40കാരിയെ വച്ച് ഹണിട്രാപ്, എതിരാളികളെ എയ്ഡ്സ് ബാധിതരാക്കാൻ ശ്രമം: ബിജെപി എംഎൽഎയ്ക്കെതിരെ കുറ്റപത്രം
Mail This Article
ബെംഗളൂരു∙ ബിജെപി എംഎൽഎ രാഷ്ട്രീയ എതിരാളികളെ ഹണിട്രാപ്പിൽ കുടുക്കാനും എയ്ഡ്സ് ബാധിതരാക്കാനും ശ്രമിച്ചതായി കർണാടക പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആർആർ നഗർ എംഎൽഎയായ മുനിരത്ന ലൈംഗിക പീഡനക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കുറ്റപത്രത്തിലാണ് ഗുരുതര കണ്ടെത്തലുകൾ. തന്നെ ഭീഷണിപ്പെടുത്തി ഒട്ടേറെ തവണ പീഡിപ്പിച്ചെന്ന 40 വയസ്സുകാരിയായ സാമൂഹികപ്രവർത്തകയുടെ പരാതിയിലാണ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
2481 പേജുള്ള കുറ്റപത്രത്തിൽ 146 സാക്ഷി മൊഴികളാണുള്ളത്. തെളിവുകളായി 850 രേഖകളുമുണ്ട്. രാഷ്ട്രീയ എതിരാളികളെ ഒതുക്കാൻ തന്നെ ഉപയോഗിച്ച് മുനിരത്ന ഹണിട്രാപ് ഒരുക്കിയെന്നതു ഉൾപ്പെടെ പരാതിക്കാരിയുടെ ആരോപണങ്ങളിൽ തെളിവുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ അറസ്റ്റിലായ മുനിരത്നയ്ക്കു പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
ബിജെപി ഭരണത്തിൽ റവന്യു മന്ത്രിയായിരിക്കെ, പ്രതിപക്ഷ നേതാവ് ആർ.അശോകയെ എച്ച്ഐവി സാന്നിധ്യമുള്ള രക്തം കുത്തിവയ്ക്കാൻ പൊലീസ് ഉദ്യോഗസ്ഥനായ ഇയാൻ റെഡ്ഡിയുമായി ചേർന്ന് മുനിരത്ന ഗൂഢാലോചന നടത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ ശ്രമം പരാജയപ്പെട്ടതായും കണ്ടെത്തലുണ്ട്. മുനിരത്നയുടെ 2 അടുത്ത അനുയായികളും കേസിലെ പ്രതികളാണ്. മുൻ ഹോർട്ടികൾചർ വകുപ്പ് മന്ത്രിയായിരുന്ന മുനിരത്ന, രാജരാജേശ്വരി മണ്ഡലത്തിൽനിന്നു നാലാമത്തെ തവണയാണ് തിരഞ്ഞെടുക്കപ്പെട്ടത്.