തൃപ്പൂണിത്തുറ നഗരസഭയിൽ അവിശ്വാസപ്രമേയം: കോൺഗ്രസ്–ബിജെപി വാക്കുതർക്കം, കയ്യാങ്കളി
Mail This Article
കൊച്ചി ∙ തൃപ്പൂണിത്തുറ നഗരസഭയിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തെ ചൊല്ലി കോൺഗ്രസ്–ബിജെപി തർക്കവും കയ്യാങ്കളിയും. സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫ് ഭരണസമിതിയെ താഴെയിറക്കാനാണെങ്കിലും ബിജെപിക്കൊപ്പം ചേരാനില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് വിട്ടുനിന്നതോടെ വോട്ടെടുപ്പിലേക്ക് കടക്കാതെ തന്നെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയാണ് തൃപ്പൂണിത്തുറയിൽ നടക്കുന്നതെന്ന് കോൺഗ്രസും സിപിഎമ്മിനെ സഹായിക്കലാണ് കോൺഗ്രസ് ചെയ്യുന്നതെന്ന് ബിജെപിയും ആരോപിച്ചു. വാക്കുതർക്കവും കയ്യാങ്കളിയും പൊലീസിന്റെ ഏറെ നേരം നീണ്ട ഇടപെടലിനൊടുവിലാണ് അവസാനിച്ചത്.
എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി എല്ലാ മേഖലകളിലും പരാജയപ്പെട്ടു എന്നാരോപിച്ചാണ് 17 അംഗങ്ങളുള്ള ബിജെപി അവിശ്വാസ പ്രമേയത്തിന് കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയത്. കേരള കോൺഗ്രസ് (ജേക്കബ്) പ്രതിനിധി ഉൾപ്പെടെ 8 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. 24 അംഗങ്ങളുള്ള എൽഡിഎഫ് ഭരണത്തിലും. എന്നാൽ 49 അംഗ ഭരണസമിതിയിൽ അവിശ്വാസത്തിന് നോട്ടിസ് നൽകണമെങ്കിൽ കുറഞ്ഞത് 25 അംഗങ്ങളുടെ പിന്തുണ വേണം. കോൺഗ്രസ് കൂടി സഹകരിച്ചാൽ ഈ എണ്ണം തികയുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
എന്നാല്‍ ബിജെപിക്കൊപ്പം ചേരാനില്ലെന്ന് കോൺഗ്രസ് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ഭരണസമിതിക്ക് സഹായകരമായ നിലപാട് സ്വീകരിച്ചിട്ടുള്ള ബിജെപി ഇപ്പോൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം സിപിഎമ്മിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കുന്നതിനായി കളിക്കുന്ന നാടകത്തിന്റെ ഭാഗമാണെന്നും യുഡിഎഫ് ആരോപിക്കുന്നു. തുടർന്ന് ഇന്ന് രാവിലെ നഗരസഭയ്ക്ക് മുന്നിൽ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചു.
ഈ സമയം ബിജെപി പ്രവർത്തകരും നഗരസഭാ കവാടത്തിൽ എത്തിയിരുന്നു. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കൗൺസിലമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്നതോടെ അവിശ്വാസം കൊണ്ടുവന്ന ബിജെപി കൗൺസിലർമാരും പുറത്തിറങ്ങി പ്രവർത്തകർക്കൊപ്പം ചേർന്നു. ഒരേ സ്ഥലത്തു തന്നെ കോൺഗ്രസ്, ബിജെപി കൗൺസിലർമാർ ആരംഭിച്ച പ്രതിഷേധം ആദ്യം വാക്കുതർക്കത്തിലേക്കും പിന്നീട് കയ്യാങ്കളിയിലേക്കും നീളുകയായിരുന്നു.