പുതുവത്സരം ആഘോഷിക്കാം, പക്ഷേ ‘ഇഴയേണ്ട’; പ്രഫഷണൽ സഹായവുമായി എറണാകുളം ആർടിഒ
Mail This Article
കൊച്ചി ∙ പുതുവത്സരത്തിന് ആരെയും ‘ഇഴയാൻ’ സമ്മതിക്കില്ലെന്ന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസ് (ആർടിഒ). മദ്യപിച്ചു ‘ഫിറ്റായാലും’ സാരമില്ല, വീട്ടിലെത്തിക്കാൻ ‘പ്രഫഷണൽ’ സഹായമുണ്ടാകും. പുതുവത്സര ദിവസം മദ്യപിച്ചു വാഹനമോടിക്കുന്നതു തടയാനാണ് പുതിയ വഴി അവതരിപ്പിച്ചത്. പുതുവത്സരത്തോട് അനുബന്ധിച്ച് എറണാകുളത്തെ ബാർ ഹോട്ടലുകളിൽ പ്രഫഷണൽ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാൻ ആർടിഒ നിർദേശിച്ചു.
മദ്യപിച്ചു വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന റോഡപകടങ്ങൾ തടയുന്നതിന്റെ ഭാഗമായാണു ബാറുകള്‍ ഉള്ള എല്ലാ ഹോട്ടലുകളും ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കിയിരിക്കണമെന്നു നിര്‍ദേശിച്ചത്. ഹോട്ടലുകൾ പ്രഫഷണൽ ഡ്രൈവർമാരെ ക്രമീകരിക്കുകയോ നിയുക്ത ഡ്രൈവർ സേവനങ്ങളുമായി ബന്ധപ്പെടുകയോ വേണം. ഹോട്ടലുകളിൽ എത്തുന്നവർക്കു ഡ്രൈവർമാരുടെ സേവനം ലഭ്യമാണെന്ന് അറിയിക്കുകയും ആവശ്യമുള്ളവർ നേരത്തേ ബുക് ചെയ്യുകയും വേണം.
ഡ്രൈവറെ ലഭ്യമാക്കുക മാത്രമല്ല, മദ്യപിച്ചു വാഹനമോടിക്കുന്നതിന്റെ അപകടത്തെ കുറിച്ച് ഉപഭോക്താക്കളോടു ഹോട്ടലുകാർ ആശയവിനിമയം നടത്തണമെന്നും ആർടിഒ പറയുന്നു. ഇക്കാര്യം ഹോട്ടലുകളിൽ ശരിയായി കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ അതിനെക്കുറിച്ചു പറയുന്നതു റജിസ്റ്ററിൽ രേഖപ്പെടുത്തണം. ഇത് അധികൃതർ പരിശോധിക്കും.
ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കാൻ വിസമ്മതിക്കുകയും മദ്യപിച്ചു വാഹനമോടിക്കാൻ ശ്രമിക്കുകയും ചെയ്താൽ ഹോട്ടൽ അധികൃതർ ഉടനെ അടുത്തുള്ള പൊലീസ് സ്റ്റേഷനെയോ ആർടിഒയെയോ അറിയിക്കണം. ഈ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ മോട്ടർ വാഹന വകുപ്പിലെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടി എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.