ഡിസിസി ട്രഷററുടെ മരണം: വീണ്ടും വിവാദമായി സഹകരണ നിയമനക്കോഴ; ദുരൂഹത ആരോപിച്ച് സിപിഎം
Mail This Article
ബത്തേരി∙ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ അസ്വഭാവിക മരണം, വർഷങ്ങൾക്കു മുൻപുണ്ടായ നിയമനക്കോഴ വിവാദം വീണ്ടും പൊതു സമൂഹത്തിലുയർത്തുന്നു. വിജയന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സിപിഎം ഇന്നലെ രംഗത്തെത്തി. ബത്തേരി സഹകരണ അർബൻ ബാങ്ക് നിയമനത്തിനായി 25 മുതൽ 40 ലക്ഷം വരെ ചില നേതാക്കൾ പലരിൽ നിന്നായി വാങ്ങിയെടുത്തെന്നാണ് അന്നും ഇന്നും ഉയർന്ന ആരോപണം. എന്നാൽ പരാതിക്കാർ അന്നു രംഗത്ത് സജീവമാകാതിരുന്നതോടെ ആരോപണങ്ങൾക്കു മൂർച്ച കുറയുകയായിരുന്നു. അതേസമയം, പാർട്ടിക്കുള്ളിൽ വലിയ വിവാദമായതോടെ കെപിസിസി അന്വേഷണ കമ്മിഷനെ നിയോഗിച്ച് റിപ്പോർട്ട് വാങ്ങിയെടുത്തിരുന്നു. ഒന്നുരണ്ടു പേർക്ക് സസ്പെൻഷൻ ലഭിച്ചതൊഴിച്ചാൽ തുടർ നടപടികളൊന്നുമുണ്ടായില്ല.
പണം നഷ്ടമായവർ പരാതി പരസ്യമായി പറഞ്ഞില്ലെങ്കിലും ചിലർ കേസുമായി ഇപ്പോഴും കോടതിയിലുണ്ട്. ജോലി വാഗ്ദാനം ചെയ്തു പണം വാങ്ങിയെന്ന ആരോപണം പലർക്കെതിരെയും ഉണ്ടെങ്കിലും അതിൽ എൻ.എം.വിജയൻ കരുവാക്കപ്പെട്ടെന്നാണു നിഗമനം. നിയമനക്കോഴയുമായി ബന്ധപ്പെട്ട് എൻ.എം. വിജയൻ കെപിസിസിക്ക് അയച്ചതെന്നു പറയുന്ന കത്തും പ്രാദേശിക നേതാവ് നേതൃത്വത്തിനയച്ച കത്തും ഇന്നലെ മുതൽ പ്രചരിപ്പിക്കപ്പെടുന്നു. ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷം രൂപയുടെ ഇടപാടു നടത്തിയെന്ന കത്തും ഇന്നലെ പുറത്തു വന്നു.
എംഎൽഎയുടെ പേര് പറഞ്ഞ് കരാർ ഉടമ്പടി
എംഎൽഎ ഒപ്പിടാതെ എംഎൽഎയുടെ പേര് മുദ്രപ്പത്രത്തിൽ ചേർത്ത് കരാർ ഉടമ്പടി. എൻ.എം. വിജയന്റെ മരണത്തെ തുടർന്നുണ്ടായ ആരോപണങ്ങളിലും വിവാദങ്ങളിലും ഇത്തരത്തിലൊരു കത്തു കൂടി ഇന്നലെ പുറത്തു വന്നു. 2019 ഒക്ടോബർ 9ന് എഴുതിയെന്നു പറയുന്ന കത്താണിത്. റിട്ട. അധ്യാപകൻ പീറ്റർ ഒന്നാം കക്ഷിയായും ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയൻ രണ്ടാം കക്ഷിയായും എഴുതിയ ഉടമ്പടിയാണിത്.
