ADVERTISEMENT

നെല്ലിയാമ്പതി (പാലക്കാട്)∙ ക്രിസ്മസ് രാത്രി. കൊടും തണുപ്പിൽ, കാടിനു നടുവിൽപ്പെട്ട ജീപ്പിൽ അതിഥി തൊഴിലാളി സുജയ് സർദ്ദാറും ഭാര്യ സാംബയും നഴ്സുമാരായ സുദിനയും ജാനകിയും. ഒപ്പം, മണിക്കൂറുകൾക്ക് മുന്‍പ് സാംബ പ്രസവിച്ച ആൺകുഞ്ഞും. നെൻമാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മെച്ചപ്പെട്ട ചികിത്സയ്ക്കായി പോയ ഇവരെ ആന വഴിയിൽ തടഞ്ഞത് രണ്ട് മണിക്കൂർ! ആനക്കൂട്ടത്തിൽ നിന്നു രക്ഷപ്പെടാൻ ജീപ്പ് പിന്നോട്ടെടുത്തപ്പോൾ എത്തിയത് കാട്ടുപോത്തിന്റെ കൂട്ടത്തിലേക്ക്. വന്യമൃഗങ്ങളെയും തടസ്സങ്ങളെയും താണ്ടി ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ക്രിസ്മസ് ദിനത്തിലെ ഒരു സന്തോഷ വാർത്ത.

  • Also Read

സാംബയ്ക്ക് രാത്രി പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് നെല്ലിയാമ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സായ സുദിന സുരേന്ദ്രനെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രസവം എടുക്കാൻ വേണ്ട സംവിധാനങ്ങൾ ഒരുക്കി. സാംബയും ഭർത്താവും ജീപ്പിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു. എന്നാൽ ദുർഘടം പിടിച്ച യാത്രയിൽ ആശുപത്രിയിൽ എത്തും മുന്‍പേ ജീപ്പിൽ തന്നെ യുവതി ആൺ കുഞ്ഞിനു ജൻമം നൽകി.

പരിശോധനയിൽ യുവതിയുടെ  ആരോഗ്യനില മോശമാണെന്നും ജീപ്പിൽ നിന്നു മാറ്റാൻ കഴിയാത്ത സാഹചര്യമാണെന്നും മനസിലായി. ഡോക്ടറുടെ നിർദേശ പ്രകാരം ജീപ്പിൽ വച്ചു തന്നെ പൊക്കിൾക്കൊടി മുറിച്ചു. മറ്റ് പ്രാഥമിക പരിചരണങ്ങളും നൽകി. അമ്മയെയും കുഞ്ഞിനെയും നെൻമാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കാനായി സുദിനയും ജാനകിയും അവരോടൊപ്പം ജീപ്പിൽ പുറപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോൾ യാത്രാമധ്യേ ആന ജീപ്പ് തടഞ്ഞു.

വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തിയെങ്കിലും 2 മണിക്കൂർ കൊമ്പൻ റോഡിൽ തന്നെ നിലയുറപ്പിച്ചു. ഈ സമയമത്രയും ഡോക്ടർ ഫോണിലൂടെ നിർദേശങ്ങൾ നൽകി. ആന റോഡിൽനിന്ന് മാറിയപ്പോൾ അമ്മയെയും കുഞ്ഞിനെയും നെന്മാറ ആശുപത്രിയിലേക്കു മാറ്റി. വിദഗ്ദ പരിശോധനയും പരിചരണത്തിനുമായി ഇരുവരേയും പിന്നീട് പാലക്കാട്  വനിതകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 

English Summary:

Christmas miracle: A mother gives birth in a jeep, facing wild elephants and buffaloes, before safely reaching the hospital.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com