അതിഷി ‘താൽക്കാലിക മുഖ്യമന്ത്രി’യെന്ന് കേജ്‍രിവാൾ പറഞ്ഞത് എന്നെ വേദനിപ്പിച്ചു: കത്തെഴുതി ലഫ്. ഗവര്‍ണര്‍
Mail This Article
ന്യൂഡൽഹി ∙ എഎപി ദേശീയ കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവനയിൽ എതിര്‍പ്പുമായി ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വി.കെ.സക്സേന. തന്റെ പിന്‍ഗാമിയായ അതിഷിയെ ‘താൽക്കാലിക മുഖ്യമന്ത്രി’ എന്നു വിശേഷിപ്പിച്ച കേജ്‌രിവാളിന്റെ പ്രസ്താവനയാണു സക്സേനയെ ചൊടിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അതിഷിക്കു സക്സേന കത്തയച്ചു.
‘‘താങ്കളുടെ മുന്‍ഗാമിയായ കേജ്‌രിവാള്‍ കുറച്ചുദിവസം മുൻപു നിങ്ങളെ താൽക്കാലിക മുഖ്യമന്ത്രിയായി മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത് എനിക്ക് വളരെ അസ്വസ്ഥതയും വേദനയുമുണ്ടാക്കി. ഇതു താങ്കളെ മാത്രമല്ല, നിയമിച്ച രാഷ്ട്രപതിയെയും അവരുടെ പ്രതിനിധിയായ എന്നെയും അപമാനിക്കുന്നതായിരുന്നു. താൽക്കാലിക മുഖ്യമന്ത്രി എന്ന വ്യാഖ്യാനത്തിനു ഭരണഘടനാപരമായ അടിസ്ഥാനമില്ല. ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന ജനാധിപത്യ മൂല്യങ്ങളെയും ആദര്‍ശങ്ങളെയും അതു നിന്ദ്യമായി അവഗണിക്കുന്നു’’– മുഖ്യമന്ത്രി അതിഷിക്ക് എഴുതിയ കത്തില്‍ സക്സേന അഭിപ്രായപ്പെട്ടു.
വ്യക്തിപരമെന്നു വിശേഷിപ്പിച്ചാണു സക്സേനയുടെ കത്ത്. മുഖ്യമന്ത്രിയായി അതിഷി ചെയ്ത ജോലിയെ കത്തിൽ പ്രശംസിക്കുന്നുണ്ട്. ‘‘താങ്കൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഞാന്‍ മനസ്സുനിറഞ്ഞ് അഭിനന്ദിച്ചിരുന്നു. അന്നുമുതല്‍ ഇന്നുവരെ, എന്റെ രണ്ടര വര്‍ഷത്തെ കാലയളവില്‍ ആദ്യമായി ഒരു മുഖ്യമന്ത്രി അവരുടെ ജോലി ചെയ്യുന്നതായി കണ്ടു. നിങ്ങളുടെ മുന്‍ഗാമിക്ക് ഒരു വകുപ്പുപോലും ഉണ്ടായിരുന്നില്ല, അദ്ദേഹം ഫയലുകളില്‍ ഒപ്പിട്ടില്ല. നിങ്ങള്‍ നിരവധി വകുപ്പുകളുടെ ചുമതല ഏറ്റെടുത്തു ഭരണകാര്യങ്ങൾ ശ്രദ്ധിച്ചു’’– സക്സേന അഭിപ്രായപ്പെട്ടു.
താങ്കളെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതിൽ നിരാശയുണ്ടെന്നു പറഞ്ഞ സക്സേന, പൂര്‍ണസമയ മുഖ്യമന്ത്രി എന്ന നിലയിലുള്ള അതിഷിയുടെ പ്രകടനത്തെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രായപ്പെട്ടു. നേരത്തേയും അതിഷിയെ സക്സേന പ്രശംസിച്ചിരുന്നു. മദ്യനയക്കേസില്‍ ജയിലിലായതിനു പിന്നാലെ കേജ്‍രിവാൾ രാജിവച്ചപ്പോഴാണു കഴിഞ്ഞ സെപ്റ്റംബറിൽ അതിഷി മുഖ്യമന്ത്രിയായത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണു ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്.