മൻമോഹൻ സിങ്ങിന് യമുനാ തീരത്ത് പ്രത്യേക സ്മാരകം വേണം: കേന്ദ്രസർക്കാരിനെ ആവശ്യം അറിയിച്ച് കോൺഗ്രസ്
Mail This Article
ന്യൂഡൽഹി∙ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് പ്രത്യേക സ്മാരകം ഒരുക്കണമെന്ന് കോൺഗ്രസ്. യമുനാ തീരത്ത് സ്മാരകം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം കേന്ദ്രസർക്കാരിനെ സമീപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചെന്നാണ് വിവരം. മുൻ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങള്‍ക്കൊപ്പം മൻമോഹൻ സിങ്ങിനും സ്മാരകം പണിയണമെന്നാണ് ആവശ്യം.
എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ആവശ്യം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇതുവരെയും തീരുമാനം അറിയിച്ചിട്ടില്ല. അന്തരിച്ച പ്രധാനമന്ത്രിമാർക്കു നേരത്തെ വെവ്വേറെ സ്മാരകങ്ങൾ നിർമിക്കുമായിരുന്നു. എന്നാൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്താണ് ഇത് നിർത്തലാക്കിയത്. സ്ഥല ദൗർലഭ്യം കണക്കിലെടുത്തായിരുന്നു ഇത്തരത്തിലൊരു തീരുമാനം. രാജ്ഘട്ടിൽ പൊതു സ്മാരകം സ്ഥാപിക്കാൻ 2013ലാണ് യുപിഎ സർക്കാർ തീരുമാനമെടുത്തത്.
മൻമോഹൻ സിങ്ങിന് പ്രത്യേക സ്മാരകത്തിന് അനുമതി നൽകാത്തതു രാഷ്ട്രീയ ചർച്ചകൾക്കു വഴിയൊരുക്കിയിരിക്കുകയാണ്. മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന് പ്രത്യേക സ്മാരകം പണിയാൻ അനുമതി നൽകാതിരുന്നതു ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇതിനെ മറികടക്കുന്നത്. മൻമോഹൻ സിങ്ങിന് സ്മാരകം പണിയാൻ വേണ്ടി മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്കു കത്തെഴുതിയതു വിരോധാഭാസമെന്നാണു ബിജെപി ദേശീയ വക്താവ് സി.ആർ.കേശവൻ വ്യക്തമാക്കിയത്.
‘യുപിഎ സർക്കാരിന്റെ കാലത്ത് മുൻ പ്രധാനമന്ത്രി നരസിംഹ റാവുവിന് സ്മാരകം പണിയാതിരുന്നതു മല്ലികാർജുന്‍ ഖർഗെയെ ആരെങ്കിലും ഓർമിപ്പിക്കണം. 2004-2014 വരെ 10 വർഷം കോൺഗ്രസ് അധികാരത്തിലിരുന്നിട്ടും നരസിംഹ റാവുവിന് അവർ സ്മാരകം പണിതിരുന്നില്ല’ – സി.ആർ.കേശവൻ പറഞ്ഞു. രാജ്യത്തെ ആദ്യത്തെ സിഖ് പ്രധാനമന്ത്രിയെ അപമാനിക്കുകയാണു ബിജെപിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.