സിപിഎമ്മിൽ മത്സരം; നിഷേധിച്ച് നേതാക്കൾ, റഫീഖ് സെക്രട്ടറി
Mail This Article
ബത്തേരി∙ വയനാട് ജില്ലയിൽ സിപിഎമ്മിന് പുതിയ സെക്രട്ടറി. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായ കെ.റഫീഖിനെയാണ് സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മത്സരത്തിലൂടെയാണ് കെ.റഫീഖ് സെക്രട്ടറി സ്ഥാനത്തേക്കെത്തിയതെന്നാണ് വിവരം. നിലവിൽ സെക്രട്ടറിയായ പി.ഗഗാറിന് ഒരു തവണ കൂടി അവസരം നിലനിൽക്കെയാണ് തിരഞ്ഞെടുപ്പിലൂടെ റഫീഖ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരികയായിരുന്നു. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്നു റഫീഖ്.
ലോക്സഭാ ഉപതിരഞ്ഞെടുപ്പിലുൾപ്പെടെ വലിയ തിരിച്ചടി പാർട്ടിക്ക് വയനാട്ടിൽ നേരിടേണ്ടി വന്നിരുന്നു. പല ബൂത്തുകളിലും എൻഡിഎയേക്കാൾ പിന്നിലായിരുന്നു എൽഡിഎഫ്. ഒരു തവണ കൂടി പി.ഗഗാറിൻ സെക്രട്ടറിയായി തുടരുമെന്ന് കരുതിയെങ്കിലും അപ്രതീക്ഷിതമായിട്ടാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാർട്ടിയിൽ അപ്രതീക്ഷിത മാറ്റം. 27 അംഗ ജില്ലാ കമ്മിറ്റിയിൽ 16 പേർ റഫീഖിനെ പിന്തുണച്ചു.
ഗഗാറിൻ ഒഴിയുന്നെന്ന് പറഞ്ഞതായി പി.കെ.ശ്രീമതി പറഞ്ഞു. ഗഗാറിന്‍ കേരള ബാങ്ക് ഡയറക്ടറാണ്. സിഐടിയു ചുമതലയുണ്ട്. സെക്രട്ടറിക്ക് മൂന്ന് ടേം ഉണ്ടെങ്കിലും ഒരു ടേം ഉള്ളപ്പോഴും മാറാം. ചെറുപ്പക്കാർക്ക് അവസരം ലഭിക്കേണ്ടതുണ്ടെന്നും മത്സരം ഉണ്ടായിട്ടില്ലെന്നും പി.കെ.ശ്രീമതി പറഞ്ഞു.