‘അതേ നാണയത്തിൽ മറുപടി നൽകും, വിശ്വാസം ആരുടെയും കുത്തകയല്ല; പ്രധാനമന്ത്രിയും ശാഖയിൽ പോകുന്നില്ലേ’
Mail This Article
തിരുവനന്തപുരം ∙ വിശ്വാസത്തെ വോട്ടാക്കി മാറ്റാനുള്ള ബിജെപിയുടെ ശ്രമത്തെ അതിശക്തമായി ചെറുക്കാനുള്ള മാര്‍ഗം സിപിഎം പ്രത്യേകമായി ആലോചിച്ചു നടപ്പാക്കുമെന്നും അതേ നാണയത്തിൽ മറുപടി നൽകാനുള്ള പ്രവര്‍ത്തനങ്ങളിലേക്കു പാര്‍ട്ടി വരികയാണെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വി.ജോയി എംഎല്‍എ. സിപിഎമ്മില്‍ ഇനി ആര്‍ക്കും ഗ്രൂപ്പുണ്ടാക്കി മുന്നോട്ടുപോകാന്‍ കഴിയില്ല. മുന്‍പുണ്ടായിരുന്നതു പോലെ ഇപ്പോള്‍ മുകള്‍ത്തട്ടില്‍ ഗ്രൂപ്പില്ലെന്നും ജോയി മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു. മധു മുല്ലശേരിക്കെതിരെ ജില്ലാ കമ്മിറ്റി കൂട്ടായി തീരുമാനമെടുത്തതാണ്. വി.ജോയിയാണ് പ്രധാന ശത്രുവെന്ന് മധു കരുതുന്നത് ശരിയല്ല. റെഡ് വൊളന്റിയര്‍ മാര്‍ച്ചില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ പങ്കെടുത്തതില്‍ അതിശയോക്തി കലർത്തേണ്ടതില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം കിട്ടിയാല്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കില്ലേ എന്നും വി.ജോയി ചോദിക്കുന്നു.
∙ 2023 ന്റെ ആദ്യദിനങ്ങളിലാണ് തലസ്ഥാന നഗരത്തിന്റെ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് എത്തിയത്. ഈ പുതുവര്‍ഷത്തിൽ രണ്ടാംവട്ടവും ജില്ലയില്‍ പാര്‍ട്ടിയെ നയിക്കാനുള്ള നിയോഗം. എങ്ങനെ കാണുന്നു?
പാര്‍ട്ടി ഒരു ഉത്തരവാദിത്തം ഏല്‍പിക്കുമ്പോള്‍ അതു മികച്ച രീതിയില്‍ നിര്‍വഹിക്കുക എന്നതാണ് നമ്മുടെ കടമ. പ്രത്യേകിച്ച് ജില്ലാ സെക്രട്ടറി സ്ഥാനം പോലെ ഉത്തരവാദിത്തപ്പെട്ട പദവി പാര്‍ട്ടി ഏല്‍പിക്കുമ്പോള്‍ ദോഷം വരാത്ത രീതിയില്‍ മുന്നോട്ടു പോകാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തി. ഈ ചുമതല ഇനി മറ്റൊരാളെ ഏല്‍പിക്കുമ്പോള്‍ കൂടുതല്‍ കരുത്തോടെ കൈമാറുക എന്നതാണ് എന്റെ കടമ. കഴിഞ്ഞ പുതുവര്‍ഷം മുതല്‍ ഈ പുതുവര്‍ഷം വരെ അത് കൃത്യമായി ഞാന്‍ ചെയ്തു. ഇനി മുന്നോട്ടുള്ള കാലവും അതുപോലെ തന്നെ തുടരും.
∙ വര്‍ക്കല എംഎല്‍എ സ്ഥാനവും ജില്ലാ സെക്രട്ടറിയുടെ ചുമതലയും ഒരുമിച്ച് നിര്‍വഹിക്കുമ്പോഴുള്ള വെല്ലുവിളി?
