ADVERTISEMENT

ന്യൂഡൽഹി∙ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. ശനിയാഴ്ച എഐസിസി ആസ്ഥാനത്തുനിന്നു മൃതദേഹം സംസ്കാരം നടക്കുന്ന ശ്മശാനത്തിലേക്ക് കൊണ്ടുപോകും. അന്ത്യകർമങ്ങൾ എവിടെ നടക്കുമെന്ന് സംബന്ധിച്ചു സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ബന്ധുക്കളുമായി ആലോചിച്ച് സംസ്കാരസ്ഥലം സർക്കാർ തീരുമാനിക്കും.

മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ അന്ത്യകർമങ്ങൾ ദേശീയ സ്മാരകമായ രാജ്ഘട്ടിലാണ് നടത്തിയത്. ഇതേ മാതൃകയിൽ തന്നെ മൻമോഹൻ സിങ്ങിന്റെ അന്ത്യകർമങ്ങളും നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച, ഡൽഹി മോത്തിലാൽ നെഹ്‌റു റോഡിലെ ഔദ്യോഗിക വസതിയിലെ പൊതുദർശനത്തിന് ശേഷം, ശനിയാഴ്ച രാവിലെ 8 മണിയോടെ, മൃതദേഹം എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഒൻപതരവരെ പാർട്ടി ആസ്ഥാനത്ത് പൊതുദർശനം തുടരും.‌‌

ഇതിനുശേഷം വിലാപയാത്രയായി ഭൗതികദേഹം അന്ത്യകർമങ്ങൾക്കായി കൊണ്ടുപോകും.. അടൽ ബിഹാരി വാജ്‌പേയിയുടെ അന്ത്യവിശ്രമസ്ഥലമായ ‘അടൽ സമാധി’ പോലെ ഡൽഹിയിൽ മൻമോഹൻ സിങ്ങിന് സ്മാരകം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. യുഎസിൽ താമസിക്കുന്ന മൻമോഹൻ സിങ്ങിന്റെ മകൾ വെള്ളിയാഴ്ച രാത്രിയോടെ ഡൽഹിയിലെത്തും. ഇതിനാലാണ് സംസ്കാര ചടങ്ങുകൾ ശനിയാഴചത്തേക്ക് മാറ്റിയത്.

സർക്കാർ പ്രോട്ടോക്കോൾ

മുൻ പ്രധാനമന്ത്രിമാരുടെ അന്ത്യകർമങ്ങൾക്കായി സർക്കാർ നിശ്ചിത പ്രോട്ടോക്കോൾ പിന്തുടരുന്നുണ്ട്. വിലാപയാത്രയ്ക്കു മുൻപ് മൃതദേഹത്തിൽ ദേശീയപതാക പുതപ്പിക്കും. തുടർന്ന് ആദരസൂചകമായി 21 ഗൺ സല്യൂട്ട് നൽകും. ദേശീയ ദുഃഖാചരണം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. സംസ്കാര സമയത്ത് രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ രാജ്യത്ത് സർക്കാരിന്റെ പൊതുചടങ്ങുകളോ ഔദ്യോഗിക പരിപാടികളോ ഉണ്ടാകില്ല. നാളെ കേന്ദ്രസർക്കാർ ഓഫിസുകൾക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു.

English Summary:

Manmohan Singh Death: What Does Protocol Say?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com