ഗിന്നസിനായി മൃദംഗനാദം നൃത്തസന്ധ്യ; വിഐപി ഗാലറിയിലേക്ക് ചിരിയോടെ ഉമ, പെട്ടെന്ന് താഴേക്ക്
Mail This Article
കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിലെ സന്തോഷ അന്തരീക്ഷം പെട്ടെന്നാണു മാറിയത്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടു സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയായിരുന്നു സ്റ്റേഡിയത്തിൽ. 12,000 പേർ പങ്കെടുക്കുന്ന ചടങ്ങെന്നാണു സംഘാടകർ പറയുന്നത്. മന്ത്രി സജി ചെറിയാനായിരുന്നു ഉദ്ഘാടനം. വിഐപി ഗാലറിയിലേക്ക് ചിരിയോടെ കടന്നു വന്ന തൃക്കാക്കര എംഎൽഎ ഉമ തോമസ് പെട്ടെന്ന് താഴേക്ക് വീഴുന്നതാണ് എല്ലാവരും കണ്ടത്. വലിയതോതിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഉടനെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി.
15 അടിയിൽ കൂടുതൽ ഉയരത്തിൽനിന്നാണ് എംഎൽഎ വീണതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. താഴേക്ക് വീഴാതിരിക്കാൻ ക്രമീകരണങ്ങൾ ഉണ്ടായിരുന്നോ എന്നു വ്യക്തമല്ല. എംഎൽഎ താഴേക്ക് വീണ് കോൺക്രീറ്റിൽ തലയിടിച്ചു. രക്തം വാർന്ന് ഒഴുകിയതോടെ ആംബുലൻസിലേക്ക് മാറ്റി. പ്രാഥമിക ചികിത്സ നൽകിയശേഷം 200 മീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
‘‘ ബിപി സാധാരണ നിലയിലായിരുന്നു. ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ ഓക്സിജൻ നൽകി. പൾസ് സാധാരണ നിലയിലാണ്. നല്ല രക്തസ്രാവം ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയിലേക്കു മാറ്റി. സിടി സ്കാനിങ് എടുക്കുന്നു. സ്റ്റേഡിയത്തിലെ കുട്ടികളെ ചികിത്സിക്കുമ്പോഴാണ് എന്നെ ആംബുലൻസിലേക്ക് വിളിപ്പിച്ചത്. അപ്പോഴാണ് എംഎൽഎയെ കണ്ടത്. പരുക്ക് ഗുരുതരമാണോ എന്ന് സിടി സ്കാൻ എടുത്താലേ അറിയാൻ കഴിയൂ’’–സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവമറിഞ്ഞ് മന്ത്രി സജി ചെറിയാനും കോൺഗ്രസ് നേതാക്കളും കുടുംബവും സ്റ്റാഫ് അംഗങ്ങളും ആശുപത്രിയിലേക്കെത്തി. എഡിജിപി എസ്. ശ്രീജിത്തും കലക്ടറും ആശുപത്രിയിലുണ്ട്. തലയുടെ സ്കാനിങ് എടുത്തശേഷം ആരോഗ്യസ്ഥിതി ഡോക്ടർമാർ പരിശോധിക്കുകയാണ്.