ഞാന്‍ എംഎല്‍എ എന്ന നിലയില്‍ പൂര്‍ണമായും മണ്ഡലത്തിൽ ശ്രദ്ധിച്ചു നിന്ന ആളാണ്. അതോടൊപ്പം വര്‍ക്കലയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സഹായിച്ചുകൊണ്ടിരുന്നു. ജില്ലാ സെക്രട്ടറിയായപ്പോള്‍ എംഎല്‍എ എന്ന നിലയില്‍ പൂര്‍ണസമയം ചെലവിടാന്‍ പറ്റുന്നില്ല. അതിനു കൂടുതല്‍ സമയം കണ്ടെത്തേണ്ടി വരുന്നുണ്ട്. ഇപ്പോള്‍ രാവിലെ ആറു മുതല്‍ എട്ടര വരെ മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കും. രാത്രി ഏഴു മുതല്‍ പത്തര വരെയും മണ്ഡലത്തില്‍ ഉണ്ടാകും. ഇതിനിടയ്ക്ക് രാവിലെ 9 മുതല്‍ കമ്മിറ്റികളും മറ്റു കാര്യങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തനം. ഇങ്ങനെയാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നത്.
∙ ആനാവൂര്‍ നാഗപ്പനില്‍നിന്നാണ് ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ ഒരു വര്‍ഷം ഏതു തരത്തിലുള്ള മാറ്റമാണ് ജില്ലയിലെ പാര്‍ട്ടി സംഘടനാ പ്രവര്‍ത്തനത്തില്‍ മുഖ്യമായും ലക്ഷ്യമിട്ടത്?
സെക്രട്ടറിയായ ശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയപ്പോള്‍ നാലു മാസം ചുമതല മാറ്റിനൽകിയിരുന്നു. ബാക്കി കിട്ടിയ സമയത്ത് ഏറ്റവും ശ്രദ്ധിച്ചത് പാര്‍ട്ടി കമ്മിറ്റികളുടെ അവസ്ഥയാണ്. ഓരോ കമ്മിറ്റിയുടെയും അവസ്ഥ മനസ്സിലാക്കി, ഏതു തരത്തിലാണ് ഇടപെടേണ്ടത് എന്നു തീരുമാനിക്കുകയായിരുന്നു. എന്തൊക്കെ കുറവുകളാണ് ഉള്ളതെന്നത് ഉള്‍പ്പെടെ പാര്‍ട്ടി കമ്മിറ്റികളുടെ പൊതുവായ സ്ഥിതി മനസ്സിലാക്കി കമ്മിറ്റികളില്‍ പങ്കെടുത്ത് കുറവുകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കി. പിന്നീട് അത് എത്രത്തോളം നടപ്പായെന്നു വീണ്ടും പരിശോധിച്ച് ഉറപ്പാക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ജില്ലയിലെ സംസ്ഥാനസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ഒറ്റക്കെട്ടായി തീരുമാനമെടുത്താണ് ഓരോ കാര്യവും നടപ്പാക്കിയത്. എല്ലാവരെയും യോജിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നതാണ് എന്റെ വിജയമായി കാണുന്നത്. പഴയ നേതാക്കന്മാരുടെ കൂടി അഭിപ്രായം കേട്ടിട്ടാണ് ഓരോ തീരുമാനവും കൈക്കൊണ്ടത്. അതിന്റെ ഗുണം എനിക്കു കിട്ടി.
∙ പാര്‍ട്ടിക്കുള്ളില്‍ താങ്കള്‍ വിഭാഗീയതയ്ക്കു ശ്രമിക്കുന്നുവെന്നാണ് മധു മുല്ലശേരി ആരോപിച്ചത്. താങ്കള്‍ വന്നതിനു ശേഷമാണ് പ്രശ്‌നങ്ങളെന്നും വിമര്‍ശനം ഉയര്‍ത്തി?
