നക്ഷത്ര വെളിച്ചത്തിൽ കുളിച്ച് കൊച്ചിയിലെ വലിയ മഴമരം; ഫോർട്ട്കൊച്ചിയിൽ ഇനി ആഘോഷരാവുകൾ
Mail This Article
കൊച്ചി ∙ ക്രിസ്മസും പുതുവർഷവും തമ്മിൽ ഏഴ് രാപകലിന്റെ ദൂരം മാത്രമേയുള്ളുവെങ്കിലും ഫോർട്ട്കൊച്ചിക്കാരുടെ ആഘോഷം 10 ദിവസം നീളും. ഫോർട്ട്കൊച്ചി കാർണിവലിനെ വ്യത്യസ്തമാക്കുന്നതും ഇതാണ്. വെളി മൈതാനത്തു നക്ഷത്രക്കണ്ണു തുറക്കുന്ന മഴമരവും സ്വദേശിയും വിദേശിയുമായ ലക്ഷക്കണക്കിന് ആളുകൾ പ്രവഹിക്കുന്ന പൗരാണികത നിറഞ്ഞ തെരുവുകളും പപ്പാഞ്ഞിയെ കത്തിക്കലുമെല്ലാമായി ക്രിസ്മസ്–പുതുവത്സര ആഘോഷത്തിലാണു ഫോർട്ട്കൊച്ചി. 500 വർഷത്തിലേറെ പഴക്കമുള്ള സാന്താക്രൂസ് ബസിലിക്കയിൽ ഇന്നത്തെ പാതിരാക്കുർബാനയോടെ ഫോർട്ട്കൊച്ചിയിൽ ക്രിസ്മസ്–പുതുവത്സരാഘോഷങ്ങൾക്ക് തുടക്കമാകും.
കുറഞ്ഞ ചെലവും പൈതൃകവുമാണ് ഇവിടേക്കു സഞ്ചാരികളെ ആകർഷിക്കുന്നത്. ഡിസംബർ–ജനുവരി മാസങ്ങളിലെ രാത്രിയിലെ നേരിയ തണുപ്പും പകൽച്ചൂടും സഞ്ചാരികൾക്കും ഏറെ പ്രിയം. ക്രിസ്മസ്–പുതുവത്സര ആഘോഷമായ കാര്‍ണിവലിനായി ഒരുങ്ങിനിൽക്കുന്ന ഫോർട്ട്കൊച്ചി തെരുവുകളിലൂടെ നടക്കുന്ന വിദേശികള്‍. എവിടെയും പ്രസന്നതയുടെയും ആഹ്ലാദത്തിന്റെയും തുടിപ്പുകൾ. 3 യൂറോപ്യൻ രാജ്യങ്ങൾ തുടർച്ചയായി ഭരിച്ച ഇന്ത്യയിലെ ഏക നാട്ടുരാജ്യം ഫോർട്ട്കൊച്ചിയായിരുന്നു. 16ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ 1663 വരെ പോർച്ചുഗീസുകാരും 1663 മുതൽ 1795 വരെ ഡച്ചുകാരും പിന്നീട് 1947 വരെ ബ്രിട്ടിഷുകാരും ഭരിച്ചു. പോർച്ചുഗീസുകാരുടെ വരവോടെയാണു കൊച്ചിക്ക് പോർച്ചുഗീസ് സംസ്കാരം ലഭിക്കുന്നത്. അന്നു മുതലാണ് ഇവിടെ ക്രിസ്മസും പിന്നാലെ പുതുവർഷവും ആഘോഷിച്ചു തുടങ്ങിയത്.
വെളി മൈതാനത്തെ മഴമരത്തിൽ ലൈറ്റുകളും നക്ഷത്രങ്ങളും പ്രകാശിക്കുന്നതു കാണാൻ ആയിരക്കണക്കിനു പേരാണ് എത്തുന്നത്. കൊച്ചിയിലെതന്നെ ഏറ്റവും വലിയ മരങ്ങളിൽ ഒന്നായ ഇതിനെ കഴിഞ്ഞ 2 ദശകത്തോളമായി അണിയിച്ചൊരുക്കാറുണ്ട്. ക്രിസ്മസ്–പുതുവത്സര രാവുകളിലെ മനസ്സുനിറയ്ക്കുന്ന മായക്കാഴ്ചയാണ് ഈ മഴമരം. മുത്തച്ഛൻ എന്നതിന്റെ പോർച്ചുഗീസ് പേരാണ് പപ്പാഞ്ഞി. ഫോർട്ട്കൊച്ചിയിലെ പരേഡ് മൈതാനത്തു പപ്പാഞ്ഞിയെ കത്തിക്കുന്നതാണു പുതുവത്സരാഘോഷത്തിലെ പ്രധാന ചടങ്ങുകളിലൊന്ന്. സന്തോഷവാനായ പപ്പാഞ്ഞിയെയാണ് ചിത്രകാരനായ ബോണി തോമസ് ഇത്തവണ വരച്ചിരിക്കുന്നത്. വെളി മൈതാനത്തും മറ്റൊരു പപ്പാഞ്ഞിയെ നിർമിച്ചിട്ടുണ്ടെങ്കിലും ഇത് കത്തിക്കുന്നതു പൊലീസ് തടഞ്ഞതിനാൽ വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ക്രിസ്‌മസ്-പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഫോർട്ട്കൊച്ചിയിൽ കഴിഞ്ഞ ദിവസം ‘സാന്റാ റൺ’ സംഘടിപ്പിച്ചിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 300 സാന്റകൾ പങ്കെടുത്തു.