ADVERTISEMENT

കൊച്ചി∙ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽനിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സ തുടരും. ആന്തരിക രക്തസ്രാവം കൂടിയിട്ടില്ല. ശ്വാസകോശത്തിലെ ചതവുകൾ കൂടിയിട്ടുണ്ട്. തലയിലെ മുറിവിൽനിന്ന് ധാരാളം രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്നു രാവിലെ നടത്തിയ സിടി സ്കാനിൽ തലയുടെ പരുക്ക് കൂടുതൽ ഗുരുതരമായിട്ടില്ല എന്നു കണ്ടെത്തി. അതേസമയം, ശ്വാസകോശത്തിനേറ്റ ചതവും അവിടെ രക്തം കെട്ടിക്കിടക്കുന്നതുമാണ് ആശങ്കയുണ്ടാക്കുന്നത്. 

ശ്വാസകോശത്തിനേറ്റ ചതവ് ഭേദമായാൽ മാത്രമേ ശരീരത്തിലെ മറ്റ് അവയവങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിനു വിശ്രമം അനുവദിക്കുന്നതിനു കൂടിയാണ് വെന്റിലേറ്റർ സൗകര്യം ഉപയോഗിച്ചിരിക്കുന്നത്. നാളെ വെന്റിലേറ്റർ മാറ്റി നോക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിന്റെ ചതവ് ഭേദമാകുന്നതിനായി ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്. വീഴ്ചയിൽ ശ്വാസകോശത്തിന് ചതവു പറ്റുകയും മൂക്കിൽനിന്നും വായിൽനിന്നുമുള്ള ചോര ശ്വാസകോശത്തിൽ എത്തുകയുമായിരുന്നു. ശ്വാസകോശത്തിന്റെ ഒരു ഭാഗത്ത് കട്ടപിടിച്ചു കിടന്ന ചോര ഇന്നലെ നീക്കം ചെയ്തെന്നു ഡോക്ടർമാർ പറഞ്ഞു. ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണഗതിയിലേക്ക് കൊണ്ടുവരികയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് ശരിയായാൽ മാത്രമേ തലച്ചോറിന്റെ പരുക്ക് അടക്കം പൂർണമായി ഭേദമാകൂ എന്നും ഡോക്ടർമാർ പറഞ്ഞു.

വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെങ്കിലും ശരീരത്തിൽ ഗുരുതരമായ മറ്റു പരുക്കുകളൊന്നും സ്കാനിങ്ങിൽ കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉടൻ തന്നെ മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധരെ അടക്കം സർക്കാർ കൊച്ചിയിലെ ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇവരുമായി കൂടി ചർച്ച ചെയ്താണ് ചികിത്സാരീതികൾ തീരുമാനിക്കുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ടു 12,000 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ വേദിയിലിരിക്കെയാണ് അപകടം. വീഴ്ചയിൽ തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതമേറ്റു. നട്ടെല്ലിനും പരുക്കുണ്ട്. വാരിയെല്ല് ഒടിഞ്ഞ് തറച്ചു കയറിയതിനെ തുടർന്ന് ശ്വാസകോശത്തിലും മുറിവുണ്ട്. 15 അടി ഉയരത്തിൽനിന്നാണ് ഉമ തോമസ് വീണത്.

English Summary:

Uma Thomas Helath Updates: Uma Thomas remains in critical condition. She is still on ventilator support, and while internal bleeding hasn't worsened, her recovery is ongoing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com