കനാൽ ഞങ്ങളുടേത്, വിട്ടുവീഴ്ചയ്ക്കില്ല; ട്രംപിന്റെ ഭീഷണിയിൽ പതറാതെ പാനമ
Mail This Article
പാനമ സിറ്റി∙ പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് എതിരെ പാനമ പ്രസിഡന്റ് ഹോസെ റൗൾ മുളിനോ. ‘‘പാനമ കനാലിന്റെ ഓരോ ചതുരശ്ര മീറ്ററും അനുബന്ധ മേഖലയും പാനമയുടേതാണ്. അത് അങ്ങനെ തന്നെ തുടരും. ഞങ്ങളുടെ രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും വിട്ടുവീഴ്ചയ്ക്കുള്ളതല്ല. ലോകത്ത് എവിടെയാണെങ്കിലും പാനമയുടെ പൗരന്മാർ ആ വികാരം ചങ്കിൽ കൊണ്ടുനടക്കുന്നവരാണ്. അതു ഞങ്ങളുടെ പോരാട്ട ചരിത്രത്തിന്റെ ഭാഗമാണ്. മാറ്റാനൊക്കാത്ത പോരാട്ടമാണ്’’ – എക്സിൽ പങ്കുവച്ച കുറിപ്പിൽ മുളിനോ വ്യക്തമാക്കി.
പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്ന് ആവശ്യപ്പെട്ട കൂട്ടത്തിലാണ് കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് പാനമയ്ക്കു മുന്നറിയിപ്പ് നൽകിയത്. കനാലിലൂടെ പോകുന്നതിന് യുഎസ് കപ്പലുകൾക്ക് പാനമ നിരക്ക് ഉയർത്തിയിരുന്നു. ഇതോടെയാണ് സഖ്യരാജ്യമായ പാനമയ്ക്കു ട്രംപ് മുന്നറിയിപ്പ് നൽകിയത്. മുളിനോയുടെ കുറിപ്പിന് ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിലൂടെ ട്രംപ് നൽകിയ മറുപടി നമുക്കത് കാണാം എന്നതായിരുന്നു.
പസഫിക് –അറ്റ്ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ തിരക്കേറിയ കപ്പൽ പാതയാണ് മധ്യ അമേരിക്കൻ രാജ്യമായ പാനമയിലെ കനാൽ. 1914ലാണ് യുഎസ് പാനമ കനാലിന്റെ നിർമാണം പൂർത്തിയാക്കിയത്. 1977-ൽ പ്രസിഡന്റ് ജിമ്മി കാർട്ടർ ഒപ്പുവച്ച കരാറിലൂടെ കനാലിന്റെ നിയന്ത്രണം പാനമയ്ക്കു നൽകുകയായിരുന്നു. 1999-ൽ കനാലിന്റെ നിയന്ത്രണം പൂർണമായും പാനമ ഏറ്റെടുത്തു. ലോകത്ത് നടക്കുന്ന ചരക്കുഗതാഗതത്തിൽ വർഷം 14,000 എണ്ണം പാനമ വഴിയാണ്. ആകെയുള്ള വ്യാപാരത്തിന്റെ ആറു ശതമാനവും ഇതുവഴിയാണ് കടന്നുപോകുന്നത്.