ADVERTISEMENT

കൊച്ചി∙ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ കണ്ണ് തുറന്നു. കാലു ചലിപ്പിക്കാനും കയ്യിൽ മുറുകെ പിടിക്കാനും പറഞ്ഞപ്പോൾ അനുസരിച്ചു. ട്യൂബിട്ടതിനാൽ സംസാരിക്കാൻ കഴിയില്ല. തലച്ചോറിലെ ക്ഷതങ്ങളിൽ പുരോഗതിയുണ്ട്. ശ്വാസകോശത്തിലെ പരുക്കാണ് വെല്ലുവിളി. എക്സ്റേയിൽ നേരിയ പുരോഗതിയുണ്ട്.

വാരിയെല്ല് പൊട്ടിയതിനാൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. ശ്വാസകോശത്തിലെത്തിയ രക്തം ഇനിയും പൂർണമായി മാറ്റാനായിട്ടില്ല. അത് ആന്റിബയോട്ടിക്കിലൂടെ മാറ്റണം. ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിൽനിന്ന് മാറ്റി 24 മണിക്കൂർ കഴിഞ്ഞാലേ ഗുരുതരാവസ്ഥയിൽനിന്ന് മാറി എന്നു പറയാൻ കഴിയൂ എന്നും ഡോക്ടർമാർ പറഞ്ഞു.

ഡിസംബർ 29നായിരുന്നു അപകടം. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ലോക റെക്കോർഡ് ലക്ഷ്യമിട്ടു 11,600 നർത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് അപകടം. ഉമ തോമസ് എംഎൽഎ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ ഇന്നലെ അറിയിച്ചിരുന്നു. ശ്വാസകോശത്തിനേറ്റ പരുക്കു ഗുരുതരമായതിനാൽ കൂടുതൽ ദിവസം വെന്റിലേറ്റർ ചികിത്സ വേണ്ടി വന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. 

മസ്തിഷ്കത്തിലെ പരുക്കുകൾ ഗുരുതരമല്ലെന്നത് ആശ്വാസമാണ്. ശ്വാസകോശത്തിലെ ചതവും രക്തസ്രാവവുമാണു വെല്ലുവിളിയെന്നു റിനൈ മെഡിസിറ്റി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. മൂക്കിലെ എല്ലിനും വാരിയെല്ലുകൾക്കും നട്ടെല്ലിനും ഒടിവുണ്ട്. കോട്ടയം ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വിദഗ്ധോപദേശവും ചികിത്സയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്.

English Summary:

Uma Thomas MLA Health Updates: Uma Thomas, injured in a fall at Kalur Stadium, shows signs of improvement, opening her eyes and moving limbs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com