ഒന്നാം കക്ഷിയുടെ മകന് പൂതാടി സഹകരണ ബാങ്കിലോ ബത്തേരി ബാങ്കിലോ എവിടെയാണോ ഒഴിവു വരുന്നത് അവിടെ ജോലി നൽകാമെന്നും അതിനായി ഐ.സി. ബാലകൃഷ്ണന്റെ നിർദേശ പ്രകാരം എൻ.എം. വിജയനു 30 ലക്ഷം നൽകുന്നുവെന്നും പണം എംഎൽഎ വാങ്ങിയിട്ടും ജോലി നൽകാൻ കഴിയാതെ വന്നാൽ ഏഴു ശതമാനം പലിശയടക്കം തിരികെ നൽകണമെന്നുമാണു കരാർ. രഹസ്യ കരാർ ആയതിനാൽ സാക്ഷികൾ ഒപ്പിടുന്നില്ലെന്നും പറയുന്നു. പീറ്ററും എൻ.എം. വിജയനും മാത്രമാണ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്. ഐ.സി. ബാലകൃഷ്ണന്റെ ഓപ്പോ സീലോ മറ്റെന്തെങ്കിലും ഉറപ്പുകളോ ഇതിലില്ല.
തന്റെ ഒപ്പോ സീലോ ഇല്ലാതെ തന്റെ പേര് എഴുതിച്ചേർത്ത് ഉണ്ടാക്കിയ ഉടമ്പടി വ്യാജമാണെന്നും കെപിസിസി ഇതു നേരത്തെ പരിശോധിച്ചു ബോധ്യപ്പെട്ടതാണെന്നും ഇപ്പോൾ വീണ്ടും തനിക്കെതിരെ കള്ളക്കഥകളുണ്ടാക്കുന്നതിൽ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകുമെന്നും ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പറഞ്ഞു. വിജയന്റെ മരണത്തിൽ പാർട്ടിതല അന്വേഷണം നടത്തണമെന്നു കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെടുമെന്നു ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പറഞ്ഞു.എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ ദുരൂഹതയോ ഇടപെടലുകളോ ഉണ്ടെങ്കിൽ പൊലീസും അന്വേഷിച്ചു കണ്ടെത്തണം.അർബൻ ബാങ്കിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരത്തെ ഉയർന്നതും കെപിസിസി അന്നത് അന്വേഷിച്ച് അടിസ്ഥാന രഹിതമെന്നു കണ്ടെത്തിയതുമാണ് – എൻ.ഡി.അപ്പച്ചൻ പറഞ്ഞു.
അന്വേഷണം വേണം: സിപിഎം
വിജയന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും സിപിഎം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ബത്തേരി സഹകരണ അർബൻ ബാങ്കിൽ കോഴ നിയമനം നടത്തി കോടികൾ തട്ടിയെടുത്തവർ എൻ.എം. വിജയനെ കരുവാക്കുകയായിരുന്നു. നിയമനം നൽകാമെന്നു വാഗ്ദാനം നൽകി നിരവധി പേരിൽനിന്നു നേതാക്കൾ കോടികൾ കൈപ്പറ്റിയെങ്കിലും സഹകരണ വകുപ്പിന്റെ കർശന ഇടപെടലിൽ നിയമനം നടത്താൻ കഴിഞ്ഞില്ല. ഇതോടെ പണം നൽകിയവർ പലരും തിരികെ ആവശ്യപ്പെട്ടു. എന്നാൽ അതും നൽകാൻ കഴിഞ്ഞില്ല. സംഭവത്തിൽ എൻ.എം. വിജയനെ ബലിയാടാക്കുകയാണ് ഉണ്ടായത്. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫിസിലേക്ക് സിപിഎമ്മിന്റെ നേതൃത്വത്തിൽ മാർച്ചു നടത്തുമെന്ന് ഏരിയ സെക്രട്ടറി പി.ആർ. ജയപ്രകാശ് അറിയിച്ചു. എംഎൽഎ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്.