10 ദിവസത്തെ പ്രയത്നം വിഫലം, ചേതനയറ്റ് ചേതന; കുഴൽക്കിണറിൽ വീണ 3 വയസ്സുകാരി മരിച്ചു
Mail This Article
ജയ്പുർ∙ പത്തുദിവസം കോട്പുത്‌ലി രാവും പകലും പ്രയത്നിച്ചെങ്കിലും ചേതനയെ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ കോട്പുത്‌ലിയിൽ കുഴൽക്കിണറിൽ വീണ ചേതനയെന്ന മൂന്നുവയസ്സുകാരി മരിച്ചു. 10 ദിവസം മുൻപ് കുഴൽക്കിണറിൽപ്പെട്ട ചേതനയെ ബുധനാഴ്ച രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്പുത്‌ലിയിലെ കിരാട്പുര ഗ്രാമത്തിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. ഡിസംബർ 23നായിരുന്നു സംഭവം. അച്ഛന്റെ കൃഷിയിടത്തിലെത്തിയ കുട്ടി ഇവിടെ കളിക്കുന്നതിനിടെ തുറന്നുകിടന്നിരുന്ന കുഴൽക്കിണറിൽ വീഴുകയായിരുന്നു.
കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനയും മെഡിക്കൽ സംഘങ്ങളും അന്നുമുതൽ കുട്ടിയെ രക്ഷിക്കാനാനുള്ള പ്രയത്നത്തിലായിരുന്നു. ആദ്യം വടത്തിൽ ഇരുമ്പ് കൊളുത്ത് ഘടിപ്പിച്ചുള്ള ഹുക് ടെക്നിക് മാർഗം കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കിണറിന് സമീപം 170 അടി താഴ്ചയിൽ തുരങ്കം നിർമിച്ച് ചേതനയെ രക്ഷിക്കാനായിരുന്നു ശ്രമം. എന്നാൽ ആദ്യ തവണ തുരങ്കം നിർമിച്ചത് തെറ്റായ ദിശയിലായതിനാൽ രക്ഷാപ്രവർത്തനം മുടങ്ങി.
ഇത്തരത്തിൽ അഞ്ചുതവണ പരാജയപ്പെട്ടതിനുശേഷമാണ് ബുധനാഴ്ച കുട്ടിയെ രക്ഷാസംഘം പുറത്തെടുത്തത്. എന്നാൽ ശ്വാസം നിലച്ച് ചലനമറ്റ നിലയിലായിരുന്നു കുഞ്ഞ്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി കുഞ്ഞിന് ഓക്സിജൻ ലഭ്യമാക്കാനോ ഭക്ഷണമെത്തിക്കാനോ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല.