‘ബീച്ചിൽ അടിയൊഴുക്കിൽപ്പെട്ടു, നിലവിളിച്ചു; എന്നെയും കാമുകിയേയും രക്ഷിച്ചത് ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും’
Mail This Article
പനജി∙ മരണത്തെ മുഖാമുഖം കണ്ട് യൂട്യൂബർ രൺവീർ അല്ലഹ്ബാദിയ. ഗോവ ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു രൺവീറും കാമുകിയും അപകടത്തിൽപ്പെട്ടത്. ഇരുവരെയും ഐപിഎസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഭാര്യയായ ഐആർഎസ് ഉദ്യോഗസ്ഥയും ചേർന്നാണ് രക്ഷപ്പെടുത്തിയത്.
ക്രിസ്മസ് ദിനത്തിൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കടലിൽ നീന്തുന്നതിനിടെ താനും കാമുകിയും അടിയൊഴുക്കിനെത്തുടർന്ന് അപകടത്തിൽപ്പെട്ടതിനെക്കുറിച്ച് രൺവീർ തുറന്നുപറഞ്ഞത്.
‘‘ഡിസംബർ 24ന് വൈകുന്നേരം ആറുമണിയോടു കൂടിയാണ് സംഭവം. പത്തു മിനിറ്റോളം രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ, ബോധം മറയുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് നിലവിളി കേട്ട് രണ്ടു പേരെത്തി എന്നെയും കാമുകിയെയും രക്ഷിച്ചത്. കടൽവെള്ളം ധാരാളം കുടിച്ചു... ബോധം നഷ്ടപ്പെടുമെന്ന അവസ്ഥയെത്തിയപ്പോഴാണ് നിലവിളിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയായ ഐആർഎസ് ഉദ്യോഗസ്ഥയും ചേർന്നാണ് രക്ഷപ്പെടുത്തിയത്. അവരോട് എന്നും നന്ദിയുണ്ടാകും.’’ – രൺവീർ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. കാമുകിയുടെ സ്വകാര്യത മാനിച്ച് രൺവീർ അവരുടെ പേരോ ചിത്രങ്ങളോ പുറത്തുവിട്ടിട്ടില്ല.