‘എൻജിൻ ഓഫാക്കിയാൽ എസി ഇടുന്നത് ജനറേറ്റർ പ്രവർത്തിപ്പിച്ച്; കാരവാനിൽ ഇങ്ങനെ മരണം ആദ്യം’
Mail This Article
വടകര∙ ദേശീയപാതയ്ക്ക് അരികിൽ രണ്ടുപേർ വാഹനത്തിൽ മരിച്ചുകിടന്നത് അറിയാതെ പോയതിന്റെ ഞെട്ടലിലാണ് വടകര കരിമ്പനപ്പാലത്തെ നാട്ടുകാർ. ചരക്കുലോറികൾ ഉൾപ്പെടെയുള്ള വലതും ചെറുതുമായ വാഹനങ്ങൾ ഇവിടെ സ്ഥിരമായി നിർത്തിയിടാറുണ്ട്. ദീർഘദൂര ഓട്ടം പോകുന്ന ഡ്രൈവർമാർ ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും ഈ സ്ഥലമാണു തിരഞ്ഞെടുത്തിരുന്നത്. അതിനാൽ ഇവിടെ നിർത്തിയിടുന്ന വാഹനങ്ങളെ നാട്ടുകാർ കാര്യമായി ശ്രദ്ധിക്കാറില്ല. കാരവൻ പോലുള്ള വാഹനങ്ങൾ ഇവിടെ നിർത്തിയിടുന്ന പതിവില്ല. ഞായറാഴ്ച രാത്രി മുതൽ കാരവൻ ഇവിടെ കിടക്കുന്നുണ്ടായിരുന്നു. എന്നാൽ തിങ്കളാഴ്ച വൈകിട്ടു മാത്രമാണു കാരവൻ നിർത്തിയിട്ടതിൽ സംശയം തോന്നിയതും തുടർന്നു നടത്തിയ പരിശോധനയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയതും. കാരവന്റെ ഡ്രൈവർ മലപ്പുറം വണ്ടൂർ വാണിയമ്പലം പരിയാരത്ത് മനോജ് (49), കണ്ണൂർ തട്ടുമ്മൽ നെടുംചാലിൽ പരശ്ശേരിൽ ജോയൽ (26) എന്നിവരാണു മരിച്ചത്. എസിയിലെ വിഷവാതകം ശ്വസിച്ചാണു മരണമെന്ന് ഇന്നലെ രാത്രി തന്നെ സംശയം തോന്നിയിരുന്നു.
രാത്രി മുതൽ പാർക്ക് ലൈറ്റിട്ട് കാരവൻ
ഞായറാഴ്ച രാത്രിമുതൽ കാരവൻ പാർക്ക് ലൈറ്റിട്ട് റോഡരികിൽ കിടക്കുന്നുണ്ടായിരുന്നെങ്കിലും നാട്ടുകാർ ശ്രദ്ധിച്ചില്ല. വാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്യുന്ന സ്ഥലമായതിനാലാണു ശ്രദ്ധിക്കാതിരുന്നത്. കണ്ണൂരിൽ വിവാഹ പാർട്ടിയെ ഇറക്കിയശേഷം മടങ്ങുകയായിരുന്നു കാരവൻ. മലപ്പുറത്തുള്ള ലോജിസ്റ്റിക് കമ്പനിയുടേതാണു വാഹനം. ഇതേ കമ്പനിക്കു തന്നെ മറ്റു സ്ഥാപനങ്ങളുമുണ്ട്. മരിച്ച ജോയൽ ലോജിസ്റ്റിക് കമ്പനിയുടെ കീഴിൽ ഐടിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നയാളാണ്. ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നതിനാൽ മനോജും ജോയലും പരിചയക്കാരായിരുന്നു.
