ADVERTISEMENT

ന്യൂഡൽഹി∙ ക്രിസ്മസ് ദിനത്തിൽ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നു വീണ് 38 പേർ മരിച്ച സംഭവത്തിനു പിന്നിൽ റഷ്യയുടെ മിസൈലുകളെന്നു സംശയം. കസഖ്സ്ഥാനിലെ അക്തൗവിനടുത്ത് തകർന്ന് വീണ അസർബൈജാൻ എയർലൈൻസ് വിമാനത്തിലേക്കു റഷ്യയുടെ ഉപരിതല മിസൈലോ വിമാനവേധ മിസൈലോ അബദ്ധത്തിൽ ഇടിച്ചിരിക്കാമെന്നാണ് സൂചനയെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച ദൃശ്യങ്ങളും പുറത്തുവന്നു. ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്കുള്ള യാത്രാമധ്യേയാണ് അസർബൈജാൻ വിമാനം നിയന്ത്രണം നഷ്ടപ്പെട്ടു അക്തൗവിൽ തകർന്നു വീണത്.

വിമാനത്തിന്റെ പുറംഭാഗത്തുകണ്ട ദ്വാരങ്ങളും വാൽ ഭാഗത്തെ അടയാളങ്ങളും സംബന്ധിച്ച വിഡിയോ സഹിതമാണ് വ്യോമയാന വിദഗ്ധരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ സംഭവത്തിനു പിന്നിൽ റഷ്യൻ മിസൈൽ ആക്രമണമാകാമെന്നു റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിന്റെ ബോഡിയിൽ ഒന്നിലധികം വലിയ ദ്വാരങ്ങൾ ഉണ്ടെന്നും ഇതെല്ലാ വലിയ വീതിയുള്ളതുമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തതായും അന്വേഷണത്തിന്റെ ഭാഗമായി വോയ്‌സ് റെക്കോർഡറുകളിൽ നിന്നുമുള്ള വിവരങ്ങൾ പരിശോധിക്കുമെന്നും യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

അതേസമയം അസർബൈജാൻ എയർലൈൻസ് വിമാനം യുക്രെയൻ ഡ്രോൺ ആക്രമണം ശക്തമായ പ്രദേശത്തേക്കാണു പോയിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരം മിസൈലുകളുടെ ആക്രമണത്തിൽ തകർന്ന മറ്റ് സിവിലിയൻ, സൈനിക വിമാനങ്ങളിലും സമാനമായ ദ്വാരങ്ങൾ കണ്ടിരുന്നതായും വിദഗ്ധർ പറയുന്നു. ഗ്രോസ്നിയയെ യുക്രെയിൻ ഡ്രോണുകൾ ഏതാനും ആഴ്ചകൾക്ക് മുമ്പ് ആക്രമിച്ചിരുന്നു, ഇതോടെ ഇവിടെ നിലയുറപ്പിച്ചിരുന്ന റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം, അസർബൈജാൻ എയർലൈൻസ് വിമാനത്തെ ഡ്രോണാണെന്നു തെറ്റിദ്ധരിച്ചു ഉന്നമിട്ടതാകാമെന്നും റിപ്പോർട്ടുകളുണ്ട്. 

എന്നാൽ സംഭവത്തിന് പിന്നിൽ മിസൈൽ ആക്രമണമാണെന്ന തരത്തിലുള്ള വാർത്തകളെ റഷ്യ അപലപിച്ചു. അന്വേഷണം നടക്കുകയാണെന്നും റിപ്പോർട്ടുകൾക്കായി കാത്തിരിക്കണമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വാർത്താ ഏജൻസിയായ എഎഫ്‌പിയോടു പറഞ്ഞു. രാജ്യത്ത് ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ച അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് മുൻ സോവിയറ്റ് രാജ്യങ്ങളുടെ കൂട്ടായ്മയായ കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്‌റ്റേറ്റ്‌സിൻ്റെ (സിഐഎസ്) ഉച്ചകോടിയുടെ ഭാഗമായി നടത്തേണ്ടിയിരുന്ന റഷ്യൻ സന്ദർശനം റദ്ദാക്കുകയും ചെയ്തു. 

ബകുവിൽനിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 67 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 38പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ പറയുന്നത്. അപകടത്തിൽപ്പെട്ട 29പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

English Summary:

Azerbaijan Airlines plane crash : Azerbaijan Airlines plane crash near Aktau, Kazakhstan claimed 38 lives on Christmas Day. Suspicion focuses on a possible mistaken Russian missile strike, with an ongoing investigation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com