ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിന്റെ ഭരണത്തലവന്‍ എന്ന നിലയില്‍ 5 വര്‍ഷത്തിലേറെ സജീവ ഇടപെടലുകള്‍ നടത്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവന്റെ പടിയിറങ്ങുന്നത്. പി.സദാശിവത്തിന്റെ പിന്‍ഗാമിയായി എത്തിയ ആരിഫ് മുഹമ്മദ് ഖാന്‍, പല വിഷയങ്ങളിലും സ്വീകരിച്ച അതിശക്തമായ നിലപാടുകള്‍ ഇടതുമുന്നണി സര്‍ക്കാരിനു വലിയ തലവേദനയാണു സൃഷ്ടിച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവന്റെ പടിയിറങ്ങുമ്പോള്‍ ആശ്വസിക്കുന്നത് ഇടതുസര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ആയിരിക്കും.

2019 സെപ്റ്റംബർ 6ന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ടു പിണറായി സർക്കാരുകളുടെ കാലത്തായി 5 വർഷത്തിലേറെ സംസ്ഥാന സർക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു. പൗരത്വഭേദഗതി നിയമ വിഷയത്തിൽ തുടങ്ങി കണ്ണൂർ വിസി നിയമനത്തിലൂടെ പോര് മൂർച്ഛിച്ചു. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്ന നിലയിലേക്കു ഗവര്‍ണര്‍ എത്തി. ഇതോടെ, കെയര്‍ടേക്കര്‍ ഗവര്‍ണര്‍ ബിജെപിയുടെ കയ്യിലെ ആയുധമാണെന്ന ആരോപണവുമായി സിപിഎം നേരിട്ടു രംഗത്തിറങ്ങി.

പി.വി.അന്‍വര്‍ വിവാദം വന്നതിനു പിന്നാലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ ‘മലപ്പുറം’ പരാമര്‍ശവും ദ് ഹിന്ദു പത്രത്തില്‍ വന്ന അഭിമുഖത്തിലെ ‘ദേശവിരുദ്ധ’ പരാമര്‍വും ആയുധമാക്കി മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്. മുഖ്യമന്ത്രിക്കു വിശ്വാസ്യത ഇല്ലെന്നും പലതും ഒളിക്കാനുണ്ടെന്നും ഗവര്‍ണര്‍ തുറന്നടിച്ചതോടെ സര്‍ക്കാരുമായുള്ള തുറന്നപോരിനു കളമൊരുങ്ങി. വിഷയവുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും നേരിട്ടു രാജ്ഭവനിലേക്കു വിളിപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ വെട്ടിയതും ഗവര്‍ണറെ ചൊടിപ്പിച്ചു. തുടര്‍ന്നു കത്തും മറുപടിക്കത്തുകളുമായി ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് നീണ്ടു.

ചാൻസലർ എന്ന നിലയിൽ സർവകലാശാലാ ഭരണത്തിൽ പിടിമുറുക്കിയ ഗവർണർക്കെതിരെ ഇടതുമുന്നണി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങി. 9 വിസിമാരുടെ രാജി ആവശ്യപ്പെട്ടാണു ഗവർണർ തിരിച്ചടിച്ചത്. വിസിമാരെ നിയമിക്കാൻ സ്വന്തം നിലയ്ക്കു സേർച് കമ്മിറ്റി രൂപീകരിച്ചും താൽപര്യമുള്ളവരെ സെനറ്റിലേക്കു നാമനിർദേശം ചെയ്തുമെല്ലാം ഗവർണർ സർക്കാരിന്റെ കണ്ണിലെ കരടായി. എസ്എഫ്ഐയെ തെരുവിലിറക്കി ഗവർണറെ നേരിടാനുള്ള സിപിഎം തീരുമാനം പ്രത്യാഘാതങ്ങളുണ്ടാക്കി. സർക്കാരിന്റെ പൊലീസിനെ വേണ്ടെന്നുവച്ച ഗവർണർ സ്വന്തം സുരക്ഷയ്ക്കു കേന്ദ്രസേനയെ നിയോഗിച്ചു.

നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവച്ച ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന തലത്തിലേക്കു വരെ പോരു വളർന്നു. ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ നീക്കാനുള്ള ബില്ലും പിടിച്ചുവച്ചവയുടെ കൂട്ടത്തിലുണ്ടായിരുന്നു. ഗവർണറുടെ അനുമതി വേണ്ട മനുഷ്യാവകാശ കമ്മിഷൻ നിയമനത്തിലടക്കം അദ്ദേഹം ഇടംതിരിഞ്ഞുനിന്നതു സർക്കാരിനെ വെട്ടിലാക്കി. 2021 ജൂലൈ 29 മുതല്‍ 2024 ജനുവരി 1 വരെയുള്ള 1,095  ദിവസങ്ങളില്‍ 328 ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിനു പുറത്തായിരുന്നുവെന്ന കണക്ക് സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടു.

കെടിയു മുന്‍ വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസിനു വീണ്ടും വിസി നിയമനം നല്‍കിയതാണ് ആരിഫ് മുഹമ്മദ് ഖാന്റെ ഒടുവിലത്തെ നടപടി. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആയാണു സിസ തോമസിനെ നിയമിച്ചത്. സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നിര്‍ദേശങ്ങള്‍ പാലിച്ചതിന്റെ പേരില്‍ സിസ തോമസിന്റെ പെന്‍ഷന്‍ മുടക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടെയായിരുന്നു ഈ നീക്കം. സംസ്ഥാന സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലര്‍ ആയി ഡോ.കെ.ശിവപ്രസാദിനെയും നിയമിച്ചു. അതേസമയം, വയനാട് ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകണമെന്നു വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടും തുക നേടിയെടുത്തുമെല്ലാം ഗവർണർ സർക്കാരിനൊപ്പം നിൽക്കുകയും ചെയ്തു.

English Summary:

Arif Mohammed Khan's Tenure Ends : Arif Mohammed Khan's contentious governorship of Kerala ends. His five-year tenure was marked by significant clashes with Chief Minister Pinarayi Vijayan and the Left Front government over various key issues including VC appointments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com