2 ലക്ഷം ഭൂരിപക്ഷത്തിൽ ഭരണത്തിൽ; ഒടുവിൽ കടപുഴകി ഹസീന: വിദ്യാർഥി പ്രക്ഷോഭം വിധിമാറ്റിയ ‘ബംഗ്ലാ’ സ്റ്റോറി
Mail This Article
2024ല്‍ ഏറ്റവും നാടകീയരംഗങ്ങള്‍ക്കു സാക്ഷ്യം വഹിച്ച രാജ്യങ്ങളിലൊന്ന് ബംഗ്ലദേശായിരുന്നു. ഷെയ്ഖ് ഹസീനയെന്ന വന്മരം കടപുഴകി വീഴുകയും ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തിലല്ലാതെ വിദ്യാര്‍ഥികളുടെയും അക്കാദമിക വിദഗ്ധരുടെയും നേതൃത്വത്തില്‍ ഒരു കാവല്‍ സര്‍ക്കാര്‍ നിലവില്‍ വരുകയും ചെയ്ത വര്‍ഷം. പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീനയെ അഞ്ചാം തവണയും തിരഞ്ഞെടുക്കുകയും അവാമി ലീഗിന് വന്‍ഭൂരിപക്ഷം നല്‍കുകയും ചെയ്ത പൊതുതിരഞ്ഞെടുപ്പോടെയാണ് 2024നെ ബംഗ്ലദേശ് സ്വാഗതം ചെയ്തത്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്ന തിരഞ്ഞെടുപ്പില്‍ രണ്ടുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഹസീനയുടെ വിജയം. എന്നാല്‍ അണയാന്‍ പോകുന്ന തീയുടെ ആളിക്കത്തല്‍ മാത്രമായിരുന്നു അതെന്ന് പിന്നീടു തെളിഞ്ഞു.
സാമ്പത്തിക ലക്ഷ്യങ്ങള്‍ മാത്രം മുന്നില്‍ക്കണ്ട് ഹസീനയുടെ സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോള്‍ മറുവശത്ത് അഴിമതി, സ്വജനപക്ഷപാതം, ഏകാധിപത്യം തുടങ്ങിയവ കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി. സര്‍ക്കാര്‍ ജോലിയിലെ സംവരണത്തിനെതിരെ ജൂലൈയില്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയ പ്രക്ഷോഭമാണ് ബംഗ്ലദേശിന്റെയും ഹസീനയുടെയും വിധി മാറ്റിയെഴുതിയത്. സ്വാതന്ത്ര്യസമര സേനാനികളുടെ പിന്തുടര്ച്ചക്കാര്ക്ക് 30% ഉള്‍പ്പെടെ സര്‍ക്കാര്‍ ജോലികളില്‍ 56% സംവരണം നല്കുന്ന സംവിധാനം ബംഗ്ലദേശ് ഹൈക്കോടതി പുനഃസ്ഥാപിച്ചതോടെ വിദ്യാര്‍ഥികള്‍ പ്രക്ഷോഭം തുടങ്ങി. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലുകളില്‍ വിദ്യാര്‍ഥികളും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
പിന്നീട് തൊഴില്‍ സംവരണം റദ്ദാക്കി സുപ്രീംകോടതി വിധിപ്രഖ്യാപിച്ചെങ്കിലും വിദ്യാര്‍ഥി പ്രക്ഷോഭം സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭമായി രൂപംമാറി. 600ലേറെപ്പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭകർ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇടിച്ചുകയറുമെന്ന ഘട്ടത്തില്‍ ഓഗസ്റ്റ് 5ന് രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടി. പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കരുതിയതെങ്കിലും നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ വേണമെന്ന്് സമരത്തിനു നേതൃത്വം നല്കിയ വിദ്യാര്‍ഥിക്കൂട്ടായ്മ ആവശ്യപ്പെട്ടു. തുടര്‍ന്ന് യൂനുസ് നയിക്കുന്ന കാവല്‍ സര്‍ക്കാര്‍ നിലവില്‍ വന്നു. സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരിനു ഭരണം കൈമാറുകയാണ് തങ്ങളുടെ ദൗത്യമെന്നാണ് യൂനുസ് പ്രഖ്യാപിച്ചിട്ടുള്ളത്.
നാലു മാസത്തെ ഭരണത്തില്‍ ബംഗ്ലദേശിന്റെ സാമ്പത്തികാവസ്ഥയില്‍ പുരോഗതിയുണ്ടായെന്നാണ് കാവല്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. വിദേശനാണ്യ ശേഖരം വര്‍ധിപ്പിച്ചുവെന്നും ഒക്ടോബറിലെ കയറ്റുമതി വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 % വളര്‍ച്ചയുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് വരും വര്‍ഷം ബംഗ്ലദേശിനെ കാത്തിരിക്കുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ പക്ഷം. ഓഗസ്റ്റിനു ശേഷം പത്തുലക്ഷത്തോളം പേരാണ് തൊഴില്‍രഹിതരായത്. ഒട്ടേറെ കച്ചവടസ്ഥാപനങ്ങളും വ്യവസായങ്ങളും പൂട്ടി. ബംഗ്ലദേശ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ തുണിത്തര വ്യവസായമേഖലയെയാണ് തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചത്. പണപ്പെരുപ്പം, സമ്പദ് വ്യവസ്ഥയുടെ തകർച്ച, ദാരിദ്ര്യം എന്നിവ വരും വര്‍ഷത്തില്‍ ബംഗ്ലദേശിനു തലവേദനയാകും. അടുത്ത രണ്ടു വര്‍ഷത്തില്‍ രാജ്യത്തിന്റെ പണപ്പെരുപ്പം 33% ആകുമെന്നും സമ്പദ് വ്യവസ്ഥ 16.3% ഇടിയുമെന്നും ദാരിദ്ര്യവും അസമത്വവും 13.6% വര്‍ധിക്കുമെന്നും സെന്റര്‍ ഫോര്‍ പോളിസി ഡയലോഗ് (സിപിഡി) നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നു.
ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമം തടയുന്നതില്‍ പരാജയപ്പെടുന്നതും തീവ്ര ഇസ്ലാമിക സംഘടനകളോടും ഭീകരസംഘടനകളോടും പുലര്‍ത്തുന്ന അനുഭാവവും യൂനുസ് സര്‍ക്കാരിനെ വിമര്‍ശനത്തിന് പാത്രമാക്കുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ ന്യൂനപക്ഷങ്ങള്ക്കുനേരെയുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2,200 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഇസ്കോണ്‍ സന്യാസി ചിന്മയ് കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലാക്കിയതും വലിയ വാര്‍ത്തയായി. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നത് തടയാന്‍ ഇടക്കാല സര്‍ക്കാര്‍ കാര്യമായ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.
തിരഞ്ഞെടുപ്പ് സംവിധാനം, ഭരണഘടന എന്നിവയിലുള്‍പ്പെടെ വലിയ മാറ്റം വരുത്താനുള്ള പരിഷ്കരണ കമ്മിഷനുകളുടെ റിപ്പോര്‍ട്ടും അതിന്റെ നടത്തിപ്പുമാണ് 2025ല്‍ ബംഗ്ലദേശില്‍ നിര്‍ണായകമാകുന്ന മറ്റൊരു ഘടകം. പരിഷ്കാരങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് 2025ന്റെ അവസാനമോ 2026 ആദ്യമോ തിരഞ്ഞെടുപ്പു നടത്തുമെന്നാണ് യൂനുസിന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പ്, ഭരണഘടന, പൊലീസ്, പൊതുഭരണം, ജുഡീഷ്യറി, അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പരിഷ്കരണം വരുത്താനായി ആറ് കമ്മിഷനുകളെയാണ് ഇടക്കാല സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്. ഇവര്‍ ഡിസംബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടുത്ത തിരഞ്ഞെടുപ്പ് മുതല്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് പരിഷ്കരണ കമ്മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ നടപ്പിലായ ശേഷമാകും തിരഞ്ഞെടുപ്പ്. രാഷ്ട്രീയ പാര്‍ട്ടികള്‍ അനുവദിച്ചാല്‍ തിരഞ്ഞെടുപ്പ് പരിഷ്കരണം മാത്രം പൂര്‍ത്തിയാക്കി 2025ല്‍ തിരഞ്ഞെടുപ്പ് നടത്താമെന്നും യൂനുസ് പറയുന്നു. ബിഎന്‍പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെയാകും പിന്തുണയ്ക്കുക. എന്നാല്‍ ഈ നിര്‍ദേശത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പുണ്ട്. സംവിധാനത്തില്‍ മാറ്റം വരുത്താതെ ഒരു അഴിമതിസര്ക്കാരില്നിന്നു മറ്റൊന്നിലേക്ക് മാറുന്നത് ആത്മഹത്യാപരമെന്നാണ് അവരുടെ വാദം.
ബംഗ്ലദേശിന്റെ നയങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്. ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങള്‍, ഷെയ്ഖ് ഹസീനയുടെ തിരിച്ചുപോക്ക്, പാക്കിസ്ഥാനുമായും ചൈനയുമായും ഉള്ള ബംഗ്ലദേശിന്റെ അടുപ്പം തുടങ്ങിയവ ഇന്ത്യയെ അലട്ടുന്നു. അതുകൊണ്ടുതന്നെ ബംഗ്ലദേശുമായുള്ള വിദേശനയത്തില്‍ അതീവശ്രദ്ധയോടെ മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോകുകയാണ് ഇന്ത്യ. ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലദേശ് നയതന്ത്രതലത്തില്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. വിദേശ സെക്രട്ടറി വിക്രം മിശ്രി ധാക്ക സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെയാണ് ഈ നീക്കം. ധാക്ക ഔദ്യോഗികമായി നീങ്ങിത്തുടങ്ങിയതിനാല്‍ ഈ വിഷയത്തില്‍ ഇന്ത്യ മറുപടി നല്‍കേണ്ടി വരും. ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റക്കരാര്‍ പ്രകാരം ഹസീനയെ വിട്ടുനല്‍കുകയോ അല്ലെങ്കില്‍ പഴുതുകള്‍ ചൂണ്ടിക്കാട്ടി നിരസിക്കുകയോ ചെയ്യേണ്ടി വരും ഇന്ത്യയ്ക്ക്. രണ്ടായാലും അതിന് പ്രത്യാഘാതങ്ങളുമുണ്ടാകും. ഹസീന സര്‍ക്കാരിന്റെ കാലത്ത് ഊര്‍ജ മേഖലയിലടക്കം ഇന്ത്യന്‍ കമ്പനികള്‍ ബംഗ്ലദേശുമായി ഒപ്പിട്ട കരാറുകള്‍ നഷ്ടമാകുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തില്‍ ആശങ്കയായി നില്ക്കുന്നു.