ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചു, തലയ്ക്കും നട്ടെല്ലിനും പരുക്ക്; ഉമാ തോമസ് വെന്റിലേറ്ററിൽ- വിഡിയോ
Mail This Article
കൊച്ചി∙ കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എംഎൽഎയ്ക്കു പരുക്ക്. നൃത്തപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. ഗാലറിയുടെ വശത്തുനിന്ന എംഎൽഎ താഴേക്കു വീഴുകയായിരുന്നു. ബാരിക്കേഡ് സ്ഥാപിച്ച പൈപ്പ് വീണു തലയ്ക്കു പരുക്കേറ്റു. എംഎൽഎയെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കലക്ടർ അടക്കമുള്ളവർ ആശുപത്രിയിലെത്തി.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടു സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയാണ് അപകടം. സ്റ്റേഡിയത്തിൽ വിഐപികൾക്കായി 40 കസേരകൾ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവിടേക്കു നടന്നു വന്നപ്പോഴാണ് എംഎൽഎ താഴേക്കു വീണത്. കോൺക്രീറ്റിൽ തലയിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. കൊണ്ടുപോകുമ്പോൾ എംഎൽഎയ്ക്കു ബോധമുണ്ടായിരുന്നു. സ്കാനിങിന് വിധേയയാക്കി. കോൺഗ്രസ് നേതാക്കളും സ്റ്റാഫ് അംഗങ്ങളും ആശുപത്രിയിലുണ്ട്.
‘‘ഉമാ തോമസിന് ശ്വാസകോശത്തിനും തലയ്ക്കും നട്ടെല്ലിനും സാരമായി പരുക്കേറ്റതായി ഡോക്ടർമാർ അറിയിച്ചു. 15 അടി പൊക്കത്തിൽ നിന്നാണു വീണത്. വെന്റിലേറ്ററിലേക്കു മാറ്റി. സ്കാനിങിൽ തലയ്ക്കു പരുക്കുണ്ടെന്ന് കണ്ടെത്തി. ശ്വാസകോശത്തിനും നട്ടെല്ലിനും പരുക്കുണ്ട്. ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചു. ശരീരം മൊത്തം എക്സ്റേ എടുത്തു. മറ്റ് പരുക്കുകൾ കാണുന്നില്ല. പ്രധാനമായി നോക്കുന്നത് തലച്ചോറിലെയും ശ്വാസകോശത്തിലെയും പരുക്കാണ്. മുഖത്ത് മുറിവുകളുണ്ട്. വളരെയധികം രക്തസ്രാവമുണ്ട്. ശസ്ത്രക്രിയ ഇപ്പോൾ ആവശ്യമില്ല. ബോധരഹിതയാണെന്നും ആരോഗ്യസ്ഥിതി മെച്ചമാണെന്നും ഇപ്പോൾ പറയാൻ കഴിയില്ല’’– ഡോക്ടർമാർ പറഞ്ഞു.
‘‘ബിപി സാധാരണ നിലയിലായിരുന്നു. ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ ഓക്സിജൻ നൽകി. പൾസ് സാധാരണ നിലയിലാണ്. വളരെയേറെ രക്തസ്രാവം ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയിലേക്കു മാറ്റി. സ്റ്റേഡിയത്തിലെ കുട്ടികളെ ചികിത്സിക്കുമ്പോഴാണ് എന്നെ ആംബുലൻസിലേക്കു വിളിപ്പിച്ചത്. അപ്പോഴാണ് എംഎൽഎയെ കണ്ടത്.’’–സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഡോക്ടർ മാധ്യമങ്ങളോടു പറഞ്ഞു. വശങ്ങളിൽ കെട്ടിയിരുന്ന റിബണിൽ ബാരിക്കേഡെന്നു കരുതി പിടിച്ചപ്പോഴാണു താഴേക്ക് വീണതെന്നാണു സൂചന. കുടുംബാംഗങ്ങളും ഡിഐജി പുട്ട വിമലാദിത്യ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും നേതാക്കളും ആശുപത്രിയിലുണ്ട്.