എഴുത്തിന്റെ കുലപതിക്ക് ഹൃദയാഞ്ജലി; അവസാനമായി കാണാൻ നാട് ഒഴുകുന്നു
Mail This Article
കോഴിക്കോട്∙ മലയാളത്തിന്റെ പ്രിയ കഥാകാരന് നാട് വിട നൽകുന്നു. ആൾകൂട്ടത്തിൽ തനിച്ചാകുന്നവരുടെ കഥ പറഞ്ഞ പ്രിയപ്പെട്ട കഥാകാരനെ കാണാൻ പൊള്ളുന്ന െവയിലിലും ഏറെ നേരം കാത്തു നിന്ന് നൂറുകണക്കിനാളുകൾ എംടിയുടെ വീട്ടിലേക്കെത്തി. കാൽ തൊട്ടു വന്ദിച്ചും കൈകൂപ്പി നിന്നും ആളുകൾ വിടചൊല്ലി.
മരണവിവരമറിഞ്ഞ് പുലർച്ചെ തന്നെ നൂറുകണക്കിനാളുകളാണ് സിതാരയിലേക്ക് എത്തിയത്. ചിലർ വിതുമ്പുന്നുണ്ടായിരുന്നു. പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, സജി ചെറിയാൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ഇ.പി.ജയരാജൻ, പി.െക.കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, സംവിധായകൻ ലാൽ ജോസ്, നടൻ വിനീത് തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ എംടിയുടെ വീട്ടിലേക്കെത്തി.
ചലച്ചിത്ര ലോകത്ത് അനശ്വര കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ എംടിയെ കാണാൻ നടൻ മോഹൻലാൽ നേരം പുലരും മുൻപേ എത്തി. വല്ലാത്ത നഷ്ടബോധത്തോടെ അദ്ദേഹം എംടിയുടെ അടുത്ത് ചുമരിൽ ചാരി ഏറെ നേരം നിന്നു. ഏറ്റവും നല്ല കഥാപാത്രങ്ങൾ തന്ന വ്യക്തിയാണ് എംടിയെന്ന് മോഹൻലാൽ പറഞ്ഞു. എംടിയുമായി നല്ല സ്നേഹ ബന്ധമുണ്ടായിരുന്നു. എന്റെ നാടകങ്ങൾ കാണാൻ അദ്ദേഹം എത്തിയിരുന്നു. വൈകാരികമായ അടുപ്പമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ഓളവും തീരവുമാണ് അവസാനം അഭിനയിച്ച ചിത്രമെന്നും മോഹൻ ലാൽ പറഞ്ഞു. എംടിയുടെ കഥകളേയും കഥാപാത്രങ്ങളെയും െവള്ളിത്തിരയിൽ അത്രമേൽ ചാരുതയോടെ പകർത്തിയ ഹരിഹരൻ നിറകണ്ണുകളുമായി എംടിയുടെ മൃതദേഹത്തെ വലംവച്ചു. കാൽപാദത്തിൽ തൊട്ടു നിലത്തിരുന്നു. തുടർന്ന് മകൾ അശ്വതിയുടെ അടുത്തെത്തി ആശ്വസിപ്പിച്ചു. അവർക്കൊപ്പം മൂകനായി ഇരുന്നു.
ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയും രാവിലെ തന്നെ ഗുരുതുല്യനായ എംടിയെ കാണാൻ എത്തി. എംടിയുടെ മൗനം തന്നെ വാചലമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ഒരുപാട് അർഥ തലമുണ്ടാകും അതിന്. ഞാൻ എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ പ്രേരണയിലാണ്. വിവാദങ്ങളിലൊന്നും പെടാതെ അദ്ദേഹം മാറി നിന്നു. മലയാളത്തെ വിശ്വ സാഹിത്യത്തിലേക്ക് കൊണ്ടുപോയി. എന്റെ രാഷ്ട്രീയത്തിനോട് അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ വാത്സല്യം ഒരുപാട് ഏറ്റുവാങ്ങിയ ആളാണ് താനെന്നും ശ്രീധരൻ പിള്ള പറഞ്ഞു. .
മന്ത്രി മുഹമ്മദ് റിയാസും രാവിലെ എത്തി. മതനിരപേക്ഷത നിലകൊള്ളണമെന്ന് എംടി എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യത്തിലൂടെയും സിനിമയിലൂടെയും മലയാളിയുടെ മനസ്സിൽ ഒരിക്കലും മായ്ക്കാൻ സാധിക്കാത്ത അടയാളങ്ങൾ കോറിയിട്ട എംടിയെ കാണാൻ ആബാലവൃദ്ധം സിതാരയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
എംടിക്ക് അന്തിമോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്ന് ആളുകളെത്തി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് മാവൂർ പൊതു ശ്മശാനത്തിൽ. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കും. എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു
മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരൽമുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉൾപ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. 2005 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോൾ പുരസ്കാരം, ജെ.സി. ദാനിയേൽ പുരസ്കാരം എന്നിവയടക്കം എണ്ണമറ്റ ബഹുമതികൾ നേടി. തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നാലു തവണയും സംസ്ഥാന ചലച്ചിത്ര അവാർഡ് 11 തവണയും നേടി. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മൂന്നു തവണ ലഭിച്ചു. ഭാര്യ: കലാമണ്ഡലം സരസ്വതി. മക്കൾ: സിതാര, അശ്വതി.