അതൊന്നും എന്റെ മാത്രം പ്രവര്‍ത്തനശൈലിയുമായി ബന്ധപ്പെട്ടുള്ളതല്ല. കമ്മിറ്റികളില്‍ പങ്കെടുക്കുമ്പോള്‍ സെക്രട്ടറിമാരോടു വിധേയത്വമുള്ള ആളുകള്‍ തെറ്റ് അറിഞ്ഞാലും പറയില്ല. പക്ഷേ ഇക്കാര്യങ്ങള്‍ എല്ലാം വീക്ഷിക്കുന്ന മൂന്നാമതൊരാള്‍ കാണും. അവരില്‍നിന്നാണ് പാര്‍ട്ടിക്കു വിവരങ്ങള്‍ ലഭിക്കുന്നത്. ചിലപ്പോള്‍ അത് ഒരു ഊമക്കത്താവാം. ആധികാരികത ഇല്ലാത്തതിന്റെ പേരില്‍ അത് സാധാരണ നിലയില്‍ പരിശോധിക്കാറില്ല. എന്നാല്‍ എം.വി.ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയതിനു ശേഷം എല്ലാ കത്തുകളും പരിശോധിക്കണമെന്നും കഴമ്പുണ്ടെങ്കില്‍ നടപടി എടുക്കണമെന്നും കര്‍ശന നിര്‍ദേശം എല്ലാ ജില്ലാ കമ്മിറ്റികള്‍ക്കും നല്‍കിയിട്ടുണ്ട്. അങ്ങനെയാണ് മധുവിന്റെ വിഷയവും പരിശോധിച്ചത്.
മധുവിന്റെ ഏരിയാ കമ്മിറ്റിയുമായി ബന്ധപ്പെട്ട് നാല്‍പതോളം കത്തുകളാണ് കിട്ടിയത്. അതില്‍ 19 എണ്ണം സംസ്ഥാന സമിതിക്കു കിട്ടിയതാണ്. ഒരു ഏരിയാ സെക്രട്ടറിയെക്കുറിച്ച് തുടരെ കത്തുകള്‍ വന്നപ്പോള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. അപ്പോഴാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിക്കാത്ത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത്. ഓഫിസ് നിര്‍മിച്ചതിന്റെ കണക്ക് വച്ചിരുന്നില്ല. ഓഡിറ്റ് ചെയ്യാന്‍ പറഞ്ഞിട്ട് ചെയ്യുന്നില്ല. പാസ് ബുക്ക് ഓഡിറ്റ് കമ്മിറ്റിക്ക് കൊടുക്കുന്നില്ല. ഇതോടെ, കേള്‍ക്കുന്ന കാര്യങ്ങളില്‍ വസ്തുത ഉണ്ടെന്നു മനസ്സിലാക്കേണ്ടിവന്നു. അത്തരത്തിലാണ് അതില്‍ ഇടപെടല്‍ നടത്തുന്നത്. അല്ലാതെ പാര്‍ട്ടിയില്‍ ഇനി ഗ്രൂപ്പുണ്ടാക്കി മുന്നോട്ടുപോകാനൊന്നും മേല്‍ കമ്മിറ്റി അനുവദിക്കില്ല. പണ്ട് ഗ്രൂപ്പ് വരുന്നത് മുകളില്‍നിന്നായിരുന്നു. ഇപ്പോള്‍ അങ്ങനെ മുകളില്‍നിന്ന് ഗ്രൂപ്പൊന്നും ഇല്ല. നാളെ പാര്‍ട്ടി കമ്മിറ്റി കൂടി ജോയി മാറാന്‍ പറഞ്ഞാല്‍ ഞാന്‍ മാറിക്കൊടുത്തേ പറ്റൂ. മധുവിന് അത് മനസ്സിലാകാത്തതു കൊണ്ടാണ്. ജോയി വന്നപ്പോള്‍ പ്രശ്‌നങ്ങള്‍ തുടങ്ങി, ജോയി ആണ് തന്റെ ശത്രു എന്ന ധാരണയാണ് മധുവിനെ നയിക്കുന്നത്. അത് ശരിയല്ല. കമ്മിറ്റി ഒന്നാകെ ഇരുന്നു ചര്‍ച്ച ചെയ്താണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.
∙ മുന്നിലുള്ള പ്രധാന കടമ്പകള്‍ തദ്ദേശ തിരഞ്ഞെടുപ്പും തുടര്‍ന്നു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പമാണ്. ജില്ലയില്‍ ബിജെപി പിടിമുറുക്കുന്നുവെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നുണ്ടോ? സിപിഎമ്മിന്റെ പരമ്പരാഗത വോട്ട് ബാങ്കുകളായ വിഭാഗങ്ങളിലാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബിജെപിയെ ഏതു തരത്തില്‍ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്?
