12,000 പേരുടെ ഗിന്നസ് ‘മൃദംഗനാദം’ മേയറും മന്ത്രിയും അറിഞ്ഞില്ല; നിയമലംഘനത്തിന് ആരുടെ മൗനാനുവാദം?
Mail This Article
കൊച്ചി ∙ 12,000 നർത്തകരുൾപ്പെടെ 20,000ത്തിലേറെപ്പേർ തടിച്ചുകൂടിയ, ഗിന്നസ് റെക്കോർഡ് തിരുത്താൻ പോകുന്നുവെന്ന് പ്രഖ്യാപിച്ച പരിപാടി കൊച്ചിയിൽ നടത്തിയിട്ടും നഗരസഭാ മേയറെ ക്ഷണിക്കുന്നത് തലേന്നു മാത്രം. ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇത്തരമൊരു പരിപാടി അറിഞ്ഞത് സ്ഥലം എംഎൽഎ വീണ് ഗുരുതര പരുക്കേറ്റ ശേഷം. സുരക്ഷാവീഴ്ചയും സംഘാടനത്തിലെ പിഴവും ചട്ടലംഘനങ്ങളുമൊക്കെ ആരോപിക്കപ്പെടുന്ന പരിപാടിയെയും സംഘാടകരെയും മൂടി നിൽക്കുന്നത് അടിമുടി ദുരൂഹത.
‘മൃദംഗനാദം’ പരിപാടിയിലെ സുരക്ഷാവീഴ്ച മൂലം ഉമ തോമസ് എംഎല്‍എ വേദിയിൽനിന്ന് താഴേക്കു വീണ് ഗുരുതര പരുക്കേറ്റതോടെയാണ് അനുമതി ഇല്ലാതെയാണ് സ്റ്റേജ് നിർമിച്ചതെന്ന കാര്യം പോലും സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ ‘അറിഞ്ഞത്’. അനുമതി ഇല്ലാതെ നിർമിച്ച ഈ വേദിയിൽ ഉണ്ടായിരുന്നവരുടെ കൂട്ടത്തിൽ ജിസിഡിഎ ചെയർമാനും സിപിഎം നേതാവുമായ കെ.ചന്ദ്രൻ പിള്ളയും ഉണ്ടായിരുന്നു. നിലവിളക്ക് കൊളുത്താനായി മാത്രം എന്ന പേരിലാണ് സംഘാടകർ സ്റ്റേജ് നിർമിച്ചത് എന്നായിരുന്നു ആദ്യ വാദം. എന്നാൽ സാംസ്കാരിക മന്ത്രിയും സ്ഥലം എംപിയും എംഎൽഎയും സിറ്റി പൊലീസ് കമ്മിഷണറും ജിസിഡിഎ ചെയർമാനുമെല്ലാം പങ്കെടുത്ത സമയത്തൊന്നും ആരുടെയും കണ്ണിൽ ഈ നിയമലംഘനം പെട്ടില്ല എന്നതാണ് ശ്രദ്ധേയം.
നഗരസഭാ മേയർ എം.അനിൽ കുമാറിനെ സംഘാടകർ പരിപാടിക്ക് ക്ഷണിച്ചത് തലേന്നാണ്. സംഘാടകർ ക്ഷണിക്കാൻ വരുന്ന കാര്യം ചന്ദ്രൻ പിള്ളയാണു വിളിച്ചു പറഞ്ഞതെന്ന് അനിൽകുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. നഗരസഭാ മേയറെ ക്ഷണിക്കേണ്ടത് പരിപാടിയുടെ തലേന്ന് അല്ല എന്ന രീതിയിൽ താൻ സംഘാടകരോട് അനിഷ്ടം പ്രകടിപ്പിച്ചിരുന്നു എന്നും പരിപാടിക്ക് പോയില്ല എന്നും അനിൽ കുമാർ വ്യക്തമാക്കി. ഇത്തരത്തിലൊരു പരിപാടി നടക്കുന്ന കാര്യവും നഗരസഭയെ അറിയിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.
നൃത്തപരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരോട് പണം പിരിച്ച കാര്യവും മറച്ചുവച്ചു. ഈ പരിപാടിയുടെ വിനോദനികുതി സംഘാടകർ അടയ്ക്കേണ്ടതായിരുന്നു എന്നും ഇത് ഈടാക്കാൻ നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. താൻ ഇത്തരമൊരു പരിപാടി നടക്കുന്ന കാര്യം പോലും അറിഞ്ഞിരുന്നില്ലെന്നാണ് കളമശേരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി പി.രാജീവ് പറഞ്ഞത്. ഉമ തോമസ് അപകടത്തിൽപ്പെട്ടതിനു പിന്നാലെ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു രാജീവിന്റെ പ്രതികരണം. എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് രാജീവ്.
പൊലീസ് കേസെടുത്തതിനു പിന്നാലെ, സംഘാടകരായ മൃദംഗവിഷൻ എംഡി വയനാട് മേപ്പാടി സ്വദേശി എം.നിഘോഷ് കുമാർ, പരിപാടിയുടെ നടത്തിപ്പുകാരായ ഇവന്റ് മാനേജ്മെന്റ് കമ്പനി ഓസ്കർ ഇവന്റ് മാനേജ്മെന്റിന്റെ പ്രൊപ്രൈറ്റർ ജനീഷ്.പി.എസ് എന്നിവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നേരത്തേ പ്രതികൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന ചെറിയ വകുപ്പുകൾ ചുമത്തിയത് വിവാദമായിരുന്നു. തുടർന്നു ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തി. ഇവരോടു കീഴടങ്ങാൻ കോടതി നിർദേശിച്ചു.