ADVERTISEMENT

കൊച്ചി∙ വെടിക്കെട്ടിന്റെ കാര്യത്തിൽ ഇരട്ട നീതി വേണ്ടെന്ന് ഹൈക്കോടതി. ആരാധനാലയങ്ങളിലെ ആഘോഷങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ പരിപാടികളിലും പാലിക്കണം. വെടിക്കെട്ടിനുള്ള അനുമതിക്ക് ചട്ടങ്ങളിൽ ഇളവ് വരുത്താൻ സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഒക്ടോബർ 11ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് വെടിക്കെട്ട് നടത്തുന്നതിന് ഫയർ ഡിസ്പ്ലേ അസിസ്റ്റന്റ് അല്ലെങ്കിൽ ഫയർ ഡിസ്പ്ലേ ഓപ്പറേറ്ററെ നിയമിക്കേണ്ടതുണ്ട്. ഇയാളെ നിയമിച്ചു കൊണ്ടുള്ള എക്സ്പ്ലോസീവ്സ് കൺട്രോളറുടെ സർട്ടിഫിക്കറ്റോടു കൂടി മാത്രമേ വെടിക്കെട്ടിനുള്ള അനുമതിക്ക് അപേക്ഷിക്കാൻ സാധിക്കൂ. ഈ നിബന്ധനകൾ പാലിച്ചില്ലെന്ന് കാണിച്ച് ഏതാനും ആരാധനാലയങ്ങളിലെ വെടിക്കെട്ടിന് ജില്ലാ കലക്ടർമാർ അനുമതി നിഷേധിച്ചിരുന്നു. അനുമതി നിഷേധിക്കപ്പെട്ട ആരാധനാലയങ്ങളുടെ ഭാരവാഹികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശങ്ങൾ.

ഫയർ ഡിസ്പ്ലേ ഓപ്പറേറ്ററെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് കേന്ദ്ര വിജ്ഞാപനത്തിൽ പറഞ്ഞിട്ടില്ലെന്നും, അതിനാൽ വെടിക്കെട്ടിന് അനുമതി നൽകാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇടപെടാൻ ഹൈക്കോടതി തയാറായില്ല. വിഷയത്തിൽ പ്രായോഗിക പരിഹാരം അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. നിലവിലെ അവസ്ഥയ്ക്ക് കാരണം കേന്ദ്ര വിജ്ഞാപനമാണെന്നും, തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കി. ചട്ടങ്ങൾ നിലനിൽക്കുമ്പോൾ, വെടിക്കെട്ടിനുള്ള അനുമതിക്കായി ഇളവ് നൽകാൻ സംസ്ഥാന സർക്കാരിനെ നിർബന്ധിക്കാൻ ആവില്ലെന്ന് ജസ്റ്റിസ് എസ്.ഈശ്വരൻ വ്യക്തമാക്കി. 

നിയമവും പൊതു താൽപര്യവും കണക്കിലെടുത്തുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് അഭിനന്ദനാർഹമാണെങ്കിലും, ഇക്കാര്യത്തിൽ സർക്കാരിനും പൗരനും ഇരട്ട നീതി പാടില്ലെന്ന് കോടതി നിർദേശിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയാകണം. ഉത്സവാഘോഷങ്ങളിലെ വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങൾ സർക്കാർ മേൽനോട്ടത്തിലുള്ള ടൂറിസം പരിപാടികളിലും നിർബന്ധമാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. പുതുവർഷാഘോഷത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോടതി നിർദേശം സർക്കാർ പരിപാടികൾക്ക് കനത്ത തിരിച്ചടിയാകും.

English Summary:

Kerala High Court on Fireworks Permit: The Kerala High Court stated that the same regulations should apply to both government and religious events regarding the use of fireworks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com