ADVERTISEMENT

തിരുവനന്തപുരം ∙ സ്വന്തം നാട്ടിലേക്ക് സംസ്ഥാന സ്കൂൾ കലോത്സവം എത്തുമ്പോൾ അതു കെങ്കേമമാക്കാനുള്ള നെട്ടോട്ടത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പൊതുപരീക്ഷയുടെ മുന്നൊരുക്കങ്ങളും പാർട്ടി സമ്മേളനങ്ങളും ഉൾപ്പെടെയുള്ള തിരക്കുകളും വിവാദങ്ങളും വേറെ. കലോത്സവം, വിദ്യാഭ്യാസ അവകാശ നിയമത്തിൽ ഭേദഗതി വരുത്തിയുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനം, പുൽക്കൂട് തകർത്തതുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയവയെപ്പറ്റി മന്ത്രി ശിവൻകുട്ടി മനോരമ ഓൺലൈനോടു സംസാരിക്കുന്നു.

∙ സ്കൂൾ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ എവിടെവരെയായി?

കലോത്സവം കെങ്കേമമാക്കാൻ വിവിധ തലത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 19 സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. കാവാലം ശ്രീകുമാറിന്റെ സംഗീത സംവിധാനം ചെയ്ത സ്വാഗതഗാനത്തിന് കലാമണ്ഡലത്തിന്റെ നേതൃത്വത്തിലാണ് ദൃശ്യാവിഷ്കാരം ഒരുക്കുന്നത്. തദ്ദേശീയ കലകളും ഇത്തവണ കലോത്സവത്തിലുണ്ട് എന്ന പ്രത്യേകതയുമുണ്ട്. പഴയിടം മോഹനൻ നമ്പൂതിരിക്കു തന്നെയാണ് ഇത്തവണയും ഭക്ഷണത്തിന്റെ ചുമതല. ഇത്തവണ കലോത്സവ, കായികോത്സവ വാർത്താചിത്രങ്ങളും ലേ ഔട്ടും ചേർന്നുള്ള എക്‌സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടന സമ്മേളനവും പ്രതിപക്ഷ നേതാവ് സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യും. സിനിമാതാരം ടോവിനോ തോമസാണ് സമാപന സമ്മേളനത്തിലെ മുഖ്യാതിഥി.

∙തിരുവനന്തപുരം സ്വന്തം നഗരം കൂടിയാണല്ലോ. കലോത്സവം കൂടുതൽ വർണാഭമാകുമെന്ന് പ്രതീക്ഷിക്കാമോ?

മുൻപ് തിരുവനന്തപുരത്ത് കലോത്സവം നടന്നപ്പോൾ സംഘാടനത്തിൽ ഞാനും സജീവമായിരുന്നു. മികച്ച വിജയമായ കോഴിക്കോട്, കൊല്ലം കലോത്സവങ്ങളുടെ അനുഭവസമ്പത്തും സംഘാടനത്തിൽ നമുക്കുണ്ട്. തിരുവനന്തപുരം തീർച്ചയായും കലകളെ സ്നേഹിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന സ്ഥലമാണ്. വൻ ജനപങ്കാളിത്തം ആണ് പ്രതീക്ഷിക്കുന്നത്. കലോത്സവത്തിന്റെ ഓരോ നിമിഷവും ജനങ്ങളിലേക്കെത്തിക്കാൻ മാധ്യമങ്ങൾക്കു മികച്ച സൗകര്യമാണ് ഏർപ്പെടുത്തുന്നത്.

മണ്ണുത്തി ഡോൺ ബോസ്കോ സ്കൂൾ ടീം അവതരിപ്പിച്ച ഒന്നാം സ്ഥാനം നേടിയ മൈമിൽ നിന്ന്.
മണ്ണുത്തി ഡോൺ ബോസ്കോ സ്കൂൾ ടീം അവതരിപ്പിച്ച ഒന്നാം സ്ഥാനം നേടിയ മൈമിൽ നിന്ന്.

