മക്കൾ രാഷ്ട്രീയത്തിന്റെ മൂന്നാം തലമുറ; ഉദയനിധി മുതൽ പ്രജ്വൽ വരെ, വാഴ്ചയും വീഴ്ചയും കണ്ട 2024
Mail This Article
ചെന്നൈ ∙ മക്കൾ രാഷ്ട്രീയത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല ഇന്ത്യ. ദക്ഷിണേന്ത്യയിൽ മക്കൾ രാഷ്ട്രീയം മൂന്നാം തലമുറയിലേക്ക് കടന്നിരിക്കുകയാണ്. മക്കൾ രാഷ്ട്രീയത്തിന്റെ വാഴ്ചയും വീഴ്ചയും കണ്ട വർഷം കൂടിയാണ് 2024. കരുണാനിധി കുടുംബത്തിലെ മൂന്നാം തലമുറക്കാരനായ ഉദയനിധി തമിഴ്നാട് ഉപമുഖ്യമന്ത്രിയായതും ദേവഗൗഡ കുടുംബത്തിലെ മൂന്നാം തലമുറക്കാരൻ പ്രജ്വൽ രേവണ്ണ ലൈംഗിക അതിക്രമ കേസുകളിൽ അറസ്റ്റിലായതും മക്കൾ രാഷ്ട്രീയത്തിന്റെ ദക്ഷിണേന്ത്യൻ ഏടുകളിൽ ചിലതാണ്.
ഉദിച്ചുയർന്ന് ഉദയനിധി
തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ കണ്ട വർഷമായിരുന്നു 2024. ഇതിൽ എടുത്തു പറയേണ്ടത് കരുണാനിധിയുടെ കൊച്ചു മകനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധിയെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി നിയമിച്ചതാണ്. സ്റ്റാലിൻ സർക്കാർ അധികാരത്തിൽ എത്തിയ 2021ൽ എംഎൽഎ മാത്രമായിരുന്ന ഉദയനിധി അപ്രതീക്ഷിതമായാണ് പിന്നീട് മന്ത്രിസഭയിലേക്ക് എത്തുന്നത്; കായിക – യുവജനക്ഷേമ വകുപ്പിന്റെ ചുമതലയുമായി. സനാതന ധർമത്തെപ്പറ്റി ഉദയനിധി നടത്തിയ പരാമർശം വിവാദമായപ്പോൾ ബിജെപി കടുത്ത വിമർശനമുയർത്തിയെങ്കിലും പറഞ്ഞതിൽനിന്നു പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു കരുണാനിധി കുടുംബത്തിലെ ഇളമുറക്കാരൻ. അത്തരം വിമർശനങ്ങളെ ചവിട്ടുപടിയാക്കി തമിഴ്നാട് രാഷ്ട്രീയത്തിൽ ഉയരങ്ങൾ ലക്ഷ്യമിടുന്ന യുവനേതാവിനെയാണ് പിന്നീട് കണ്ടത്.
അതിനു പിന്നാലെ വന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉദയനിധിയെ മുന്നിൽ നിർത്തിയുള്ള പ്രചാരണമായിരുന്നു ഡിഎംകെ നടത്തിയത്. ഫലം പ്രഖ്യാപിച്ചപ്പോൾ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഉള്ള 40 സീറ്റുകളും ഇന്ത്യാ മുന്നണി സ്വന്തമാക്കി. ഇതോടെ ‘സ്റ്റാലിന്റെ മകൻ’ എന്ന വിശേഷണത്തിന്റെ നിഴലിൽനിന്ന് ഉദിച്ചുയരുന്ന ഉദയനിധിയെയാണ് തമിഴ്നാട് കണ്ടത്. പാർലമെന്റ് തിരഞ്ഞെടുപ്പിലെ ‘വൈറ്റ് വാഷ്’ പ്രകടനത്തോടെ ഉപമുഖ്യമന്ത്രി പദത്തിലേക്കുള്ള ഉദയനിധിയുടെ വഴി തുറക്കുകയായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും ഉദയനിധി എന്ന യുവനേതാവിനെ വളർത്തിയെടുക്കാൻ ഡിഎംകെയെ പ്രേരിപ്പിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉദയനിധി എന്ന യുവനേതാവിന്റെ അങ്കം കുറിക്കലാകും.
ദേവഗൗഡ കുടുംബത്തിലെ ‘പുകഞ്ഞ കൊള്ളി’
ദേവഗൗഡ കുടുംബത്തിനും രാജ്യത്തിനും നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു പ്രജ്വൽ രേവണ്ണ പ്രതിയായ ലൈംഗിക അതിക്രമ കേസ്. ലോക്സഭാ തിരഞ്ഞെടുപ്പു സമയത്ത് പ്രജ്വൽ ഉൾപ്പെട്ട അശ്ലീല വിഡിയോകള്‍ പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്കു തുടക്കമാകുന്നത്. പിന്നാലെ ഒട്ടേറെ സ്ത്രീകൾ പ്രജ്വലിനെതിരെ രംഗത്തെത്തി. യുവതികൾ മുതൽ മധ്യവയസ്കർ വരെ പ്രജ്വലിന്റെ ലൈംഗികാതിക്രമത്തിന് ഇരയായിരുന്നു.
