‘സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം; സംസാരം താനാണ് രാജാവും രാജ്ഞിയും രാജ്യവുമെന്ന നിലയിൽ’
Mail This Article
കൊച്ചി∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായ പരാമർശം തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമല്ലേ എന്ന് വെള്ളാപ്പള്ളി ചോദിച്ചു. താനാണു രാജാവും രാജ്ഞിയും രാജ്യവുമെല്ലാം എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്റെ സംസാരം. കെപിസിസി പ്രസിഡന്റിന് ഒരംഗീകാരവും കൊടുക്കുന്നില്ല. അദ്ദേഹത്തെ മൂലയിലിരുത്തിക്കൊണ്ടല്ലേ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്? കെപിസിസി പ്രസിഡന്റ് ഒരു കാര്യം പറഞ്ഞാൽ അതേ സ്റ്റേജിൽ വച്ച് അപ്പോൾ തന്നെ മൈക്ക് പിടിച്ചുവാങ്ങി അതിനു നേരെ എതിരു പറയുന്നതു താൻ കേട്ടിട്ടുണ്ട് എന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘‘എനിക്ക് പത്തെൺപത്തെട്ടു വയസ്സായി. ഇതിനകം ഒട്ടേറെ കെപിസിസി പ്രസിഡന്റുമാരെയും പ്രതിപക്ഷ നേതാക്കളെയും കണ്ടിട്ടുണ്ട്. ഇത്രയും നിലവാരമില്ലാതെ, ബഹുമാനമില്ലാതെ സംസാരിക്കുന്ന ഒരു പ്രതിപക്ഷ നേതാവിനെ വേറെ കണ്ടിട്ടില്ല’’ – വെള്ളാപ്പള്ളി കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
നേരത്തെയും വി.ഡി.സതീശനെതിരെ വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു. സതീശൻ അഹങ്കാരിയായ നേതാവാണെന്നും പക്വതയും മാന്യതയുമില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയാണ് കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു വീണ്ടും വിമർശനം നടത്തിയിരിക്കുന്നത്.