രണ്ടു കാര്യങ്ങളില്‍ ഊന്നിയാണ് ബിജെപിയുടെ പ്രവര്‍ത്തനം. ഒന്ന്, വിശ്വാസത്തെ വോട്ടാക്കി മാറ്റുക. ജാതിമതങ്ങളുടെ പേരില്‍ പിന്‍ബലം വര്‍ധിപ്പിക്കുന്നു. അടുത്തത്, അമിതമായ സമ്പത്ത്. ഇതാണ് അവരുടെ വിജയത്തിന്റെ പ്രധാന ആണിക്കല്ല്. വിശ്വാസത്തെ അവര്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ഞങ്ങളും അതേ നാണയത്തിൽ മറുപടി നൽകുന്ന പ്രവര്‍ത്തനങ്ങളിലേക്കു വരികയാണ്. വിശ്വാസം ആരുടെയും കുത്തക അല്ലല്ലോ. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്ന 90 ശതമാനം ആളുകളും വിശ്വാസികളാണ്. ആ വിശ്വാസത്തെ അവര്‍ മുതലെടുക്കുന്നത് തടയുക. വിശ്വാസികളായ ആളുകളെ കൂടെ നിർത്താൻ ആവശ്യമുള്ള കടുത്ത നിലപാട് സ്വീകരിച്ച് പോകുക എന്നുള്ളതാണ് നയം.
വിശ്വാസിസമൂഹത്തെ കൂടെ നിര്‍ത്താന്‍ പാര്‍ട്ടിക്കു കഴിയും. ബിജെപി മാത്രമാണ് അതിന്റെ ചാംപ്യന്മാരെപോലെ നില്‍ക്കുന്നത്. അതിനെ ചെറുക്കാന്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ക്കു സാധിക്കും. കേരളത്തില്‍ ബിജെപി കുത്തകയാക്കി വച്ചിരുന്ന പല ക്ഷേത്രങ്ങളും ഇപ്പോള്‍ ഇടത്അനുഭാവമുള്ള ആളുകളുടെ കൈകളിലേക്കു വരുന്നുണ്ട്. ബിജെപിയുടെ വെല്ലുവിളി തരണം ചെയ്യാനുള്ള മാര്‍ഗം പ്രത്യേകമായി പാര്‍ട്ടി ആലോചിക്കും. അതുപോലെ രാജ്യം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ബിജെപിക്ക് പണത്തിന്റെ ആധിപത്യമുണ്ട്. കുഴല്‍പണം ഉള്‍പ്പെടെ നമ്മള്‍ കണ്ടു കഴിഞ്ഞു. ഒരു ചെറിയ വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ പോലും ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ അവരുടെ കയ്യിലുണ്ട്. അതിനെ സിപിഎമ്മിന്റെ വിശാലമായ സംഘടനാബലം കൊണ്ടു നേരിടുക എന്ന നിലപാടാവും സ്വീകരിക്കുക. സംഘടനാ ശേഷി വര്‍ധിപ്പിച്ച് അതിനെ നേരിടും.
∙ മേയര്‍ ആര്യക്ക് വോളന്റിയര്‍ മാര്‍ച്ച് നയിക്കാന്‍ പ്രോത്സാഹനം നല്‍കിയത് വി.ജോയി ആണെന്നാണ് പറഞ്ഞത്. തിരുവനന്തപുരത്തിന്റെ മേയര്‍ സ്ഥാനം പോലെ നിക്ഷ്പക്ഷ നിലപാടു വേണ്ട സ്ഥാനത്ത് ഇരിക്കുന്നയാള്‍ പാര്‍ട്ടിയുടെ വോളന്റിയര്‍ യൂണിഫോം ധരിച്ച് മാര്‍ച്ച് നയിക്കുന്നത് പൊതുസമൂഹത്തില്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കില്ലേ?
