നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും 2024; വായനക്കാർ തിരഞ്ഞെടുത്ത വാർത്താസംഭവം ഇതാണ്
Mail This Article
സംഭവബഹുലമായ ഒരു വർഷമാണ് കടന്നുപോകുന്നത്. നേട്ടങ്ങളും അതിനേക്കാളേറെ നഷ്ടങ്ങളും കണ്ട ഒരാണ്ട്. കേരളത്തിനുമുണ്ട്, പോയ വർഷത്തെപ്പറ്റി സങ്കടത്തിന്റെ നനവും സന്തോഷത്തിന്റെ പ്രകാശവുമുള്ള ഓർമകൾ.
മാധ്യമങ്ങളുടെ പ്രധാന തലക്കെട്ടായ വാർത്തകൾ ഏറെയുണ്ടായിരുന്നു 2024ൽ. അതിൽ ‘പ്രധാന വാർത്തയായി നിങ്ങൾക്കു തോന്നിയതെന്ത്?’ എന്ന് മനോരമ ഓൺലൈൻ സമൂഹമാധ്യമങ്ങളിലൂടെ വായനക്കാരോടു ചോദിച്ചപ്പോൾ കിട്ടിയ ഉത്തരങ്ങളിൽ മലയാളത്തിന്റെ എംടിയുടെ വിയോഗം, കേരളത്തിന്റെ നെഞ്ചുലച്ച ഉരുൾപൊട്ടൽ ദുരന്തം, തിരഞ്ഞെടുപ്പുകൾ, പി.സരിന്റെയും സന്ദീപ് വാരിയരുടെയും കൂറുമാറ്റങ്ങൾ, ഇ.പി.ജയരാജനെച്ചുറ്റിയുയർന്ന കൂടിക്കാഴ്ച– ആത്മകഥ വിവാദങ്ങൾ, പിണറായി സർക്കാരിനെതിരായ ആരോപണങ്ങൾ, ഹേമ കമ്മിറ്റി റിപ്പോർട്ട്, അതിനു പിന്നാലെയുണ്ടായ അറസ്റ്റുകൾ, പാലക്കാട്ടെ നീല ട്രോളിബാഗ് വിവാദം, ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചിൽ എന്നിവയാണ് മുന്നിലെത്തിയത്. ഫെയ്സ്ബുക്, ഇൻസ്ഗ്രാം എന്നിവയിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുത്തത് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമാണ്.
മുണ്ടക്കൈ– ചൂരൽമല ഉരുൾപൊട്ടൽ
ജൂലൈ 30ന് പുലർച്ചെയാണ് വയനാട്ടിലെ ചൂരൽമല– മുണ്ടക്കൈ എന്നിവിടങ്ങളിൽ ഉരുൾപൊട്ടിയത്. 420 ലേറെ പേർക്കു ജീവൻ നഷ്ടമായി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തത്തിനായിരുന്നു വയനാട് സാക്ഷ്യം വഹിച്ചത്. മനോഹരമായ ഗ്രാമം വെറും മൺകൂനയായി മാറിയ ഹൃദയഭേദകമായ കാഴ്ചയിൽ കേരളക്കര നടുങ്ങിനിന്നു.
ദിവസങ്ങളോളം ദേശീയ ദുരന്തനിവാരണ സേനയും ഇന്ത്യൻ സൈന്യവും പൊലീസും വനംവകുപ്പും നാട്ടുകാരുമൊക്കെച്ചേർന്നു നടത്തിയ തിരച്ചിലിലാണ് മണ്ണിനടിയിൽ പുതഞ്ഞുപോയ ശരീരങ്ങൾ പുറത്തെടുത്തത്. സർക്കാർ ഇതുവരെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 298 പേരാണ് മരിച്ചത്. 44 പേരെ കാണാതായി. 170 പേരുടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. 84 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. മുണ്ടക്കൈ–ചൂരൽമല ഭാഗത്തുനിന്നും 151 മൃതദേഹങ്ങളും 45 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. നിലമ്പൂർ ഭാഗത്തു നിന്ന് 80 മൃതദേഹങ്ങളും 178 ശരീരഭാഗങ്ങളും കിട്ടി. മരിച്ച 254 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ നിൽക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.