ADVERTISEMENT

സോൾ∙ ദക്ഷിണ കൊറിയയിൽ റൺവേയിലൂടെ തെന്നിനീങ്ങി കോൺക്രീറ്റ് മതിലിൽ ഇടിച്ച് കത്തിയമർന്ന വിമാനത്തിലുണ്ടായിരുന്ന 179 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ജീവനക്കാരടക്കം 181 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 2 പേരെ രക്ഷിച്ചു. ഇരുവരും വിമാനക്കമ്പനി ജീവനക്കാരാണ്. തായ്‌ലൻഡിൽനിന്ന് മടങ്ങിയ ജെജു എയർലൈൻസിന്റെ വിമാനമാണ് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ, സോളിൽനിന്ന് 290 കി.മീ. അകലെയുള്ള മുവാൻ വിമാനത്താവളത്തിൽ തകർന്നത്.

കൊല്ലപ്പെട്ടതിൽ 77 പേർ സ്ത്രീകളാണ്. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിരക്ഷാസേനയുടെ 32 വാഹനങ്ങളും ഒട്ടേറെ ഹെലിക്കോപ്റ്ററുകളും സ്ഥലത്തെത്തി. 1560 രക്ഷാപ്രവർത്തകരെ കൂടാതെ, പൊലീസുകാരും സൈനികരും മറ്റ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് ഉണ്ടായിരുന്നു. അപകടത്തിന്റെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

റൺവേയിലേക്കു താഴ്ന്ന വിമാനത്തിന്റെ ലാൻഡിങ് ഗിയർ പുറത്തുവന്നിരുന്നില്ല. തെന്നിനീങ്ങിയ വിമാനം മതിലിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. തീ അണച്ചതായി അഗ്നിശമനസേനാ അധികൃതർ അറിയിച്ചു. പ്രാദേശിക സമയം രാവിലെ 9.03നായിരുന്നു അപകടം. 15 വർഷം പഴക്കമുള്ള ബോയിങ് 737-800 ജെറ്റ് വിമാനമാണിതെന്ന് ദക്ഷിണ കൊറിയൻ ഗതാഗത മന്ത്രാലയം വ്യക്തമാക്കി. അപകടത്തിൽ ജെജു എയർ ക്ഷമാപണം നടത്തി.

അപകടത്തിൽ തകർന്ന് ജെജു എയർ വിമാനം (Photo by JUNG YEON-JE / AFP)
അപകടത്തിൽ തകർന്ന് ജെജു എയർ വിമാനം (Photo by JUNG YEON-JE / AFP)

ബാങ്കോക്കിൽനിന്ന് തിരിച്ചെത്തുകയായിരുന്ന വിമാനത്തിൽ തായ്‌ലൻഡ് സ്വദേശികളായ 2 പേരുണ്ടായിരുന്നു. തായ്‌ലൻഡിലെ സുവർണഭൂമി വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ജെജു എയറിന്റെ 7സി 2216 വിമാനത്തിന് എന്തെങ്കിലും തകരാർ ഉണ്ടായിരുന്നതായി റിപ്പോർട്ടില്ലെന്ന് തായ്‌ലൻഡിലെ വിമാനത്താവളങ്ങളുടെ ഡയറക്ടർ കെറാറ്റി കിജ്‌മാനാവത് സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയയുടെ വ്യോമയാന ചരിത്രത്തിൽ ഏറ്റവുമധികംപേർ കൊല്ലപ്പെട്ട വിമാനപകടങ്ങളിലൊന്നാണിത്. 1997ൽ ഗുവാമിലുണ്ടായ വിമാനാപകടത്തിൽ 228 പേർ കൊല്ലപ്പെട്ടിരുന്നു.

ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ വിമാനാപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. (Photo by JUNG YEON-JE / AFP)
ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ വിമാനാപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. (Photo by JUNG YEON-JE / AFP)

വിമാനം പൂർണമായി തകർന്നെന്ന് മുവാൻ അഗ്നിരക്ഷാസേന മേധാവി ലീ ജിയോങ്–ഹിയോൺ അറിയിച്ചു. വിമാനത്തിന്റെ വാൽ ഭാഗം മാത്രമാണ് അവശിഷ്ടങ്ങൾക്കിടയിൽ തിരിച്ചറിയാൻ പാകത്തിൽ കിടക്കുന്നത്. പക്ഷിയിടിച്ചാണോ അപകടം എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനം ലാൻഡ് ചെയ്യുന്നതിനു മുന്നോടിയായി എയർ ട്രാഫിക് കൺട്രോളിൽനിന്ന് പക്ഷികൾ പറക്കുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നു ഗതാഗത മന്ത്രാലയം പറഞ്ഞു. വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെടുത്തു. ഇതു പരിശോധിച്ചശേഷം അപകടകാരണം വ്യക്തമാകുമെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

English Summary:

South Korea Plane Crash: At least 177 people died when a Jeju Air Boeing 737-800 crashed during landing at Muan Airport in South Korea. The flight originated in Bangkok, Thailand, carrying 181 passengers and crew members.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com