ഒരിക്കലുമില്ല. പാര്‍ട്ടിയല്ലേ ആര്യയെ മേയറാക്കിയത്. ആ ഉത്തരവാദിത്തം അവര്‍ ഏതു മാര്‍ഗത്തിലും നിര്‍വഹിക്കുക. ഇതിലും എത്രയോ ഉയര്‍ന്ന പദവിയിലുള്ള പ്രധാനമന്ത്രി സമയം കിട്ടുമെങ്കില്‍ ആര്‍എസ്എസിന്റെ ശാഖയില്‍ പോകുന്നില്ലേ. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഇല്ലാത്ത നിഷ്പക്ഷതയുടെ പ്രശ്‌നം എങ്ങനെയാണ് മേയര്‍ക്കു വരുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആണ് പൊതു സ്ഥാനത്തേക്ക് ഒരാളെ നിര്‍ദേശിക്കുന്നത്. ആ സ്ഥാനം വഹിക്കുന്നതിനൊപ്പം പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. പദവികളിൽ വരുന്നവര്‍ നിഷ്പക്ഷരായിരിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ചെറിയ പ്രായത്തില്‍ത്തന്നെ ആര്യ റെഡ് വൊളന്റിയര്‍ മാര്‍ച്ചില്‍ പങ്കെടുത്തിട്ടുണ്ട്. ആ തരത്തില്‍ ഇപ്പോഴും പങ്കെടുത്തു എന്നേ ഉള്ളൂ. അതില്‍ വലിയ അതിശയോക്തി ഒന്നും ഇല്ല.
∙ ആര്യക്കെതിരെ മേയര്‍ എന്ന നിലയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ഇക്കുറി ജില്ലാ കമ്മിറ്റിയില്‍ വി.അമ്പിളിയെ പോലെയുള്ള നേതാക്കള്‍ ഒഴിവാക്കപ്പെടുന്നു. പ്രവര്‍ത്തനമികവിനുള്ള അംഗീകാരമാണോ ആര്യയുടെ ഉള്‍പ്പെടുത്തല്‍?
പാര്‍ട്ടി കിറുകൃത്യമായി എടുത്ത തീരുമാനമാണത്. ആര്യക്കെതിരെ ഉയര്‍ന്ന പല കാര്യങ്ങളും പാര്‍ട്ടി സമഗ്രമായി അന്വേഷിച്ചു. അവര്‍ ഒരു പ്രത്യേക സ്വഭാവവിശേഷമുള്ള ആളാണ്. അവര്‍ ബിജെപിക്ക് വഴങ്ങില്ല. അവര്‍ എടുക്കുന്ന കര്‍ക്കശമായ ചില നിലപാടുകളുടെ പേരിലാണ് പലപ്പോഴും മാധ്യമങ്ങള്‍ എതിരാകുന്നത്. അത്തരം ചില വിരോധങ്ങള്‍ ആര്യയ്ക്കെതിരെ ഉണ്ട്. ആര്യയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പാര്‍ട്ടിക്കു നൂറു ശതമാനം യോജിപ്പാണ്. പാര്‍ട്ടി പറയുന്ന നയപരമായ കാര്യങ്ങള്‍ കൃത്യമായി നഗരസഭയില്‍ നടപ്പാക്കുന്നതു കൊണ്ടാണ് ആര്യയെ ജില്ലാ കമ്മിറ്റിയിലേക്കു പരിഗണിച്ചത്. കെഎസ്ആര്‍ടിസി കണ്ടക്ടറുമായി ഉണ്ടായ പ്രശ്‌നം, കുടുംബത്തിനൊപ്പം പോയപ്പോള്‍ അയാള്‍ ആംഗ്യം കാട്ടിയപ്പോള്‍ പ്രതികരിക്കണമെന്ന് അവര്‍ക്കു തോന്നിയതു കൊണ്ടാണ്. കണ്ടക്ടര്‍ അതിനു മുന്‍പം അങ്ങനെ ചെയ്ത് കേസില്‍ പ്രതിയായ ആളാണ്. ചെറുപ്പത്തിന്റെ കാലഘട്ടത്തില്‍ ആര്യ നടത്തിയ വൈകാരിക പ്രതികരണം എന്ന നിലയിലാണ് അതിനെ മനസ്സിലാക്കേണ്ടത്.