∙5, 8 ക്ലാസുകളിൽ മികവ് പുലർത്താത്ത വിദ്യാർഥികളെ തോൽപിക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർക്കാൻ തന്നെയാണോ തീരുമാനം? എല്ലാവരെയും ജയിപ്പിക്കുന്നുവെന്ന പരാതി നിരന്തരം നേരിടുകയല്ലേ?

2009 ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂ. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടു വയ്ക്കുന്ന, അഞ്ചാം ക്ലാസിലെയും എട്ടാം ക്ലാസിലെയും പൊതു പരീക്ഷകളിൽ കുട്ടികളെ പരാജയപ്പെടുത്തുക എന്നത് സംസ്ഥാന സർക്കാരിന്റെ നയമല്ല. മറിച്ച് പാഠ്യപദ്ധതി നിഷ്കർഷിക്കുന്ന തരത്തിൽ ഓരോ ക്ലാസിലും ഓരോ കുട്ടിയും നേടേണ്ട ശേഷികൾ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. സർക്കാർ ഇതിനകം തന്നെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി ഈ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും ഇക്കഴിഞ്ഞ അർധവാർഷിക പരീക്ഷ മുതൽ നടപ്പിലാക്കാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

8, 9, 10 ക്ലാസുകളിലും നിശ്ചിത ശേഷികൾ നേടാത്തവർക്കായി പ്രത്യേക പഠന പിന്തുണാ പരിപാടി സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും ഈ ശേഷികൾ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യും. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്ന കാര്യത്തിൽ സർക്കാർ യാതൊരു വിധ വിട്ടുവീഴ്ചകൾക്കും ഒരുക്കമല്ല. കുട്ടികളെ തോൽപിക്കുകയല്ല, എല്ലാ വിഭാഗം കുട്ടികളെയും ചേർത്തു നിർത്തുക എന്ന നയമാണ് കേരള സർക്കാരിന്റേത്. ഒരു വിഭാഗം വിദ്യാർഥികളെ ഒഴിവാക്കുന്ന രീതിക്കെതിരെ എന്നും കേരളം മുന്നിൽ ഉണ്ടാകും.

∙പാലക്കാട് സ്കൂളിലെ പുൽക്കൂട് തകർത്തതിനു പിന്നാലെ ഇന്നലെയും ക്രിസ്മസ് സംഘങ്ങൾക്കു നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണങ്ങളുണ്ടായിട്ടുണ്ടല്ലോ?

സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾ നിർഭാഗ്യകരമാണ്. കഴിഞ്ഞദിവസം ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങൾ മതേതര കേരളത്തിന്റെ മനഃസാക്ഷിക്കു തന്നെ വെല്ലുവിളി ഉയർത്തുന്നതാണ്. ഇത്തരം ആളുകളെയും ആശയത്തേയും കേരള ജനത അവജ്ഞയോടെ തള്ളിക്കളയും. മതനിരപേക്ഷതയുടെ ഉറച്ച കോട്ടയാണ് കേരളം. അത് തകർക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ മുന്നിൽത്തന്നെ ഉണ്ടാകും.

∙ തിരുവനന്തപുരം ജില്ലാ സമ്മേളനം എങ്ങനെയുണ്ടായിരുന്നു? വിഭാഗീയതയും നേതാക്കൾ പാർട്ടി വിടുന്നതും തലവേദനയാകുന്നുണ്ടോ?

എല്ലാ വിഭാഗങ്ങളും അംഗങ്ങളായ ബഹുജന പ്രസ്ഥാനമാണ് സിപിഎം. സമൂഹത്തിന്റെ നന്മയുടെയും തിന്മയുടെയും പ്രതിഫലനം സ്വാഭാവികമായും പാർട്ടിയിലും ഉണ്ടാകും. എന്നാൽ ഏതു പ്രശ്‌നത്തെയും മറികടക്കാനുള്ള ആന്തരിക ശക്തിയും ചൈതന്യവും പാർട്ടിക്കുണ്ട്.

English Summary:

Kerala's Education Minister V. Sivankutty is focused on ensuring a successful Kalotsavam. His priorities include the upcoming arts festival, public examinations, and addressing central government decisions, while striving for quality education for all.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com