പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ട്; ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി
Mail This Article
കൊച്ചി∙ വെടിക്കെട്ടു നടത്തിപ്പിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ സ്ഫോടകവസ്തു ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി ചോദ്യം ചെയ്ത് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജികൾ ഹൈക്കോടതി വിധി പറയാനായി മാറ്റി. കേരളത്തിൽ നിലനിൽക്കുന്ന തദ്ദേശീയമായ പരമ്പരാഗത വെടിക്കെട്ടുകൾ തുടച്ചു നീക്കുകയെന്ന ലക്ഷ്യമാണു വിജ്ഞാപനത്തിനു പിന്നിലെന്ന ആശങ്കയുണ്ടെന്നായിരുന്നു ഹർജിക്കാരുടെ വാദം. ജസ്റ്റിസ് പി.എം. മനോജാണു ഹർജി പരിഗണിച്ചത്.
കേന്ദ്രസർക്കാർ വിജ്ഞാപനത്തിലെ പുതിയ നിർദേശങ്ങൾ ചൂണ്ടിക്കാട്ടി പാറമേക്കാവ്, തിരുവമ്പാടി വേല എഴുന്നള്ളിപ്പുകളിൽ വെടിക്കെട്ട് നടത്താൻ എഡിഎം അനുമതി നിഷേധിച്ചിരുന്നു. സ്ഫോടകവസ്തു നിയമത്തിനും 2008ലെ ചട്ടത്തിനും വിരുദ്ധമാണു വിജ്ഞാപനമെന്നും അതിനാൽ നിയമപരമായി അസാധുവാണെന്നു പ്രഖ്യാപിക്കണമെന്നുമാണു ഹർജിയിലെ ആവശ്യം. 2008ലെ സ്ഫോടക വസ്തു ചട്ടങ്ങൾക്കു വിരുദ്ധമാണു ഭേദഗതി വിജ്ഞാപനമെന്നും ഇത് പാലിക്കുക അസാധ്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.