തേനിയിൽ ബസും കാറും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; അപകടം വേളാങ്കണ്ണിയിൽ നിന്ന് മടങ്ങുന്നതിനിടെ
Mail This Article
തേനി∙ പെരിയകുളത്ത് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു മൂന്നു മലയാളികൾ മരിച്ചു. ഒരാൾക്കു ഗുരുതര പരുക്കേറ്റു. കാർ യാത്രികരായ കോട്ടയം കുറവിലങ്ങാട് പകലോമറ്റം ഗോവിന്ദപുരം കോളനി കാഞ്ഞിരത്താംകുഴി സോണി മോൻ (45), നമ്പുശ്ശേരി കോളനി അമ്പലത്തുങ്കൽ ജോജിൻ (33), പകലോമറ്റം കോയിക്കൽ ജയ്ൻ തോമസ് (30) എന്നിവരാണു മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഗോവിന്ദപുരം പുത്തൻ കുന്നേൽ പി.ജി.ഷാജി. (50) തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ഇന്നു പുലർച്ച അഞ്ചരയോടെ ആയിരുന്നു അപകടം. സുഹൃത്തുക്കളായ 4 പേരും വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്നു. അപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ പൂർണമായി തകർന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറും ബസും മറിഞ്ഞു. 18 ബസ് യാത്രക്കാർക്കും പരുക്കുണ്ട്. ഏർക്കാടേയ്ക്കു പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകട വിവരം അറിഞ്ഞ് ബന്ധുക്കൾ തേനിയിലേക്ക് പുറപ്പെട്ടു.