മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് പരാതിപ്പെടാൻ സംവിധാനം വേണം: ഹൈക്കോടതി
Mail This Article
കൊച്ചി ∙ സംസ്ഥാനത്ത് മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിന് ഇരയാകുന്നവർക്ക് പരാതിപ്പെടാനും നഷ്ടപരിഹാരം നൽകാനും ആവശ്യമായ സംവിധാനം ഉണ്ടാവണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്താൻ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി (കെൽസ)ക്ക് കോടതി നിർദേശം നൽകി. മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ആക്രമണത്തിൽ ഒട്ടേറെപ്പേർ ഇരയാകുന്ന സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ടെന്നും ജസ്റ്റിസ് സി.എസ്.ഡയസ് അഭിപ്രായപ്പെട്ടു. എന്നാൽ നിലവിൽ ഇതു സംബന്ധിച്ച് നിയമനിർമാണങ്ങളോ സംവിധാനങ്ങളോ ഇല്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാരുമായി ചർച്ചകൾ നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചത്.
തെരുവുനായ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് എസ്. സിരിജഗൻ കമ്മിറ്റി നേരത്തെ നിലവിൽ വന്നിരുന്നു. എന്നാൽ ഈ വിഷയത്തിലുള്ള കേസുകളുടെ തുടർനടപടികൾ സുപ്രീം കോടതി മേയിൽ അവസാനിപ്പിച്ചപ്പോൾ സിരിജഗൻ കമ്മിറ്റിയെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ഈ കമ്മിറ്റിയുടെ പ്രവർത്തനം അനിശ്ചിതത്വത്തിലായതോടെ തെരുവുനായ ആക്രമണം മൂലമുള്ള കേസുകളുടെ നഷ്ടപരിഹാര കാര്യവും അനിശ്ചിതത്വത്തിലാണ്.
തെരുവുനായയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഹൈക്കോടതികളിൽ ഉന്നയിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഹൈക്കോടതി പ്രശ്നപരിഹാരത്തിനു നിയമനിർമാണമോ സംവിധാനമോ ഉണ്ടാക്കുന്ന കാര്യത്തില്‍ അഭിപ്രായം തേടിയത്.