ADVERTISEMENT

സന∙ ലോകാരോഗ്യ സംഘടനാ തലവൻ ടെഡ്രോസ് അദാനം ഉണ്ടായിരുന്ന യെമനിലെ വിമാനത്താവളത്തിൽ ആക്രമണം നടത്തി ഇസ്രയേൽ. സനയിലെ രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ബോംബാക്രമണത്തിൽനിന്ന് ടെഡ്രോസും സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. ടെഡ്രോസ്  സഹപ്രവർത്തകർക്കൊപ്പം വിമാനത്തിലേക്ക് കയറാൻ തുടങ്ങവേയാണ് പെട്ടെന്ന് ആക്രമണമുണ്ടായത്. അദ്ദേഹം യാത്ര ചെയ്യാനിരുന്ന വിമാനത്തിലെ ക്രൂ അംഗത്തിനും പരുക്കുണ്ട്.

ആക്രമണ വിവരം ടെഡ്രോസ് തന്നെയാണ് എക്സ് കുറിപ്പിലൂടെ പങ്കുവച്ചത്. താനും സഹപ്രവർത്തകരും സുരക്ഷിതരാണെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. എയർ ട്രാഫിക് കണ്‍ട്രോൾ ടവർ, ഡിപാർച്ചർ ലോഞ്ച്, റൺവേ എന്നിവിടങ്ങളിൽ നാശം സംഭവിച്ചു.

ഡിപാർചർ ലോഞ്ചിനു സമീപമാണു നിലയുറപ്പിച്ചിരുന്നതെന്നും അക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തിൽ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് അപലപിച്ചു. രാജ്യാന്തര നിയമങ്ങൾ പാലിക്കണമെന്നും സാധാരണക്കാരെയും മനുഷ്യാവകാശ പ്രവർത്തകരെയും ഒരിക്കലും ലക്ഷ്യംവയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകി. 

യെമനിലെ ഹൂതികളെയാണ് ലക്ഷ്യം വച്ചതെന്ന് ഇസ്രയേൽ അറിയിച്ചു. ഹൂതികൾ ആക്രമണത്തിനായി ഉപയോഗിക്കുന്ന അടിസ്ഥാന ഉപകരണങ്ങൾ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇസ്രയേൽ പ്രതിരോധ സംഘം വ്യക്തമാക്കി. സനയിലെ വിമാനത്താവളത്തിനു പുറമേ അൽ– ഹുദായദ്, സലിഫ് തുടങ്ങിയ പോർട്ടുകളും ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നു.

English Summary:

Sana'a Airport Attack: Israel's airstrike on Sana'a airport in Yemen narrowly missed WHO chief Tedros Adhanom. The attack killed two and injured several, prompting international condemnation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com