കണ്ണൂരിൽ വിവാഹ പാർട്ടിയെ ഇറക്കിയ ശേഷം കാരവൻ കാലിയായി തിരിച്ചുപോകുന്ന കാര്യം അറിഞ്ഞാണു ജോയൽ വാഹനത്തിൽ കയറിയത്. ജോയലിനും മലപ്പുറത്തേക്കാണു പോകേണ്ടിയിരുന്നത്. ഞായറാഴ്ച രാത്രി ഒന്നരയോടെ ഇവരെ കമ്പനിയിൽനിന്ന് ബന്ധപ്പെട്ടപ്പോൾ വടകരയിലാണെന്നും ഭക്ഷണം കഴിക്കുകയാണെന്നും അറിയിച്ചു. തുടർന്നു ബന്ധപ്പെടാനായില്ല. വൈകിട്ടോടെ ജിപിഎസ് വഴി പരിശോധിച്ചപ്പോൾ വാഹനം വടകരയിൽ തന്നെയാണെന്നു കണ്ടെത്തി. വാഹനത്തിന്റെ ഉടമയുടെ സുഹൃത്ത് വടകരയിലുണ്ടായിരുന്നു. ഇയാളെ ബന്ധപ്പെടുകയും വാഹനത്തിനടുത്തെത്തി പരിശോധിക്കുകയുമായിരുന്നു.
പാർക്ക് ലൈറ്റ് ഇട്ട് കാരവൻ റോഡരികിൽ കിടക്കുന്നതു തിങ്കളാഴ്ച രാവിലെ നാട്ടുകാർ കണ്ടിരുന്നു. നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമായതിനാൽ കൂടുതൽ പരിശോധനയ്ക്ക് പോയില്ല. എന്നാൽ വൈകുന്നേരമായിട്ടും വാഹനം അതേ നിലയിൽ പാർക്ക് ലൈറ്റ് ഇട്ട് കിടക്കുന്നതു കണ്ടതോടെയാണ് നാട്ടുകാർ വാഹനം പരിശോധിക്കാൻ എത്തിയത്. ഇതേ സമയത്തുതന്നെ വാഹന ഉടമയുടെ സുഹൃത്തും എത്തി. ഇവർക്കാർക്കും വാഹനം തുറക്കാൻ സാധിച്ചില്ല. വാഹനം തുറക്കേണ്ട വിധം കമ്പനിയിൽനിന്ന് പറഞ്ഞുകൊടുക്കുകയായിരുന്നു. തുറന്നു നോക്കിയപ്പോഴാണ് 2 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാൾ ഡോറിന്റെ സ്റ്റെപ്പിനോട് ചേർന്നും മറ്റൊരാൾ ഉള്ളിൽ കിടക്കുന്ന നിലയിലുമായിരുന്നു.
വില്ലൻ കാർബൺ മോണോക്സൈഡ്
ദീർഘനേരം വാഹനം ഓടാതെ എസി മാത്രം പ്രവര്‍ത്തിപ്പിക്കുന്നതു കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കൂട്ടുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ എസി പ്രവര്‍ത്തിക്കുമ്പോള്‍ വലിയ പ്രശ്നം ഉണ്ടാകാറില്ല. വാഹനത്തിലേക്കു ശക്തമായ വായുപ്രവാഹം ഉള്ളതിനാല്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ ശക്തി കുറയും. നിര്‍ത്തിയിട്ട വാഹനത്തിൽ എസി പ്രവര്‍ത്തിപ്പിച്ചു കിടന്നുറങ്ങുമ്പോൾ വായുസഞ്ചാരം കുറവായതിനാല്‍ കാര്‍ബണ്‍ മോണോക്‌സൈഡ് പെട്ടെന്നുതന്നെ വാഹനത്തില്‍ നിറയും. ഉറങ്ങിക്കിടക്കുമ്പോഴാണു കാര്‍ബണ്‍ മോണോക്സൈഡ് വാതകം ശ്വസിക്കുന്നതെങ്കില്‍ ആൾ മരിക്കാനുള്ള സാധ്യത കൂടുതലാണ്.
