സർവകലാശാലയിൽ വിദ്യാർഥിനിക്ക് പീഡനം: ശരീരത്തിൽ സ്വയം ചാട്ടവാർ അടിച്ചു അണ്ണാമലൈ–വിഡിയോ
Mail This Article
ചെന്നൈ∙ അണ്ണാ സർവകലാശാല ക്യാംപസിൽ വിദ്യാർഥിനിയെ ഉപദ്രവിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച അണ്ണാമലൈ, രാവിലെ വീട്ടുമുറ്റത്ത് ശരീരത്തിൽ 8 തവണ സ്വയം ചാട്ടവാർ കൊണ്ട് അടിച്ചു. 48 ദിവസം വ്രതമെടുക്കുമെന്നും പ്രഖ്യാപിച്ചു.
പച്ച നിറത്തിലുള്ള മുണ്ട് ധരിച്ച് ഷർട്ടിടാതെ വീടിനു പുറത്തേക്ക് വന്ന അണ്ണാമലൈ ചാട്ട കൊണ്ട് ദേഹത്ത് അടിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്. കൂടെ സഹായികളും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ആറു തവണ ചാട്ടവാർ കൊണ്ട് അടിക്കുമെന്നായിരുന്നു അണ്ണാമലൈ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞ്. എട്ട് തവണ ദേഹത്ത് അടിച്ചശേഷം വീണ്ടും അടിക്കാനൊരുങ്ങിയതോടെ ഒരു സഹായി എത്തി അണ്ണാമലയെ തടയുന്നതും ദൃശ്യങ്ങളിലുണ്ട്.
പെൺകുട്ടിയുടെ പേരും വിവരങ്ങളും അടക്കമുള്ള എഫ്ഐആർ പുറത്തുവിട്ടതിനെ ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ കടുത്ത ഭാഷയിൽ വിമർശിച്ചു. പെൺകുട്ടിയുടെ സ്വകാര്യത ലംഘിച്ചതായും അവരെ മോശമായി ചിത്രീകരിക്കുന്നതാണ് എഫ്ഐആറെന്നും അണ്ണാമലൈ ആരോപിച്ചു. വിവാദമായതോടെ ഓൺലൈനിൽ നിന്ന് എഫ്ഐആർ പൊലീസ് നീക്കി. സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് അണ്ണാമലൈ അറിയിച്ചു. ഡിഎംകെ നേതാക്കൾക്കൊപ്പമുള്ള പ്രതിയുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. പ്രതി ഡിഎംകെ പ്രവർത്തകനാണെന്ന പ്രതിപക്ഷ ആരോപണം പാർട്ടി തള്ളി.