യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു; അന്ത്യം നൂറാം വയസ്സിൽ
Mail This Article
വാഷിങ്ടൻ∙ യുഎസ് മുൻ പ്രസിഡന്റും നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റാണ്. കാൻസറിനെ അതിജീവിച്ച അദ്ദേഹം കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു. ജനുവരി 9ന് രാജ്യവ്യാപകമായി ദുഃഖാചരണം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.
ഡെമോക്രാറ്റുകാരനായ കാർട്ടർ 1977 മുതൽ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു. തുടർഭരണം തേടിയ റിപ്പബ്ലിക്കൻ പ്രസിഡന്റ് ജെറാൾഡ് ഫോർഡിനെയാണ് കാർട്ടർ അന്നു തോൽപ്പിച്ചത്. ഈജിപ്തും ഇസ്രയേലും തമ്മിലുള്ള സമാധാന കരാറായ 1978ലെ ക്യാംപ് ഡേവിഡ് അക്കോർഡ്സിനു പിന്നിൽ പ്രവർത്തിച്ച യുഎസ് പ്രസിഡന്റാണ്. മധ്യപൂർവേഷ്യയിൽ കുറച്ചെങ്കിലും സ്ഥിരത കൊണ്ടുവരാൻ സഹായിച്ചത് ഈ കരാറാണ്. തുടർഭരണം തേടിയ കാർട്ടറെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ റോണാൾഡ് റീഗൻ ആണ് പരാജയപ്പെടുത്തിയത്. 100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ്. 1978ൽ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. 77 വർഷം ജീവിതപങ്കാളിയായിരുന്ന റോസലിൻ കഴിഞ്ഞ നവംബറിൽ 96–ാം വയസ്സിൽ അന്തരിച്ചു.
അറ്റ്‌ലാന്റയിലും വാഷിങ്ടനിലും പൊതുദർശനം ഉണ്ടാകുമെന്ന് കാർട്ടർ സെന്റർ അറിയിച്ചു. സംസ്കാരം എന്നെന്ന് തീരുമാനിച്ചിട്ടില്ല. 2002ലാണ് നൊബേൽ സമ്മാനം ലഭിച്ചത്. ഇത്യോപ്യയും എറിട്രിയയും മുതൽ ബോസ്നിയയും ഹെയ്റ്റിയും വരെ ലോകത്തെ പലയിടങ്ങളിലെയും സംഘർഷങ്ങൾ ഇല്ലാതാക്കാനും മനുഷ്യാവകാശം ഉറപ്പാക്കാനും ജിമ്മി കാർട്ടർ നടത്തിയ ശ്രമങ്ങൾക്കായിരുന്നു പുരസ്കാരം.
വൈറ്റ്ഹൗസിൽ തനിക്കുശേഷം ഏഴു പ്രസിഡന്റുമാരെക്കണ്ടും ലോകം മാറിമറിയുന്നതറിഞ്ഞും ജോർജിയയിലെ കൊച്ചുവീട്ടിലായിരുന്നു താമസം. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ വീട് ആശുപത്രിയാക്കിയുള്ള സ്നേഹപരിചരണത്തിൽ കഴിയുകയായിരുന്നു.