ഹൂതി മിസൈൽ തകർത്ത് ‘താഡ്’; ഇസ്രയേൽ പ്രയോഗിച്ചത് യുഎസ് പ്രതിരോധ സംവിധാനം
Mail This Article
ജറുസലം∙ യെമനിൽനിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ യുഎസിന്റെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം (താഡ്) ഉപയോഗിച്ച് തകർത്ത് ഇസ്രയേൽ. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് മിസൈൽ പ്രയോഗിച്ചതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. യുഎസിന്റെ പ്രധാന മിസൈൽ സംവിധാനമാണ് താഡ്. ആദ്യമായാണ് ഈ മിസൈൽ സംവിധാനം ഇസ്രയേൽ ഉപയോഗിക്കുന്നത്. ഒക്ടോബറിലാണ് മിസൈൽ സംവിധാനം ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമായത്.
താഡ് സംവിധാനം മിസൈലിനെ ഫലപ്രദമായി ചെറുത്തതായി ഇസ്രയേൽ അധികൃതർ വ്യക്തമാക്കി. ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്നാണ് ഇസ്രയേൽ താഡ് സംവിധാനം ഉപയോഗിച്ചു തുടങ്ങിയത്. ഈ സംവിധാനത്തിന് 870 മുതൽ 3000 കിലോമീറ്റർ പരിധിവരെയുള്ള മിസൈൽ ഭീഷണികളെ കണ്ടെത്താനാകും.
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഹൂതികൾ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയത്. ചൊവ്വാഴ്ച ഇസ്രയേൽ വിമാനങ്ങൾ യെമന്റെ തലസ്ഥാനമായ സനയിലെ വിമാനത്താവളത്തിൽ ശക്തമായ വ്യോമാക്രണം നടത്തിയിരുന്നു.