ADVERTISEMENT

കോഴിക്കോട് ∙ മലയാളത്തിന് എല്ലാക്കാലത്തും വായിക്കാനുള്ളതത്രയും എഴുതിവച്ച്, പുലർവെയിലിൽ ഒരു മഞ്ഞുപാളി മായും പോലെ എംടി മാഞ്ഞു. അപ്പോഴും കാലത്തിന്റെ ചുവരിൽ ആ വിരലുകളെഴുതിയിട്ട മഹാരചനകൾ ജ്വലിച്ചു നിൽക്കുന്നു. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളാൽ കോഴിക്കോട് വീട്ടിലും ഫ്ലാറ്റിലുമായി കഴിയുകയായിരുന്നു എംടി. ഇടയ്ക്കിടെ ആരോഗ്യസ്ഥിതി മോശമാകുമ്പോൾ ആശുപത്രി വാസം. അത് ചിലപ്പോൾ ആഴ്ചകൾ നീളും. വീണ്ടും തിരികെ വീട്ടിലേക്ക്. അപ്പോഴൊക്കെയും വായനയ്ക്കു മാത്രം ഭംഗം വന്നില്ല. രണ്ടാമത്തെ മകൾ അശ്വതിയുടെ പരിചരണത്തിലായിരുന്നു എംടി. വളരെ അടുപ്പമുള്ള ആളുകളെ മാത്രമായിരുന്നു കണ്ടിരുന്നതും സംസാരിച്ചിരുന്നതും. അവസാന കാലമായപ്പോഴേക്കും സംസാരിക്കുന്നതിൽ നേരിയ വ്യക്തതക്കുറവ് വന്നെങ്കിലും വ്യക്തമായ കാഴ്ചപ്പാടോടുകൂടിയായിരുന്നു പറഞ്ഞതത്രയും. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് കഫക്കെട്ടും ശ്വാസ തടസ്സവും കൂടിയതിനെത്തുടർന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചു നാളത്തെ ചികിത്സയ്ക്ക് ശേഷം പതിവു പോലെ വീട്ടിലേക്കു മടങ്ങുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. വെള്ളിയാഴ്ച പതിനൊന്ന‌ു മണിയോടെ ഹൃദയ സ്തംഭനം ഉണ്ടായതോടെ ഡോക്ടർമാർ ഉൾപ്പെടെ ആശങ്കയിലായി. വെന്റിലേറ്റർ പോലുള്ള യന്ത്രങ്ങളുടെ സഹായം വേണ്ടെന്ന് എംടി നേരത്തേ തന്നെ നിർദേശം നൽകിയിരുന്നു. അതിനാൽ ഓക്സിജൻ മാസ്ക് പോലുള്ളവയുടെ സഹായം മാത്രമേ നൽകിയിരുന്നുള്ളൂ.

ഹൃദയ സ്തംഭനം വന്നുവെന്ന വാർത്ത മലയാളികളെ ഞെട്ടിച്ചു. സാഹിത്യ, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ആശുപത്രിയിലേക്ക് കുതിച്ചു. എംടിയെ കണ്ടിറങ്ങിയ എം.എൻ.കാരശ്ശേരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒടുവിൽ ബുധനാഴ്ച രാത്രി 10 മണിക്ക് ആൾക്കൂട്ടത്തിൽ നിന്നു തനിയെ എംടി കടന്നുപോയി. അന്ത്യനിമിഷങ്ങളിൽ ഭാര്യ സരസ്വതിയും മകൾ അശ്വതിയും അടുത്തുണ്ടായിരുന്നു. സാഹിത്യ, സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശുപത്രിയിലുണ്ടായിരുന്നു. തന്റെ വിയോഗം ആഘോഷമാക്കേണ്ടതില്ല എന്ന് എംടി നേരത്തേ പറഞ്ഞുവച്ചിരുന്നു. അതിനാൽ പൊതുദർശനം ഉൾപ്പെടെയുള്ള ചടങ്ങുകൾ ഇല്ലാതെയാവും സംസ്കാരം.

English Summary:

MT Vasudevan Nair Demise: Renowned Malayalam writer MT Vasudevan Nair, celebrated for his impactful contributions to Malayalam literature, passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com