‘ലക്ഷ്യങ്ങൾ കൈവരിക്കാൻ പുതിയ വഴി തിരഞ്ഞെടുക്കണം’: പാർലമെന്റ് അംഗത്വം രാജിവച്ച് ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ്
Mail This Article
ജറുസലം∙ ഇസ്രയേൽ മുൻ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പാർലമെന്റ് അംഗത്വം രാജിവച്ചു. "യുദ്ധഭൂമിയിലെന്നപോലെ, പൊതു സേവനത്തിലും, ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിലയിരുത്തലുകൾ നടത്തി ഒരു വഴി തിരഞ്ഞെടുക്കേണ്ട നിമിഷങ്ങളുണ്ട്" – ഗലാന്റ് ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രയേലിൽ പലസ്തീൻ സായുധ സംഘടന ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേൽ നടത്തുന്ന പ്രതികാര നടപടിയെച്ചൊല്ലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ ഗലാന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതേ തുടർന്ന് ഗലാന്റ് സ്വതന്ത്ര നിലപാട് സ്വീകരിച്ചുവരികയായിരുന്നു.
2023 മാർച്ചിൽ, സുപ്രീംകോടതിയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ഗലാന്റിനെ മന്ത്രിസഭയിൽ നിന്നു പുറത്താക്കാൻ നീക്കങ്ങൾ നടന്നെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് നെതന്യാഹു പിൻമാറുകയായിരുന്നു.
ഗാസ സംഘർഷത്തിൽ ആരോപിക്കപ്പെട്ട യുദ്ധക്കുറ്റങ്ങൾ ചൂണ്ടികാട്ടി ബെന്യാമിൻ നെതന്യാഹു, യൊയാവ് ഗലാന്റ്, ഹമാസ് പടത്തലവന്‍ മുഹമ്മദ് ദെയ്ഫ് എന്നിവർക്കെതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ചോദ്യം ചെയ്ത് ഇസ്രയേൽ രംഗത്തെത്തിയിരുന്നു.