ADVERTISEMENT

ന്യൂഡൽഹി∙ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ നിഗംബോധ് ഘട്ടിൽ നടക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പൂർണ സൈനിക ബഹുമതികളോടെ ശനിയാഴ്ച രാവിലെ 11.45നാണു സംസ്കാര ചടങ്ങുകൾ. ഡൽഹി മോത്തിലാൽ നെഹ്റു മാർഗിലുള്ള വസതിയിലാണ് ഇപ്പോൾ‌ മൃതദേഹം. ഒട്ടേറെപ്പേർ ഇവിടെയെത്തി അന്തിമോപചാരം അർപ്പിച്ചു. നാളെ രാവിലെ എട്ടു മണിക്ക് എഐസിസി ആസ്ഥാനത്ത് പൊതുദർശനം ആരംഭിക്കും. ജനങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും ആദരാഞ്ജലി അർപ്പിക്കാം. 

ഇതിനിടെ, മൻമോഹൻ സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. മറ്റു പ്രധാനമന്ത്രിമാരുടെ സ്മാരകമുള്ള യമുനാ തീരത്ത് പ്രത്യേക സ്മാരകം വേണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് കേന്ദ്രസർക്കാരിനെ സമീപിച്ചത്. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു. 

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തോട് അനുബന്ധിച്ചു ശനിയാഴ്ച കേന്ദ്രസർക്കാർ ഓഫിസുകൾക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 9.51ന് ആയിരുന്നു മൻമോഹൻ സിങ്ങിന്റെ അന്ത്യം. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. കേന്ദ്രസർക്കാർ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

English Summary:

Former Indian Prime Minister Manmohan Singh passes away; Manmohan Singh's death marks the end of an era in Indian politics. The former Prime Minister will be given a state funeral, a testament to his long and impactful career.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com