മുന്നറിയിപ്പില്ലാതെ ട്രെയിനെത്തി; ആഡംബര ടൂറിസം ട്രെയിനിടിച്ച് അതിഥിത്തൊഴിലാളിക്ക് ദാരുണാന്ത്യം
Mail This Article
കൊച്ചി ∙ ദക്ഷിണേന്ത്യയിലെ ആഡംബര ടൂറിസം ട്രെയിനായ ഗോൾഡൻ ചാരിയറ്റിന്റെ കൊച്ചിയിലെ ആദ്യ ദിവസം തന്നെ ദുരന്തം. ഇന്നു രാവിലെ ഗോൾഡൻ ചാരിയറ്റ് ഇടിച്ച് കമലേഷ് എന്ന അതിഥിത്തൊഴിലാളി മരിച്ചു. വെല്ലിങ്ടൻ ഐലൻഡിലെ ഉപയോഗിക്കാതെ കിടക്കുന്ന റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിനു മുൻപ് വാത്തുരുത്തിക്കടുത്തു വച്ചായിരുന്നു ദുരന്തം. ഈ ട്രാക്കിലൂടെ മുൻപ് ഒരു ചരക്കു ട്രെയിൻ കടന്നുപോയത് 2 വർഷം മുൻപായിരുന്നു. 2022ലും ഗോൾഡൻ ചാരിയറ്റ് ഇവിടെയെത്തിയിരുന്നു.
വെല്ലിങ്ടൻ ഐലന്‍ഡിലേക്ക് റെയിൽപ്പാതയും കൊച്ചി ഹാർബർ ടെർമിനസ് എന്ന സ്റ്റേഷനുമുണ്ടെങ്കിലും ഇത് ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുകയാണ്. ഇവിടെ എത്തുന്ന ടൂറിസ്റ്റുകളുടെ ആകർഷകകേന്ദ്രം കൂടിയാണ് ഈ സ്റ്റേഷൻ. അതിനിടെയാണ് 31 ടൂറിസ്റ്റുകളെയും വഹിച്ച് കർണാടകയിൽ നിന്നുള്ള ഗോൾഡൻ ചാരിയറ്റ് ഇവിടേക്ക് എത്തിയത്. എന്നാൽ ട്രെയിൻ വരുന്ന വിവരത്തിനു മുന്നറിയിപ്പുകളൊന്നും നൽകിയിരുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്.
അതിഥി തൊഴിലാളികളടക്കമുള്ളവർ റെയിൽ പാളത്തിലിരുന്ന് ഫോൺ ചെയ്യുന്നതും മറ്റും പതിവാണ്. ഇത്തരത്തിൽ റെയിൽപാളത്തിൽ ഇരിക്കുമ്പോൾ മുന്നറിയിപ്പില്ലാതെ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ട്രെയിൻ ഇതിനു പിന്നാലെ ഐലൻഡിലെ സ്റ്റേഷനിലേക്ക് പോയി. പിന്നീട് ഇതുവഴി വന്ന ഒരാളാണ് ട്രെയിൻ ഇടിച്ച് ഒരാൾ കിടക്കുന്നത് കാണുന്നതും പൊലീസിനെ അറിയിക്കുന്നതും. ഇയാളുടെ പോക്കറ്റിൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചത്.
ചരക്കുട്രെയിനുകൾ വന്നാൽ പോലും പലപ്പോഴും മട്ടാഞ്ചാരി ഹാൾട്ട് വരെ മാത്രമേ എത്താറുള്ളൂ. ഹാർബർ ടെർമിനസിലേക്ക് യാത്രാ വണ്ടികളും എത്താറില്ല. അതുകൊണ്ടു തന്നെ മട്ടാഞ്ചേരി ഹാൾട്ടിനും ഹാർബർ ടെർമിസലിനും ഇടയ്ക്ക് ട്രെയിനുകൾ വരുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. അതാണ് അതിഥിത്തൊഴിലാളിയുടെ അന്ത്യത്തിലേക്ക് നയിച്ചതും.