എന്നാൽ കാരവനുകളിൽ ഇത്തരം പ്രശ്നം കുറവാണ്. കാരവാനുകളുടെ എൻജിൻ ഓഫ് ചെയ്ത ശേഷം എസി പ്രവർത്തിപ്പിക്കുന്നതു ജനറേറ്റർ ഉപയോഗിച്ചാണെന്ന് രാമനാട്ടുകര ഭാരത് ബെൻസ് അധികൃതർ അറിയിച്ചു. അതിനാൽ കാർബൺ മോണോക്സൈഡ് നിറയാൻ സാധ്യതയില്ല. ജനറേറ്റർ വാഹനത്തിനുള്ളിലായിരിക്കും ഉണ്ടാകുന്നത്. രാത്രിയിൽ വാഹനം നിർത്തിയിട്ടശേഷം ജനറേറ്റർ വാഹനത്തിനു പുറത്തേക്കു വലിച്ചുവച്ചാണ് എസി പ്രവർത്തിപ്പിക്കുക. എന്നാൽ ജനറേറ്റർ പുറത്തേക്കു നീക്കിവയ്ക്കാതെ തന്നെ എസി പ്രവർത്തിപ്പിക്കാം. ഇങ്ങനെ ചെയ്താൽ വാഹനത്തിൽ കാർബൺ മോണോക്സൈഡ് നിറയാൻ സാധ്യതയുണ്ട്. വാഹനം ചുരുങ്ങിയ സമയത്തേക്കാണു നിർത്തിയിടുന്നതെങ്കിൽ ചിലർ ജനറേറ്റർ വാഹനത്തിനു പുറത്തേക്കു നീക്കിവയ്ക്കാറില്ലെന്നും അത് അപകട സാധ്യത വർധിപ്പിക്കുമെന്നും ഭാരത് ബെൻസ് അധികൃതർ അറിയിച്ചു.
വടകരയിൽ നിർത്തിയിട്ടിരുന്ന കാരവന്റെ ജനറേറ്റർ പുറത്തേക്കു നീക്കിവച്ചിരുന്നില്ലെന്നു പൊലീസ് അറിയിച്ചു. ജനറേറ്റർ വാഹനത്തിന് ഉള്ളിൽ തന്നെയായിരുന്നു. ജനറേറ്ററിരിക്കുന്നതിന്റെ താഴ്ഭാഗത്തായി മണ്ണിൽ ഓയിൽ ലീക്കായാതായും കണ്ടെത്തി. അതിനാലാണു ജനറേറ്ററിൽനിന്ന് കാർബൺ മോണോക്സൈഡ് വാഹനത്തിനുള്ളിൽ കയറിയിരിക്കാമെന്ന് സംശയം തോന്നിയതെന്നും പൊലീസ് അറിയിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനം തുറന്നപ്പോൾ ഒരാൾ വാഹനത്തിന്റെ ഡോറിനോട് ചേർന്നാണ് കിടന്നിരുന്നത്. കാർബൺ മോണോക്സൈഡ് നിറഞ്ഞ് ശ്വാസം കിട്ടാതെ ആയപ്പോൾ തുറക്കാനായി വാതിലിന് അടുത്തെത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. വാതിൽ തുറക്കാനാകാതെ സ്റ്റെപ്പിൽ കുഴഞ്ഞു വീഴുകയായിരുന്നിരിക്കാം. രണ്ടാമത്തെ ആൾ ഉള്ളിൽ കിടക്കുന്ന നിലയിലായിരുന്നു. കാറിൽ എസി ഓണാക്കിയിട്ട് കിടന്നുറങ്ങുമ്പോൾ വിഷവാതകം നിറഞ്ഞ് മരണം സംഭവിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തു കാരവനിൽ ഇത്തരത്തിൽ മരണം സംഭവിച്ചതായി മുൻപു റിപ്പോർട്ട് ചെയ്തിട്ടില്ല.