പിലിബിത്തിൽ ഏറ്റുമുട്ടൽ; 3 ഖലിസ്ഥാൻ ഭീകരരെ വധിച്ചു, കൊല്ലപ്പെട്ടവർ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികൾ
Mail This Article
ന്യൂഡൽഹി∙ മൂന്ന് ഖലിസ്ഥാൻ തീവ്രവാദികൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യുപി പിലിബിത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികൾ കൊല്ലപ്പെട്ടത്. യുപി, പഞ്ചാബ് പൊലീസ് സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഖലിസ്ഥാനി കമാൻഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയിലെ അംഗങ്ങളാണിവർ.
ഗുർവീന്ദർ സിങ് (25), വീരേന്ദർസിങ് (23), ജസൻപ്രീത് സിങ് (18) എന്നിവരാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളാണിവർ. എയ്ഡ് പോസ്റ്റിൽ ആക്രമണം നടത്തിയ തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി പഞ്ചാബ് പൊലീസാണ് യുപിയിലെ പുരൻപുർ പൊലീസ് സ്റ്റേഷൻ അധികൃതരെ അറിയിച്ചത്. തിരച്ചിലിനിടെ ഭീകരർ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസിനു നേരെ ഭീകരർ വെടിവച്ചു. രണ്ടു പൊലീസുകാർക്കു പരുക്കേറ്റു. ഭീകരരുടെ പക്കൽനിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തു.