പ്രണയനിരാശ: ജലാറ്റിൻ സ്റ്റിക് കെട്ടിവച്ച് പെൺകുട്ടിയുടെ വീടിനു മുന്നിൽ സ്ഫോടനം, യുവാവിന് ദാരുണാന്ത്യം
Mail This Article
ബെംഗളൂരു ∙ പ്രണയപരാജയത്തെ തുടർന്ന് ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടിവച്ച് സ്ഫോടനം നടത്തി 21 വയസ്സുകാരൻ ജീവനൊടുക്കി. നാഗമംഗല സ്വദേശി രാമചന്ദ്രയാണു മരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രക്ഷിതാക്കൾ ബന്ധത്തിനു തടസ്സം നിന്നതിനെ തുടർന്ന് കലേനഹള്ളിയിലെ ഇവരുടെ വീടിനു മുന്നിൽ ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. സംഭവസ്ഥലത്തു തന്നെ രാമചന്ദ്ര മരിച്ചതായി പൊലീസ് പറഞ്ഞു. നാഗമംഗല പൊലീസ് കേസെടുത്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ രാമചന്ദ്രയ്‌ക്കെതിരെ പൊലീസ് പോക്സോ കേസെടുത്തിരുന്നു. തുടർന്ന് വിചാരണത്തടവിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പാറമടകളിൽ സ്ഫോടനം നടത്താൻ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കാണ് ഉപയോഗിച്ചത്. ഫൊറൻസിക് സംഘം സ്ഥലം സന്ദർശിച്ച് തെളിവെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)