ഇതിനിടെ, ഇരയായ യുവതിയുടെ അമ്മയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻപ്രധാനമന്ത്രി ദേവഗൗഡയുടെ വസതിയിൽനിന്നു നാടകീയ രംഗങ്ങൾക്കൊടുവിലായിരുന്നു രേവണ്ണയുടെ അറസ്റ്റ്. അതേസമയം വിവാദങ്ങൾക്കിടെ പ്രജ്വൽ ജർമനിയിലേക്ക് കടന്നത് ബിജെപിയെ പ്രതിക്കൂട്ടിലാക്കി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഹാസനിലെ എൻഡിഎ സ്ഥാനാർഥി കൂടിയായിരുന്ന പ്രജ്വലിന്റെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നതു ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ജെഡിഎസിന്റെ സിറ്റിങ് സീറ്റിൽ പ്രജ്വൽ പരാജയപ്പെട്ടു. ഇന്ത്യയിലേക്ക് തിരികെ എത്തിയ പ്രജ്വലിനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.
ദേവഗൗഡയുടെ പിൻഗാമിയാകുമോ നിഖിൽ?
പ്രജ്വൽ രേവണ്ണയും എച്ച്.ഡി.രേവണ്ണയും ഉണ്ടാക്കിയ മാനക്കേടിൽനിന്നു ദേവഗൗഡ കുടുംബത്തിനെയും ജെഡിഎസിനെയും ഇനി രക്ഷിക്കുക നിഖിൽ കുമാരസ്വാമിയാണ്. 2016 മുതൽ രാഷ്ട്രീയത്തിൽ സജീവമാണ് നിഖിൽ കുമാരസ്വാമി. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റതോടെ ജെഡിഎസിൽ നിഖിലിന്റെ താരപ്രഭയ്ക്ക് മങ്ങലേറ്റിരുന്നു. ഇതോടെ ദേവഗൗഡയുടെ പിൻഗാമിയായി പ്രജ്വലിനെ പ്രവർത്തകർ ഏറ്റെടുത്തു. പക്ഷേ ഇതിനു പിന്നാലെയാണ് പ്രജ്വലിനെതിരെ ലൈംഗിക അതിക്രമ കേസ് ഉയർന്നത്. ഇതോടെ ദേവഗൗഡ കുടുംബത്തിലെ മൂന്നാം തലമുറക്കാരനും മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമി ജെഡിഎസിന്റെ ഭാവി നേതാവായി ഉയർത്തപ്പെട്ടു.
മറുകണ്ടം ചാടി; തോറ്റ് അനിൽ ആന്റണി
മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ ആന്റണിയുടെ മകന്‍ അനിൽ ആന്റണി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു. പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അനില്‍ ആന്റണിയെ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയാക്കി. എന്നാൽ വലിയ പരാജയമായിരുന്നു അനിലിന് നേരിടേണ്ടി വന്നത്. കോൺഗ്രസിനും സിപിഎമ്മിനും പിന്നിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു അനിൽ ആന്റണിക്ക്.
സുഷമയുടെ ഓർമയിൽ ബാംസുരി; ഷിൻഡെയുടെ പിൻഗാമിയായി ശ്രീകാന്ത്
അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകള്‍ ബാംസുരിയുടെ ഉദയവും 2024ൽ കണ്ടു. ന്യൂഡല്‍ഹി മണ്ഡലത്തില്‍നിന്ന് നാലു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബാംസുരി ജയിച്ചു കയറിയത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ കല്യാണ്‍ മണ്ഡലത്തില്‍നിന്ന് രണ്ടരലക്ഷത്തിനുമേല്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. ഷിൻഡെയുടെ പിൻഗാമിയായി ശിവസേനയിൽ ശ്രീകാന്ത് വളരുകയാണെന്നാണ് റിപ്പോർട്ടുകൾ.
റെസ്‌ലിങ് ഫെഡറേഷന്റെ മുന്‍ അധ്യക്ഷനും ലൈംഗികാരോപണ വിധേയനുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകന്‍ കരണ്‍ ഭൂഷണ്‍ സിങ് ഉത്തര്‍പ്രദേശിലെ കൈസെര്‍ഗഞ്ചില്‍നിന്ന് അഞ്ചു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് ബ്രിജ്ഭൂഷണിന് സീറ്റ് ലഭിക്കാതിരുന്നത്. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ പെണ്‍മക്കള്‍ രണ്ടുപേര്‍ക്കും രണ്ടു വിധിയാണ് നേരിടേണ്ടിവന്നത്. പാടലിപുത്രയില്‍ മത്സരിച്ച മിസ ഭാരതി വിജയിച്ചപ്പോള്‍ മറ്റൊരു മകള്‍ രോഹിണി ആചാര്യ, സരണ്‍ സീറ്റില്‍ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടു. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ മകന്‍ വൈഭവ് ഗലോട്ട് രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് ജലോറിൽ ബിജെപിയുടെ ലുംബറാമിനോട് പരാജയപ്പെട്ടത്.