അബ്ദുൽ റഹീമിന്‍റെ കേസ് മാറ്റിവച്ചു; നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കും, വിസ്മയ കേസിലെ പ്രതിക്ക് പരോൾ– പ്രധാനവാർത്തകൾ വായിക്കാം
Mail This Article
രണ്ടുപേരുടെ മടക്കയാത്രയ്ക്കായി പ്രാർഥനയോടെയുള്ള കാത്തിരിപ്പിലാണ് കേരളം. ഒന്ന് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം, രണ്ട് യെമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയ. രണ്ടുപേരെയും കുറിച്ചുള്ള അത്ര ശുഭകരമല്ലാത്ത വാർത്തകൾ പുറത്തുവന്ന ദിവസമായിരുന്നു ഇന്ന്. അതിനൊപ്പം പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനില, യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ മരണം, വിസ്മയ കേസിലെ പ്രതിയുടെ പരോൾ തുടങ്ങിയവയായിരുന്നു ഇന്നത്തെ മറ്റുപ്രധാനപ്പെട്ട വാർത്തകൾ. വാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം.
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ കേസ് റിയാദ് കോടതി അഞ്ചാം തവണയും മാറ്റിവച്ചു. ഈ മാസം 12ന് നടക്കേണ്ടിയിരുന്ന സിറ്റിങ് സാങ്കേതിക തടസ്സങ്ങൾ മൂലമാണു കോടതി ഇന്നത്തേക്കു മാറ്റിയത്. ഇന്നു രാവിലെയായിരുന്നു സിറ്റിങ് നിശ്ചയിച്ചിരുന്നത്.
യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് റാഷദ് അൽ–അലിമി അനുമതി നൽകി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണു ശിക്ഷ നടപ്പാക്കുന്നത് എന്നാണു വിവരം.
സ്ത്രീധന പീഡനത്തെത്തുടർന്നു ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ (24) ജീവനൊടുക്കിയ കേസിൽ ഭർത്താവ് എസ്.കിരൺകുമാറിന് (31) പരോൾ അനുവദിച്ചു. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ജയിൽ വകുപ്പ് പരോൾ അനുവദിച്ചത്. ആദ്യം നൽകിയ അപേക്ഷയിൽ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും കിരണിന് എതിരായിരുന്നു.
ഉമാ തോമസ് എംഎൽഎ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് വീണ് അപകടംപറ്റിയ സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്ഐആർ. സ്റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്ന് എഫ്ഐആറിൽ പറയുന്നു. സ്റ്റേജ് കെട്ടിയവർക്കും പരിപാടിയുടെ സംഘാടകർക്കും എതിരെ കേസെടുത്തിട്ടുണ്ട്.
യുഎസ് മുൻ പ്രസിഡന്റും നൊബേൽ പുരസ്കാരജേതാവുമായ ജിമ്മി കാർട്ടർ (100) അന്തരിച്ചു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റാണ്. കാൻസറിനെ അതിജീവിച്ച അദ്ദേഹം കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു. ജനുവരി 9ന് രാജ്യവ്യാപകമായി ദുഃഖാചരണം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.