ADVERTISEMENT

കൊച്ചി∙ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യം സംബന്ധിച്ച് പോസിറ്റീവായ സൂചനകളാണ് ഡോക്ടര്‍മാരില്‍നിന്നു ലഭിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അണുബാധ ഒഴിവാക്കുന്നതിന്റെ ഭാഗമായി മക്കള്‍ അല്ലാതെ ആരെയും കാണാന്‍ അനുവദിച്ചിട്ടില്ല. 

കലൂര്‍ സ്‌റ്റേഡിയത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന് പൊലീസ് സമ്മതിച്ചിട്ടുണ്ട്. ജിസിഡിഎയിലെ എന്‍ജിനീയറിങ് വിഭാഗവും പൊലീസും സുരക്ഷാ പരിശോധന നടത്തണമായിരുന്നു. കളമശേരി കുസാറ്റിലെ അപകടത്തിലും പൊലീസിന്റെ അനാസ്ഥയുണ്ടായിരുന്നു. അത് കലൂരും ആവര്‍ത്തിച്ചു.

സംഘാടകര്‍ ആളുകളെ കബളിപ്പിച്ച് പണം വാങ്ങുകയായിരുന്നു. പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിക്കുന്നില്ല. പൊലീസിനും ജിസിഡിഎയ്ക്കും സംഘാടകര്‍ക്കും സുരക്ഷാവീഴ്ചയില്‍ പങ്കുണ്ട്. ഇത്രയും വലിയ അപകടം സംഭവിച്ചത് സുരക്ഷാ വീഴ്ചയെ തുടര്‍ന്നാണെന്ന് എല്ലാവര്‍ക്കും ബോധ്യമായതാണ്. ഒരു സുരക്ഷാ വീഴ്ചയും ഇല്ലെന്നാണ് മന്ത്രി സജി ചെറിയാന്‍ പറയുന്നതെങ്കില്‍ പിന്നെ എന്തിനാണ് അന്വേഷണം പ്രഖ്യാപിച്ചത്?

ആരെ പറ്റിക്കാനാണ് അന്വേഷണം നടത്തുന്നത് ? മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി ആണെങ്കില്‍ ഇങ്ങനെ ആയിരിക്കുമോ സുരക്ഷ ? മുഖ്യമന്ത്രിയുടെ പരിപാടിയുടെ സുരക്ഷ മാത്രം പൊലീസ് ഉറപ്പു വരുത്തിയാല്‍ മതിയോ ? ഇത്രയും ആളുകള്‍ പങ്കെടുക്കുന്ന പരിപാടി ആയിട്ടും സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തയാറായില്ല. പരിപാടി സംഘടിപ്പിച്ചവര്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് സംഘാടകരെ സംരക്ഷിക്കാന്‍ മന്ത്രി ഇറങ്ങിയിരിക്കുന്നത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഒരു സുരക്ഷാ വീഴ്ചയും ഇല്ലെന്ന് ഒരു മന്ത്രി പറയാന്‍ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥരാണ് അത് പരിശോധിക്കേണ്ടത്. മന്ത്രിയുടെ എടുത്തുചാടിയുള്ള പ്രതികരണം സംഘാടകരെ രക്ഷിക്കുന്നതിനു വേണ്ടിയാണ്.

കായിക ആവശ്യത്തിനു വേണ്ടിയാണ് കെ.കരുണാകരന്‍ സര്‍ക്കാര്‍ സ്‌റ്റേഡിയം കൊണ്ടുവന്നത്. പണം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് കായികേതര ആവശ്യങ്ങള്‍ക്കും സ്റ്റേഡിയം വിട്ടുനല്‍കാന്‍ ജിസിഡിഎ ഏകപക്ഷീയമായി തീരുമാനിച്ചത്. അതും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. അത്തരം പരിപാടികള്‍ക്ക് വിട്ടു നല്‍കുമ്പോള്‍ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും സതീശൻ പറഞ്ഞു.

English Summary:

Uma Thomas Fall: Uma Thomas's fall at stadium raises questions about security lapses and alleged political cover-up. Opposition leader V.D. Satheesan accuses Saji Cherian of protecting event organizers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com